KeralaLatest NewsNews

‘തിരുവനന്തപുരത്തിന്റെ ആരാധ്യയായ മേയർ കുമാരി ആര്യ രാജേന്ദ്രൻ അറിയുന്നതിന്’; വൈറൽ കുറിപ്പ്

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് റോബിൻ അലക്സ് പണിക്കരെഴുതിയ കുറിപ്പ് വൈറലാകുന്നു. സോഷ്യൽ മീഡിയയിലൂടെ നഗരത്തിലെ ഏതെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തന്നെ അപ്‌ഡേറ്റുകൾ നൽകുകയും വേണമെന്ന ഉപദേശമാണ് റോബിൻ നൽകുന്നത്. റോബിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

തിരുവനന്തപുരത്തിന്റെ ആരാധ്യയായ മേയർ കുമാരി ആര്യ രാജേന്ദ്രൻ അറിയുന്നതിന്.
തമ്പാനൂരിലെ മലിനജലവുമായി ബന്ധപ്പെട്ട് മാഡം നടത്തിയ ഇടപെടലുകളെ കുറിച്ചുള്ള പോസ്റ്റ് വായിച്ചു. തൽക്കാലത്തേക്കെങ്കിലും ആ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയതിന് നന്ദി അറിയിക്കുന്നു. ഈ പ്രശ്നത്തിൽ സോഷ്യൽ മീഡിയ നടത്തിയ ഇടപെടലുകളെ വിഷം ചീറ്റലായും പ്രഹസനമായും ചിത്രീകരിച്ചത് ശരിയായില്ല മാഡം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നതാണ് സോഷ്യൽ മീഡിയയിൽ ഈ വിഷയം ഏറ്റെടുത്തവരുടെ ‘പ്രശ്‍നം’ എന്ന് ആരോപിച്ചത് ഞെട്ടലോടെയാണ് ഞാൻ വായിച്ചത്. ഈ വിഷയത്തെ കുറിച്ച് ഒരു മാധ്യമത്തിലും ഒരു പോസ്റ്റും ഞാൻ നടത്തിയിട്ടില്ല എങ്കിലും പൊതുവെ തിരുവനന്തപുരത്തെ വിഷയങ്ങളിൽ താത്പര്യമുള്ള ആൾ എന്ന നിലയിൽ ആ ആരോപണം ശരിക്കും എന്നെ ഭയപ്പെടുത്തി. യുവത്വത്തിന്റെ പ്രതിനിധിയായ മാഡം വിമർശനങ്ങളെ അസഹിഷ്‌ണുതയോടെയാണ് കാണുന്നത് എന്നതാണ് ആ ഭയത്തിന് കാരണം.

Also Read:ചെങ്കോട്ടയിലെ അക്രമ സംഭവങ്ങളിൽ ദീപ് സിദ്ദുവിന് ജാമ്യം; പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്

നമ്മുടെ നഗരവും നഗരവാസികളും വിവരസാങ്കേതികകാര്യങ്ങളിൽ മുൻപന്തിയിൽ തന്നെയാണ്. വളരെ ആക്റ്റീവ് ആയി വിഷയങ്ങളിൽ, പ്രത്യേകിച്ച് നഗര വിഷയങ്ങളിൽ, ഇടപെടുന്ന ഒരു സോഷ്യൽ മീഡിയ സമൂഹം ഈ നഗരത്തിലുണ്ട്. ഇവിടെ തന്നെ ജനിച്ച് വളർന്നവർ, മറ്റ് നാടുകളിൽ നിന്ന് ഇവിടെ വന്ന് താമസിക്കുന്നവർ, ഇവിടെ വളർന്ന് ഇപ്പോൾ മറ്റ് നഗരങ്ങളിൽ താമസിക്കുന്നവർ, വിവിധ ജോലിയിലും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലും ഭാഗമായവർ, അങ്ങനെ വൈവിധ്യമേറിയ ഒരു സോഷ്യൽ മീഡിയ സമൂഹം ആണ് ഈ നഗരത്തിന്റേത്. ‘രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ’ എന്നത് ഒരു നേട്ടം തന്നെയാണ്. എന്നാൽ ‘രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ’ മാത്രമല്ല, ‘രാജ്യത്തെ ഏറ്റവും നല്ല മേയർ’ എന്ന നേട്ടവും മാഡം നേടുന്നതാണ് ഞങ്ങൾക്ക് കൂടുതൽ സന്തോഷം. ചില സിവിൽ സർവീസ് (മുൻ) ഉദ്യോഗസ്ഥർക്ക് അവരുടെ സർവീസ് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തതിനാൽ പണ്ട് പത്താം ക്ലാസിൽ റാങ്ക് മേടിച്ച കാര്യം ഇപ്പോഴും ഏക നേട്ടമായി ഉയർത്തിക്കാണിക്കുന്ന ഒരു രീതി ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ട്. അത് പോലെ കാലങ്ങൾ ഏറെ കഴിഞ്ഞാലും ‘രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ’ എന്ന ഏക നേട്ടത്തിലേക്ക് മാഡം ഒതുങ്ങരുത്. വിമർശനങ്ങളെ അസഹിഷ്ണുതയോടെയല്ല, മറിച്ച് ഈ നഗരത്തിന്റെ നന്മയാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്ന ബോധ്യത്തോടെ ആ വിമർശനങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തുകയാണ് വേണ്ടത്.

Also Read:പഞ്ചാബിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുന്നു; അക്കൗണ്ടിൽ വന്നത് ലക്ഷങ്ങൾ, താങ്ങുവില‍ നേരിട്ട് കൈമാറുന്ന രീതിക്ക് തുടക്കം

മാഡത്തിന്റെ മുൻഗാമികളുടെ കാലത്ത് സോഷ്യൽ മീഡിയയിലൂടെ അവർ നടത്തിയ ഇടപെടലുകൾ മാഡം ശ്രദ്ധിച്ച് കാണുമല്ലോ. അവരെയും സോഷ്യൽ മീഡിയ പലപ്പോഴും വിമർശിച്ചിട്ടുണ്ട്, ആ വിമർശനങ്ങളെ ഉൾക്കൊണ്ട് പലപ്പോഴും പരിഹാരങ്ങൾ അവർ നടത്തിയിട്ടുമുണ്ട്. നഗര വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നതിന് അവർ തന്നെ മുൻകൈ എടുത്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ മാഡത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഈ രീതി ഇത് വരെ കണ്ടിട്ടില്ല. നഗരവുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയങ്ങളാണ് മാഡം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഉദാഹരണത്തിന് ഈ മാസം നോക്കിയാൽ കഴിഞ്ഞ 14 ദിവസങ്ങളിൽ ഈ നഗരവുമായി ബന്ധപ്പെട്ട മൂന്ന് പോസ്റ്റുകൾ മാത്രമാണ് മാഡം ചെയ്തത്.

ഏപ്രിൽ ഒന്നാം തീയതി നഗരസഭയിൽ റിട്ടയർ ചെയ്യുന്നവർക്കുള്ള യാത്രയയപ്പിനെ കുറിച്ചും, പന്ത്രണ്ടാം തീയതി മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ആരംഭത്തെ കുറിച്ചും, പിന്നെ തമ്പാനൂരിലെ മലിനജല പ്രശ്നത്തെ കുറിച്ചുള്ള ഇന്നത്തെ പോസ്റ്റും. കഴിഞ്ഞ പതിനാല് ദിവസം ആകെ ഈ മൂന്ന് കാര്യങ്ങൾ മാത്രമേ നടന്നുള്ളു എന്ന് ഞാൻ വിശ്വസിക്കില്ല. പക്ഷെ അവയൊന്നും ജനം അറിഞ്ഞിട്ടില്ല. അത് കൊണ്ട് നമ്മുടെ നഗരത്തിനായി മാഡം ദൈനംദിനേന നടത്തുന്ന ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ കൂടി ജനത്തെ അറിയിക്കണം. സോഷ്യൽ മീഡിയയിലൂടെ നഗരത്തിലെ ഏതെങ്കിലും പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തന്നെ അപ്‌ഡേറ്റുകൾ നൽകുകയും വേണം. ഒരുപാട് പ്രതീക്ഷകളാണ് ഈ നഗരത്തിന് മാഡത്തെ കുറിച്ച്. എല്ലാ ഭാവുകങ്ങളും നേരുന്നു.

https://www.facebook.com/rpanicker/posts/10219540605239353

shortlink

Related Articles

Post Your Comments

Related Articles


Back to top button