Latest NewsNewsIndiaInternational

വ്യാജവിസയിൽ ഏജന്റ് യുവാവിനെ ബ്രിട്ടനിലേക്കയച്ചു ; ക്രൂര മർദ്ദനത്തിനിരയായ യുവാവ് തിരിച്ചു വരാൻ പോലും കഴിയാതെ അവശനിലയിൽ

നല്ല ജീവിതം ആഗ്രഹിച്ച്‌ ബ്രിട്ടനിലെത്തിയ യുവാവിന് കിട്ടിയത് വംശീയാതിക്ഷേപവും ക്രൂരമർദ്ദനവും.
ആഡംബര കപ്പലുകളില്‍ ജോലിചെയ്ത പ്രവര്‍ത്തി പരിചയമുണ്ടായിരുന്ന തിരുവനന്തപുരം, വിഴിഞ്ഞം സ്വദേശിയായ യുവാവ്
കൂടുതല്‍ മെച്ചപ്പെട്ട ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു വിസ ഏജന്റുമായി കണ്ടുമുട്ടുന്നത്. യുവാവിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോകാം എന്നേറ്റ ഏജന്റ് ഇയാളില്‍ നിന്നും 5 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. നിരവധി വ്യാജരേഖകള്‍ ചമച്ചാണ് ഏജന്റ് യുവാവിന് വിസ തയ്യാറാക്കി നല്‍കിയത്.
ബ്രിട്ടനിലെത്തിയ ഉടനെ അതിര്‍ത്തി പൊലീസിനൊപ്പം ബ്രിട്ടീഷ് വിമാനത്താവള അധികൃതരും ഈ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്തു. തന്റെ അറിവില്ലായ്മയില്‍ പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ യുവാവിന്റെ പാസ്സ്പോര്‍ട്ട് പിടിച്ചുവച്ച അധികൃതര്‍ അയാളെ കൊണ്ട്, അഭയാര്‍ത്ഥി സ്റ്റാറ്റസിനുള്ള ചില അപേക്ഷാ ഫോമുകളില്‍ ഒപ്പിട്ടു വാങ്ങുകയുംചെയ്തു. അതിനുശേഷം അയാളെ വിട്ടയക്കുകയായിരുന്നു.

ഒരു ഉത്തരേന്ത്യന്‍ കുടുംബത്തോടൊപ്പം, ഏജന്റ് ഒരുക്കിയിരുന്ന സ്ഥലത്തേക്ക് എത്തിയ ഇയാള്‍ ഒരു ജോലിക്കായുള്ള ശ്രമം തുടര്‍ന്നു. നിത്യക്കൂലിയില്‍ ചില ജോലികള്‍ ലഭിച്ച അയാള്‍ അതുമായി ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ഒരു ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിന്തുടര്‍ന്നെത്തിയ ഒരു സംഘം ഇയാളെ മര്‍ദ്ദിച്ച്‌ അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ചു. സംഭവിച്ച കാര്യങ്ങള്‍ മുഴുവനായും ഇയാള്‍ക്ക് ഓര്‍മ്മയില്ല.
ബസ്സില്‍ യാത്രചെയ്യുമ്പോൾ ആരൊക്കെയോ പണം ചോദിച്ച്‌ തന്നെ സമീപിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു പിന്നീട് ബസ്സിറങ്ങി നടന്നപ്പോള്‍ ഇവര്‍ തന്നെ പിന്തുടര്‍ന്നതും ഇയാള്‍ക്ക് ഓര്‍മ്മയുണ്ട്. പിന്നീട് ബോധം വരുമ്പോള്‍ ഇയാള്‍ ഒരു തെരുവോരത്ത് കിടക്കുകയായിരുന്നു. ഇയാളെ കണ്ട ചില ഉത്തരേന്ത്യക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ബോധം തെളിഞ്ഞ ഇയാളെ പ്രഥമശുശ്രൂഷകള്‍ നല്‍കി വിട്ടയയ്ക്കുകയും ചെയ്തു.

അധികൃതരോട് തന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ മെയ്‌ 20 ന് വരാനായിരുന്നു പറഞ്ഞത്. എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹവും അതോടെ സാധിക്കാതെപോയി. ആക്രമണത്തെ തുടര്‍ന്നുണ്ടായ പരിക്കുകള്‍ നിമിത്തം ജോലി ചെയ്യാനാകാതെ പോയ ഇയാള്‍ക്ക് താമസിക്കാനും ഒരിടമില്ല. മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ അയാള്‍ തുടര്‍ചികിത്സയ്ക്കായി എന്‍ എച്ച്‌ എസ് ആശുപത്രിയില്‍ പ്രവേശിച്ചു. അവിടെ അയാള്‍ മലയാളി നഴ്സുമാരുടെ സംരക്ഷണത്തില്‍ സുഖപ്പെട്ടു വരികയാണ് ഇപ്പോൾ.
യൂണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയേഷണ്‍ ഇക്കാര്യം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സാധ്യമായ എല്ലാ സഹായങ്ങളും ഹൈക്കമ്മീഷണ്‍ വാഗ്ദാനം ചെയ്യുകയുംചെയ്തു. ഇയാളെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ അയയ്ക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button