Latest NewsIndia

‘വാക്‌സിന്‍ ഉല്‍പ്പാദനത്തിനായി അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തിന് അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തണം’

വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തുന്നതില്‍ അമേരിക്കയ്ക്ക് മേല്‍ കേന്ദ്രം സമര്‍ദ്ദം ചെലുത്തണം.

ന്യൂഡൽഹി; പൊതുമേഖലയിലുള്ള എല്ലാ മരുന്നുനിര്‍മ്മാണ കേന്ദ്രങ്ങളെയും വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു സിപിഐഎം പൊളിറ്റ്ബ്യൂറോ . താഴെ പറയുന്ന കാര്യങ്ങളാണ് പിബി പ്രസ്താവനയിലൂടെ കേന്ദ്രത്തോട് നടപ്പാക്കാൻ ആവശ്യപ്പെടുന്നത്.
കടുത്ത ആരോഗ്യ അടിയന്തരാവസ്ഥ നിലവില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രം താഴെ പറയുന്ന കാര്യങ്ങളെങ്കിലും അടിയന്തരമായി നിറവേറ്റണം.

“പൊതുമേഖലയിലുള്ള മരുന്നുനിര്‍മ്മാണ യൂണിറ്റുകളെയെല്ലാം അടിയന്തരമായി വാക്സിന്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുക.തമിഴ്നാട്ടില്‍ 600 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സംയോജിത വാക്സിന്‍ സമുച്ചയം (ഐവിസി) ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത്തരത്തിലുളള എല്ലാ കേന്ദ്രങ്ങളുടെയും ശേഷി പരമാവധി ഉപയോഗപ്പെടുത്തി ഉല്‍പ്പാദനവും ആവശ്യകതയും തമ്മിലുള്ള അന്തരം നികത്തണം.

കൊവിഡ് പ്രതിരോധത്തിനായി ബജറ്റില്‍ നീക്കിവെച്ച 35000 കോടി രൂപ വാക്സിന്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കണം. വാക്സിന്റെ ലഭ്യതയും വിതരണവും സംബന്ധിച്ച്‌ പൊതുജനത്തിനിടയില്‍ ആശങ്കകളും സംശയങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലഭ്യതയും വിതരണവും സുതാര്യമാക്കണം.

അവശ്യമരുന്നുകളുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കണം. വാക്‌സിന്‍ ഉല്‍പ്പാദനത്തില്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തുന്നതില്‍ അമേരിക്കയ്ക്ക് മേല്‍ കേന്ദ്രം സമര്‍ദ്ദം ചെലുത്തണം.

നിലവിലെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയെ അര്‍ഹിക്കുന്ന എല്ലാ ഗൗരവത്തോടെയും കൈകാര്യം ചെയ്യണം. എല്ലാ ആള്‍ക്കൂട്ടങ്ങളും വലിയ വ്യാപനത്തിന് കാരണമാകാവുന്ന ചടങ്ങുകളും വിലക്കണം. ആളുകളെ കുറ്റപ്പെടുത്തിയും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മേല്‍ പഴിചാരിയുമുള്ള വിലകുറഞ്ഞ രാഷ്ട്രീയകളികള്‍ കേന്ദ്രം അവസാനിപ്പിക്കണം.

കോവിഡ് മഹാമാരിയെ മറികടക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചുപ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. വലിയ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കുന്ന നിലവിലെ വെല്ലുവിളിയെ നേരിടാന്‍ രാജ്യം ഒന്നായി ഉണര്‍ന്നുപ്രവര്‍ത്തിക്കണം” – പിബി പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button