KeralaLatest NewsNews

പിണറായി സർക്കാരിന് കടിഞ്ഞാണിട്ട് മോദി സർക്കാർ; ബെഹ്‌റയുടെ പിന്‍ഗാമിയെ ഇനി കേന്ദ്രം തീരുമാനിക്കും

നിയമനം കിട്ടുന്നയാള്‍ക്ക് ആറു മാസമെങ്കിലും സര്‍വീസ് ബാക്കിയുണ്ടാകണം.

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയെ ഇനി കേന്ദ്രം. കേന്ദ്ര പഴ്സണല്‍ മന്ത്രാലയം പുതിയ നിര്‍ദേശങ്ങള്‍ വച്ചതോടെ പുതിയ ഡി.ജി.പി നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കും. ഇതിനായി സാദ്ധ്യത പട്ടിക വിപുലമാക്കിയിരിക്കുകയാണ് ആഭ്യന്തര വകുപ്പ്. 12 ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ലിസ്റ്റ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഉടന്‍ കൈമാറും.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനുള്ള സര്‍വീസുണ്ടെന്നു കണ്ടെത്തിയ 12 ഉദ്യോഗസ്ഥരാണ് ലിസ്റ്റിലുള്ളത്. ഏറ്റവും അധികം സാധ്യതയുള്ള അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്കു പുറമേ, എ.ഡി.ജി.പി. റാങ്കിലുള്ള ബി. സന്ധ്യ (ഫയര്‍ ഫോഴ്സ് മേധാവി), അനില്‍ കാന്ത് (റോഡ് സേഫ്റ്റി കമ്മിഷണര്‍ ), നിതിന്‍ അഗര്‍വാള്‍ (കേന്ദ്ര ഡെപ്യൂട്ടേഷന്‍), എസ്. ആനന്ദകൃഷ്ണന്‍ (എക്സൈസ് കമ്മിഷണര്‍), കെ. പത്മകുമാര്‍ (ആംഡ് ബറ്റാലിയന്‍), ഷെയ്ക്ക് ദര്‍വേഷ് സാഹബ് (ഡയറക്ടര്‍, പോലീസ് അക്കാദമി), ഹരിനാഥ് മിശ്ര (കേന്ദ്ര ഡെപ്യൂട്ടേഷന്‍). രവത എ. ചന്ദ്രശേഖര്‍ (ഇന്റലിജന്‍സ് ബ്യൂറോ), ഡോ. സന്‍ജീബ് കുമാര്‍ പട്ജോഷി (ജോയിന്റ് സെക്രട്ടറി, പഞ്ചായത്തിരാജ് മന്ത്രാലയം, ഡല്‍ഹി) എന്നിവരാണു മറ്റുള്ളവര്‍. സുപ്രീം കോടതി വിധിയനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിച്ച്‌ യു.പി.എസ്.സിക്കു പട്ടിക സമര്‍പ്പിക്കണമെന്നാണ് പുതിയ ചട്ടം. എംപാനല്‍മെന്റ് സമിതി യോഗം ചേര്‍ന്നു തയാറാക്കുന്ന അന്തിമ പട്ടികയില്‍നിന്നു മൂന്നുപേരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കും. അവരിലൊരാളെ സംസ്ഥാന സര്‍ക്കാരിനു പൊലീസ് മേധാവിയായി നിയമിക്കാം.

Read Also: ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ് കോവിഡ് രോഗികൾ; ഓക്‌സിജന് കടുത്ത ക്ഷാമം; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ

30 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവരും ശിക്ഷണ നടപടികള്‍ക്കു വിധേയരാകാത്തവരുമായ ഐ.പി.എസുകാരെയാണു പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നത്. നിയമനം കിട്ടുന്നയാള്‍ക്ക് ആറു മാസമെങ്കിലും സര്‍വീസ് ബാക്കിയുണ്ടാകണം. പത്തു വര്‍ഷത്തെ വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (എ.സി.ആര്‍) അടക്കം ഉദ്യോസ്ഥരുടെ സര്‍വീസ് സംബന്ധിച്ച സമഗ്രമായ വിവരങ്ങളാണ് ഇപ്പോഴത്തെ പൊലീസ് മേധാവി നല്‍കേണ്ടത്. ജോലി സംബന്ധമായ കൃത്യത, ആത്മാര്‍ഥത, സത്യസന്ധത തുടങ്ങിയവയെല്ലാം എ.സി.ആറില്‍ വേണം. മാര്‍ച്ച്‌ 30നു മുമ്പു യോഗ്യതാ പട്ടിക നല്‍കേണ്ടിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. മേയില്‍ അധികാരത്തില്‍ വരുന്ന സര്‍ക്കാരാണ് പൊലീസ് മേധാവിയെ നിശ്ചയിക്കേണ്ടത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജൂണ്‍ 30നു സര്‍വീസില്‍ നിന്നു വിരമിക്കും.

shortlink

Related Articles

Post Your Comments


Back to top button