CricketLatest NewsNewsSports

കളം നിറഞ്ഞ് രാഹുല്‍, കളി പിടിക്കാന്‍ പഞ്ചാബ്; ബാംഗ്ലൂരിന് 180 റണ്‍സ് വിജയലക്ഷ്യം

91 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍

അഹമ്മദാബാദ്: നായകന്‍ കെ.എല്‍ രാഹുലിന്റെ അപരാജിത ഇന്നിംഗ്‌സിന്റെ മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിംഗ്‌സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

Also Read: വിമര്‍ശകര്‍ക്ക് മറുപടി; ഓവറിലെ 5 പന്തും ബൗണ്ടറി കടത്തി ‘യൂണിവേഴ്‌സല്‍ ബോസ്’

പ്രഭ്‌സിമ്രാന്‍ സിംഗിന്റെ(7) വിക്കറ്റ് പഞ്ചാബിന് തുടക്കത്തില്‍ തന്നെ നഷ്ടമായി. മൂന്നാമനായെത്തിയ ക്രിസ് ഗെയ്‌ലും രാഹുലും പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. 24 പന്തില്‍ 46 റണ്‍സ് എടുത്ത ഗെയ്ല്‍ ജാമിസണ്‍ എറിഞ്ഞ 6-ാം ഓവറിലെ അഞ്ച് പന്തുകളും ബൗണ്ടറി കടത്തി. പിന്നീട് വന്നവര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ ഇന്നിംഗ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്ത് രാഹുല്‍ പോരാട്ടം തുടര്‍ന്നു. 57 പന്തില്‍ 7 ബൗണ്ടറികളും 5 സിക്‌സറുകളും പറത്തിയ രാഹുല്‍ 91 റണ്‍സുമായി പുറത്താകാതെ നിന്നു. 17 പന്തില്‍ 25 റണ്‍സ് നേടിയ ഹര്‍പ്രീത് ബ്രാര്‍ രാഹുലിന് മികച്ച പിന്തുണ നല്‍കി.

ബാംഗ്ലൂരിന് വേണ്ടി കെയ്ല്‍ ജാമിസണ്‍ 3 ഓവറില്‍ 32 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. ഡാനിയേല്‍ സാംസ്, യുസ്‌വേന്ദ്ര ചഹല്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ 3 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയിലാണ്. 7 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button