Latest NewsNewsIndia

കോവിഡ് കാലത്ത് പ്രകൃതിയ്ക്ക് വന്ന മാറ്റം; ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് കുറഞ്ഞു; പിന്നിലെ കാരണമിത്

രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലാണ് നാമെല്ലാം. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലുമെല്ലാം ദിനംപ്രതി വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗത്തെ നാം നേരിട്ടത് ലോക്ക് ഡൗണിലൂടെയും കടുത്ത നിയന്ത്രണങ്ങളിലൂടെയുമായിരുന്നു. അന്ന് കോവിഡിനെ മാത്രമല്ല നാം പിടിച്ചുകെട്ടിയത്. ലോക്ക് ഡൗൺ സമയത്ത് പരിസ്ഥിതി മലിനീകരണം കുറഞ്ഞ് പ്രകൃതിയിലും ചില നല്ല മാറ്റങ്ങളുണ്ടായി.

Read Also: കോവിഡ് വ്യാപനം; മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

പരിസ്ഥിതി മലിനീകരണത്തിനും വായുമലിനീകരണത്തിനും കുപ്രസിദ്ധമായിരുന്ന നഗരങ്ങളിൽ പോലും ലോക്ക്ഡൗണിലൂടെ സ്ഥിതി മെച്ചപ്പെട്ടു. അവിടങ്ങളിലെ അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറഞ്ഞു. ഹിമാലയത്തെ പോലും ലോക്ക് ഡൗൺ സ്വാധീനിച്ചുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കാലിഫോർണിയ സർവകലാശാല ഗവേഷകനായ ഡോ എഡ്വേർഡ് ബെയർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലെറ്റ് അബ്‌സോർബിംഗ് പാർട്ടിക്കിളുകളുടെ അഭാവത്തിൽ ഹിമാലയത്തിലെ മഞ്ഞുപാളികളിൽ എന്തു സംഭവിക്കുന്നു എന്നാണ് എഡ്വേർഡ് ബെയർ പരിശോധിച്ചത്. പെട്രോളിയം ഇന്ധനങ്ങൾ, വിറക്, ചാണകം തുടങ്ങിയവ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക ഉയർന്ന് മഞ്ഞുപാളികളിലും മറ്റുമെത്തി അവ മഞ്ഞിന്റെ നിറം മാറുന്നതിന് കാരണമാകാറുണ്ട്. ഈ നിറംമാറ്റം മഞ്ഞിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് അഥവാ ആൽബിഡോ എന്ന പ്രതിഭാസത്തെ ബാധിക്കും.

Read Also: വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ലക്ഷം വാക്സിനുകൾ അടങ്ങിയ ട്രക്ക്; ഡ്രൈവറുടെ മൊബൈല്‍ കുറ്റിക്കാട്ടില്‍

പ്രധാനമായും വെളുത്ത നിറമുള്ള മഞ്ഞിന്റെ അത്രയും സൂര്യപ്രകാശം നിറം മാറ്റം മൂലം ഇരുണ്ടു പോയ മഞ്ഞുപാളിക്ക് പ്രതിഫലിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെ ഈ മഞ്ഞുപാളി കൂടുതൽ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും ഇതുവഴി മഞ്ഞുരുകൽ ക്രമാതീതമായി വർധിക്കുകയും ചെയ്യും. ഏതാനും വർഷങ്ങളായി ഹിമാലയത്തിലെ മഞ്ഞുരുകൽ ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ ഏതാണ്ട് നാലു മാസത്തോളം നീണ്ട ലോക്ക് ഡൗണിന് ശേഷം ഇന്ത്യയിൽ നിന്നുള്ള ലൈറ്റ് അബ്‌സോർബിംഗ് പാർട്ടിക്കിളുകളുടെ ബഹിർഗമനം വലിയ തോതിൽ കുറഞ്ഞിരുന്നു. ഇതിലൂടെ കാര്യമായ മാറ്റങ്ങൾ ഹിമാലയത്തിലെ മഞ്ഞുപാളികളിലുണ്ടായതെന്നാണ് പഠനത്തിൽ പറയുന്നത്. ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്ന തോതിൽ പതിറ്റാണ്ടുകൾക്ക് ശേഷം കുറവ് വന്നുവെന്ന് എഡ്വേർഡ് ബെയറൻ വ്യക്തമാക്കുന്നു.

ഈ കണ്ടെത്തലിന്റെ പ്രാധാന്യത്തെ കുറിച്ച് പെട്ടെന്ന് ചിലർക്ക് മനസിലായെന്ന് വരില്ല. എന്നാൽ ഈ പഠനത്തിന് വലിയ പ്രസക്തിയാണുള്ളത്. മഞ്ഞുപാളികൾ വലിയതോതിൽ ഉരുകിയൊലിക്കുമ്പോൾ അത് ഹിമാലയത്തിൽ നിന്നൊഴുകുന്ന നദികളിലുണ്ടാക്കുന്ന ജലനിരപ്പ് വർധിക്കാനിടയാക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹിമാലയത്തിലെ നദികളിൽ നിന്നൊഴുകിയെത്തുന്ന ജലം സമതലങ്ങളിൽ സൃഷ്ടിയ്ക്കുന്ന വെള്ളപ്പൊക്കം ഇതിന്റെ തെളിവാണ്. തൊട്ടടുത്ത സീസണിലുണ്ടാകുന്ന വരൾച്ചയും ഇതിന്റെ തുടർച്ചയായുണ്ടാകുന്ന പ്രത്യാഘാതമാണ്.

ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾക്ക് പോലും അന്തരീക്ഷ മലിനീകരണത്തെ കുറയ്ക്കാൻ കഴിയുമെന്നാണ് ഈ പഠനത്തിലൂടെ വ്യക്തമാകുന്നത്.

Read Also: കോവിഡ് വൈറസ് മൃഗങ്ങളിലേക്കും പടരാൻ തുടങ്ങി; മൃഗസംരക്ഷണ പ്രദേശങ്ങളിലും നാഷണൽ പാർക്കുകളിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

shortlink

Related Articles

Post Your Comments

Related Articles


Back to top button