KeralaLatest NewsNews

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; ഇന്ന് രാത്രി ഏറെ നിര്‍ണായകമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത 24 മണിക്കൂറില്‍ ഇതിന്റെ ശക്തി വര്‍ധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. അതിനാല്‍ ഇന്ന് രാത്രി സമയം വളരെ നിര്‍ണ്ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: പിപിഇ കിറ്റിന് 273 രൂപ, എന്‍ 95 മാസ്‌കിന് 22 രൂപ; അവശ്യസാധന നിയന്ത്രണ നിയമപ്രകാരം വില നിശ്ചയിച്ച് സര്‍ക്കാര്‍

ചുഴലിക്കാറ്റിന്റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര പഥത്തില്‍ കേരളമില്ല. ന്യൂനമര്‍ദ്ദ
കേന്ദ്രത്തിന്റെ നിലവിലെ സ്ഥാനം കേരള തീരത്ത് നിന്ന് അധികം അകലെയല്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മെയ് 16 വരെ അതിതീവ്ര മഴയും ശക്തമായ കാറ്റും രൂക്ഷമായ കടല്‍ക്ഷോഭവും തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാം. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്നിരുന്നാലും ജാഗ്രത കൈവിടാതിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏത് അടിയന്തിര ഘട്ടത്തെയും നേരിടാന്‍ കേന്ദ്ര-സംസ്ഥാന സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുന്‍കരുതലായി വിന്യസിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നിലവില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button