Latest NewsIndia

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇ ശ്രീധരനോ?- ലക്ഷദ്വീപ് ബിജെപിയുടെ പ്രതികരണം കാണാം

പ്രഫുല്‍ പട്ടേല്‍ വന്ന സമയത്ത് ദ്വീപില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആക്കണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് ബിജെപി. ലക്ഷദ്വീപ് ബിജെപി ഘടകമാണ് ഇങ്ങനനെയൊരു ആവശ്യം ദേശീയ വൃത്തങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. പ്രഫുല്‍ പട്ടേല്‍ വന്ന സമയത്ത് ദ്വീപില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍ തന്നെ കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ ബിജെപി ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

എന്നാൽ ഈ കാര്യത്തില്‍ ഇത് വരെ അന്തിമ തീരുമാനം ആയിട്ടില്ല. ഇ ശ്രീധരന്‍ ഒരു ടെക്‌നോക്രറ്റ് ആയതിനാലും അദ്ദേഹം വന്നാല്‍ ഗുണകരമാവുമെന്ന് ലക്ഷദ്വീപ് ബിജെപിക്ക് പ്രതീക്ഷയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമായി ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദറും വൈസ് പ്രസിഡന്റ് കെഎന്‍ ഖാസ്മി കോയയും ബിജെപി ദേശീയ നേതൃത്വത്തെ സമീപിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

നമ്മുടെ സംസ്‌കാരവും ഭാഷയും അറിയുന്ന ഒരാള്‍ ആയാല്‍ നല്ലതല്ലേ എന്ന ചിന്തയിലാണ് ഇങ്ങനെ ഒന്ന് മുന്നോട്ട് വെച്ചതെന്നു ലക്ഷദ്വീപ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ ദ്വീപിലെ ബിജെപി ഘടകത്തില്‍ തന്നെ കടുത്ത അസംതൃപ്തിയും കൂട്ടരാജിയും ഉണ്ടായ സാഹചര്യത്തിലാണ് നീക്കം.

പ്രഫുൽ പട്ടേലിനു മുൻപ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിച്ചിരുന്ന ദിനേശ്വര്‍ ശര്‍മയുടെ കാലത്ത് ലക്ഷദ്വീപിൽ ബിജെപി ശക്തിപ്പെട്ടിരുന്നുവെന്നാണ് ലക്ഷദ്വീപിലെ ഒരു മുതിര്‍ന്ന ബിജെപി നേതാവിനെ ഉദ്ധരിച്ചുള്ള ഓൺലൈൻ വാര്‍ത്താ പോര്‍ട്ടലായ ദ ക്യൂവിൻ്റെ റിപ്പോര്‍ട്ട്. എന്നാൽ പ്രഫുൽ പട്ടേലിൻ്റെ ഏകപക്ഷീയമായ നടപടികള്‍ പാര്‍ട്ടിയ്ക്ക് പ്രതികൂല സാഹചര്യമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

മുൻപ് കോൺഗ്രസ് പോഷകസംഘടനയിൽ പ്രവര്‍ത്തിച്ചിരുന്നവര്‍ പോലും കേന്ദ്രസര്‍ക്കാര്‍ അനുഭാവം മൂലം ബിജെപിയിലേയ്ക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സെപ്റ്റംബറിൽ പൊതുവേദിയിൽ വെച്ച് ബിജെപി അംഗത്വവിതരണം നടത്താനും പാര്‍ട്ടി പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതിനിടയിൽ ഉണ്ടായ വിവാദ നീക്കങ്ങളും പ്രതിഷേധങ്ങളും പാര്‍ട്ടിയ്ക്ക് ദോഷം ചെയ്തെന്നാണ് നേതാക്കള്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button