COVID 19KeralaNattuvarthaLatest NewsNews

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്: നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

മൂവായിരത്തോളം ജൂനിയർ താരങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്താൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പ്രതീഷ് പത്തു ലക്ഷത്തോളം രൂപ വാങ്ങി

പാലക്കാട്: സിനിമാ ചിത്രീകരണത്തിനായി ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നിർമ്മാതാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംവിധായകൻ വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിനായി ജൂനിയർ താരങ്ങളെ എത്തിച്ച ആർടിസ്റ്റ് കോ- ഓർഡിനേറ്റർ പ്രതീഷാണ് തട്ടിപ്പ് നടത്തിയത്. സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് കൃഷ്ണമൂർത്തി നൽകിയ പരാതിയെ തുടർന്നാണ് പ്രതീഷിനെ മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

മലമ്പുഴയിൽ ചിത്രീകരണം നടന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയിലേക്ക് ജൂനിയർ താരങ്ങളെ നൽകിയത് ആലത്തൂർ സ്വദേശിയായ പ്രതീഷായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരം ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. അതിനാൽ മൂവായിരത്തോളം ജൂനിയർ താരങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്താൻ നിർമ്മാതാവ് ഗോകുലം ഗോപാലനിൽ നിന്നും പ്രതീഷ് പത്തു ലക്ഷത്തോളം രൂപ വാങ്ങി.

ജൂനിയർ ആർട്ടിസ്റ്റുകളുടെ കോവിഡ് പരിശോധന ആലത്തൂരിലെയും, തൃശൂരിലെയും ലാബിൽ നടത്തിയെന്നാണ് പ്രതീഷ് പറഞ്ഞത്. അതേസമയം സർട്ടിഫിക്കറ്റിൽ സംശയം തോന്നി പ്രൊഡക്ഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് വ്യക്തമായി. ഇതോടെ സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതീഷിൻ്റെ വീട്ടിൽ നിന്നും സർട്ടിഫിക്കറ്റുണ്ടാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറും, വ്യാജ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button