KeralaLatest NewsNews

ഹിന്ദു ബാങ്ക്: രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ഹിന്ദു ബാങ്കിലൂടെ സംഘപരിവാര്‍ സംഘടനകള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള എല്ലാ അടവുകളും പൊളിഞ്ഞുകഴിഞ്ഞപ്പോള്‍ സംഘപരിവാര്‍ പുതിയ ഒന്നുമായി ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മതാടിസ്ഥാനത്തില്‍ വാണിജ്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സൃഷ്ടിക്കാനുള്ള പരിശ്രമം വിലപ്പോവില്ലെന്നും വര്‍ഗീയവിടവുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായി മാത്രമല്ല, നിയമപരമായും നേരിടേണ്ടതുണ്ടെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: മക്കൾ പ്രായപൂർത്തിയായാലും പിതാവ് ചിലവിന് നല്‍കണം: സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏതാനും ദിവസമായി പത്രങ്ങളില്‍ ഒരു വാര്‍ത്ത വരുന്നുണ്ട്. ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍ ആരംഭിക്കുവാന്‍ പോവുകയാണത്രെ. കേന്ദ്രസര്‍ക്കാര്‍ 2014ല്‍ രൂപം നല്‍കിയ നിധി റൂള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണ് നിധി ലിമിറ്റഡ് കമ്പനികള്‍. ഹിന്ദുവിന്റെ പണം കൈകാര്യം ചെയ്യാനാണത്രേ ഈ ഹിന്ദു ബാങ്കുകള്‍. ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക് എന്നാണു മുദ്രാവാക്യം. നൂറിലധികം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പത്രവാര്‍ത്തകള്‍. കേരളത്തിലെ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള എല്ലാ അടവുകളും പൊളിഞ്ഞുകഴിഞ്ഞപ്പോള്‍ പുതിയ ഒന്നുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാര്‍.

‘പൊളിറ്റിക്കല്‍ ഇസ്ലാം മുന്നോട്ടുവയ്ക്കുകയും മുന്‍ധനമന്ത്രി തോമസ് ഐസകും ഇടതുഭരണകൂടവും കഴിഞ്ഞ 15 വര്‍ഷമായി പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുന്ന സാമ്പത്തിക ഇസ്ലാമിന്റെ അല്‍ ബറക ഇസ്ലാമിക് ബാങ്കിന്’ മറുപടിയാണത്രേ ഹിന്ദു ബാങ്ക്. കേരള സര്‍ക്കാര്‍ പിന്തുണച്ച ഇസ്ലാമിക് ധനകാര്യ സ്ഥാപനവും ആര്‍എസ്എസിന്റെ ഹിന്ദു ബാങ്കും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം ഇസ്ലാമിക് ധനകാര്യ സ്ഥാപനം വഴി സമാഹരിക്കുന്ന പണം മുസ്ലിംങ്ങള്‍ക്കു മാത്രമുള്ളതല്ല. ഏതൊരാളുടെയും പലിശയിലധിഷ്ഠിതമല്ലാത്ത നിക്ഷേപത്തിന് ഇത് ഉപയോഗപ്പെടുത്താം. സര്‍ക്കാര്‍ ഇതിനു തുനിഞ്ഞതുതന്നെ ഇങ്ങനെ സമാഹരിക്കുന്ന പണം നാടിന്റെ പൊതുവായ വികസനത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന വിശ്വാസത്തിലാണ്.

പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ ഒട്ടേറെ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്. വിദേശത്തുള്ള ബഹുരാഷ്ട്ര ബാങ്കുകള്‍പോലും ഇത്തരം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ അവരുടെ ബാങ്കുകളില്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. ഇന്ത്യയിലും ഇത് ആകാമെന്നു രഘുറാം രാജന്‍ അധ്യക്ഷനായുള്ള കമ്മിറ്റി റിസര്‍വ്വ് ബാങ്കിനു ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യയിലെ ബാങ്കിംഗ് നിയമങ്ങള്‍ മുഴുവന്‍ പലിശയടിസ്ഥാനത്തിലാണ്. അതുകൊണ്ട് പലിശരഹിത ബാങ്ക് പ്രായോഗികമാവില്ലായെന്നൊരു നിലപാടാണ് പ്രത്യേകിച്ച് ബിജെപി അധികാരത്തില്‍വന്നശേഷം സ്വീകരിച്ചത്. അതുകൊണ്ട് ബാങ്ക് ആയിട്ടല്ല ഒരു ബാങ്കിതര ധനകാര്യസ്ഥാപനമായിട്ടാണ് ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചത്. എന്നാല്‍ ഇത് ബാലാരിഷ്ടതകള്‍ ഇപ്പോഴും കടന്നിട്ടില്ല. ഈ സ്ഥാപനം മുസ്ലിംങ്ങള്‍ക്കു മാത്രമേ നിക്ഷേപം പാടുള്ളൂവെന്നൊരു നിയമം ഇല്ല. ഗുണഭോക്താക്കള്‍ മുസ്ലിംങ്ങളേ പാടുള്ളൂവെന്നും ഇല്ല. ഡയറക്ടര്‍ ബോര്‍ഡില്‍ ഹിന്ദുവുമുണ്ട്. നേരത്തേ പറഞ്ഞപോലെ നാടിന്റെ വികസനത്തിനു വിഭവസമാഹരണം നടത്താനുള്ള പരീക്ഷണമാണത്.

ഇത് ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ സംഘപരിവാര്‍ ഹിന്ദു ബാങ്കുമായി ഇറങ്ങിയിരിക്കുന്നത്. സഹകരണ അടിസ്ഥാനത്തിലുള്ള സ്ഥാപനത്തിന് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലായെന്ന ഇണ്ടാസുമായി കേന്ദ്രം നടക്കുമ്പോഴാണ് പുതിയ സഹകരണ ബാങ്കുകള്‍ രൂപീകരിക്കുമെന്ന അവകാശവാദം. പണ്ട് ഇന്ത്യാ രാജ്യത്ത് ഹിന്ദു പാനി, മുസ്ലിം പാനി വര്‍ഗ്ഗീയവാദികള്‍ വിതരണം ചെയ്തതുപോലെ കേരളത്തില്‍ മതാടിസ്ഥാനത്തില്‍ വാണിജ്യസ്ഥാപനങ്ങളും ബാങ്കുകളുമെല്ലാം സൃഷ്ടിക്കാനുള്ള പരിശ്രമം വിലപ്പോവില്ല. വര്‍ഗ്ഗീയവിടവുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായിട്ടു മാത്രമല്ല, നിയമപരമായും നേരിടേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button