KeralaLatest NewsNews

പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുമ്പോൾ ആണുങ്ങള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വിറളി പിടിക്കും: ഉണ്ണിക്കെതിരെ ഹരീഷ് പേരടി

കൊച്ചി: കഷ്ടപ്പാടിലും പ്രതീക്ഷ കൈവിടാതെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയി, പൊരുതി വര്‍ക്കല സബ്ബ് ഇന്‍സ്‌പെക്റ്റര്‍ പദവിയിലെത്തിയ ആനി ശിവയെ പ്രശംസിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ വിവാദമായിരുന്നു. ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാദ്ധ്യമാവുക എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്.

സംവിധായകൻ ജിയോ ബേബി അടക്കമുള്ളവർ താരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഉണ്ണിക്കെതിരെ പ്രതിഷേധ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. പൊട്ടുകള്‍ എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന വലിയ അടയാളങ്ങള്‍ തന്നെയാണെന്നും അത് കാണുമ്പോള്‍ ആണുങ്ങളിലെ പല പൊട്ടന്മാര്‍ക്കും കലി കയറുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

തടിച്ചും, നീണ്ടും, ഉരുണ്ടും, വിലങ്ങനെയും, കുറങ്ങനെയും, അങ്ങിനെ എത്ര,എത്ര വലിയ പൊട്ടുകള്‍ ഈ നെറ്റിയില്‍ കിടന്ന് അമ്മാനമാടി. എത്രയെത്ര അമ്മദൈവങ്ങള്‍ക്കു വേണ്ടി ഉറഞ്ഞ് തുള്ളി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പൊട്ടുതൊടുമ്പോള്‍ അച്ഛന്‍ എന്റെ മനസ്സിലേക്ക് വരാറേയില്ല, എപ്പോഴും അമ്മയാണ് വരാറ്. അതിനു കാരണം അച്ഛന്‍ മരിച്ചതിനു ശേഷവും ഞാന്‍ അമ്മയെ നിര്‍ബന്ധിച്ച് സിന്ദൂരം തലയില്‍ ചാര്‍ത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു. അത് അച്ഛനെ ഓര്‍ക്കാനുമല്ല. മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല. മറിച്ച് ഭര്‍ത്താവ് മരിച്ച എന്റെ അമ്മ പൊട്ടുതൊട്ടാല്‍ ആരുണ്ടെടാ ചോദിക്കാന്‍ എന്ന ഒരു ഇതിലായിരുന്നു. അന്ന് 20 വയസ്സുള്ള ഒരു ചെക്കന്റെ പൊട്ടിതെറിപ്പ്. അത്തരം പൊട്ടിതെറിപ്പുകള്‍ തന്നെയാണ് യഥാര്‍ത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു

‘പൊട്ടുകള്‍” എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങള്‍ തന്നെയാണ്. പെണ്ണിന്റെ പൊട്ടിന്റെ വലിപ്പം കൂടുതോറും ആണുകള്‍ക്കിടയിലെ പൊട്ടന്‍മാര്‍ക്ക് വിറളിപിടിക്കും. കാലുകള്‍ വിടര്‍ത്തിയിരിക്കല്‍ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുന്നത് പോലെ. പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തില്‍ ഒരു പാട് വേദന സഹിച്ച് കാലുകള്‍ വിടര്‍ത്തുമ്പോളാണ് എല്ലാ പൊട്ടന്‍മാരും ഈ ഭൂമി കാണാന്‍ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം..ആ വലിയ പൊട്ടുകളുടെ ഓര്‍മ്മക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button