KeralaLatest NewsNews

കിറ്റെക്‌സിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കും, നാടിന് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല, മന്ത്രി പി.രാജീവ്

തിരുവനന്തപുരം; കേരളം കിറ്റെക്‌സിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കിറ്റെക്‌സുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . കിറ്റക്‌സ് ഉപേക്ഷിച്ച പദ്ധതിയിലേക്ക് തിരിച്ചുവരണമെന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്‌നത്തെ ഗൗരവമായിട്ടാണ് കാണുന്നത്. നാടിന് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

‘കിറ്റെക്‌സ് മാനേജ്‌മെന്റിനെ 28 ന് തന്നെ താന്‍ വിളിച്ചിരുന്നു. തുടര്‍ച്ചയായി നാടിനു അപകീര്‍ത്തി പരമായ രീതിയില്‍ പോകണോ എന്ന് അവര്‍ തീരുമാനിക്കണ്ടതായിരുന്നു. 3500 കോടിയുടെ പദ്ധതിക്കായി ഇനി കിറ്റെക്‌സ് വന്നാലും സ്വീകരിക്കും. സര്‍ക്കാരിന്റെ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. ട്വന്റി ട്വന്റിയുമായി വിഷയത്തെ കൂട്ടി കെട്ടേണ്ടതില്ല. ട്വന്റി -20 മത്സരിച്ചതിനാല്‍ എല്‍ഡിഎഫിന് സീറ്റ് നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല’ – മന്ത്രി പറഞ്ഞു.

‘കിറ്റെക്‌സിന് കെ സുരേന്ദ്രന്റെ വക്കാലത്ത് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയുന്നവരാണ്. തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. തന്റെ നിര്‍ദേശപ്രകാരമാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്സിലെത്തിയത്. വ്യവസായ വകുപ്പില്‍ മിന്നല്‍പരിശോധനകള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വ്യക്തമാക്കി’.

shortlink

Related Articles

Post Your Comments

Related Articles


Back to top button