KeralaLatest News

‘യുപിയിൽ ജനസംഖ്യ നിയന്ത്രണം കൊണ്ടുവരുന്നതിലും, അമിത്ഷാ സഹകരണ വകുപ്പ് മന്ത്രിയായതിലും കേരളത്തിൽ പ്രതിഷേധം’- ജിതിൻ

CAA, കർഷക സമരം, അയോധ്യ, ലക്ഷ്ദ്വീപ്, ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന വിഷയങ്ങൾ ഇവയിലെല്ലാം കേരളത്തിൽ ആണ് പ്രതിഷേധം.

തിരുവനന്തപുരം: ലോകത്തു എന്ത് സംഭവിച്ചാലും കേരളത്തിൽ ആണ് അതിന്റെ പ്രതിഷേധം ഉയരുക എന്ന പരിഹാസവുമായി ജിതിൻ ജേക്കബ്. കേരളത്തിൽ വ്യവസായങ്ങളും മറ്റും നടത്താൻ സമ്മതിക്കാതെ മറ്റു സംസ്ഥാനങ്ങളിൽ മലയാളികൾ പോയി ജോലി ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ജിതിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഉത്തർ പ്രദേശിൽ ജനസംഖ്യ നിയന്ത്രണം കൊണ്ടുവരാൻ നിയമം പാസാക്കുന്നു എന്ന വാർത്ത കേട്ടുടനെ കേരളത്തിൽ പ്രതിഷേധം തുടങ്ങി. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ളതാണ് എന്ന് മനോരമ പത്രം.
കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയായി അമിത് ഷാ വന്നതോടെ കേരളത്തിൽ പ്രതിഷേധം അലയടിക്കുകയാണ്. കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികളായ മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചാലും, മത തീവ്രവാദികളെ ഉന്മൂലനം ചെയ്താലും കേരളത്തിൽ ആണ് പ്രതിഷേധം.

ഇസ്രായേൽ – പലസ്തീൻ സംഘർഷം ഉണ്ടായാൽ ഉടൻ ഷേവ് ഗാഷയുമായി ഇവിടെ തെരുവിൽ ഇറങ്ങും.
ആമസോൺ കാടുകളിൽ തീപിടിത്തം ഉണ്ടായാൽ ബ്രസീലിൽ അല്ല കേരളത്തിൽ ആണ് പ്രതിഷേധം.
CAA, കർഷക സമരം, അയോധ്യ, ലക്ഷ്ദ്വീപ്, ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന വിഷയങ്ങൾ ഇവയിലെല്ലാം കേരളത്തിൽ ആണ് പ്രതിഷേധം. അത് തന്നെയുമല്ല ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ എവിടെയെങ്കിലും നടക്കുന്ന ഒറ്റപെട്ട പ്രതിഷേധങ്ങൾ ആണെങ്കിൽ അതിന് നേതൃത്വം നൽകുന്നത് മലയാളികളും..!

കശ്മീർ, അയോധ്യ വിഷയങ്ങൾ സമാധാനപരമായി പരിഹരിച്ചപ്പോൾ രാജ്യമെങ്ങും ആഹ്ലാദം ഉയർന്നപ്പോൾ കേരളത്തിൽ കടുത്ത നിരാശയും, പ്രതിഷേധവും ആയിരുന്നു.
ഇന്ത്യ കത്തുന്നു, രാജ്യം മുഴുവൻ പ്രതിഷേധം, മോദി വിറയ്ക്കുന്നു എന്നൊക്ക ഇവിടെ തള്ളി മറിക്കുമ്പോൾ യഥാർത്ഥത്തിൽ കേരളത്തിന്‌ പുറത്ത് മലയാളികൾ നടത്തുന്ന കുത്തിത്തിരിപ്പ് അല്ലാതെ വേറെ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.
ശരിക്കും മലയാളി പൊട്ടകിണറ്റിലെ തവളകൾ ആണ്. 60 ലക്ഷം മലയാളികൾ കേരളത്തിന്‌ പുറത്ത് ജോലി ചെയ്യുന്നു. അതിൽ തന്നെ 30 ലക്ഷം മലയാളികൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ആണ്.

കേരളത്തിൽ ഇപ്പോൾ 65 ലക്ഷംപേർ തൊഴിലില്ലാതെ നടക്കുന്നു. ഒരുവശത്ത് ഈ തെഴിലില്ലാത്തവരിൽ കുറെ ആളുകൾ ജോലി തരൂ കേന്ദ്ര സർക്കാരേ എന്ന് പറഞ്ഞ് രാവിലെ പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കും, ഇതേ ആളുകൾ വൈകിട്ട് ബൂർഷ്വാ കുത്തക കോർപ്പറേറ്റ് സ്ഥാപനം എന്ന് പറഞ്ഞ് സ്ഥാപനങ്ങൾ മുദ്രാവാക്യം വിളിച്ചു പൂട്ടിക്കും.
കിറ്റക്സ് ഗ്രൂപ്പിനെ നിക്ഷേപത്തിനായി തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് ക്ഷണിക്കാൻ മറ്റു സംസ്ഥാനങ്ങൾ കാണിച്ച ആവേശം കണ്ടും, കേരളത്തിന്‌ പുറത്ത് നിക്ഷേപം ചെയ്യാൻ പോകുന്നു എന്ന വാർത്ത വന്നതോടെ കിറ്റക്സ് ഗ്രൂപ്പിന്റെ ഓഹരി വില വൻ കുതിപ്പ് നടത്തിയതും കണ്ട് മലയാളി കണ്ണും മിഴിച്ച് ഇരിപ്പാണ്.

ശരിക്കും മലയാളി ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്താണ്. മലയാളി കിറ്റക്സ് ഗ്രൂപ്പിനെ തറപറ്റിച്ചതിൽ ആവേശം കൊള്ളുകയാണ്. ഒരു കോര്പറേറ്റിനെ കൂടി കേരളത്തിൽ മുട്ടുകുത്തിച്ചതിന്റെ ആവേശമാണ് എങ്ങും.
ഗൾഫ് പണത്തിന്റെയും, സ്വർണക്കടത്തിലൂടെ സൃഷ്ട്ടിച്ച സാമാന്തര സമ്പത് വ്യവസ്ഥയാണ് കേരളത്തിലെത് എന്നത് പകൽപോലെ വ്യക്തം. സഹകരണ ബാങ്കുകളിലൂടെ വൻതോതിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നു എന്ന ആരോപണം വര്ഷങ്ങളായി ഉണ്ട്. ഒരുപക്ഷെ അതാണ് കേന്ദ്ര സഹകരണ വകുപ്പ് വരുന്നത് ഇവിടെ ചങ്കിടിപ്പ് ഉണ്ടാക്കുന്നത്.
ഇന്ത്യയിൽ ആകമാനം പ്രതിഷേധം, രാജ്യം കത്തുന്നു എന്നൊക്കെ ഇവിടെ കിടന്ന് തള്ളുമ്പോൾ കേരളത്തിന്‌ പുറത്ത് മലയാളികൾ ഉണ്ടാക്കുന്ന കുത്തിത്തിരിപ്പിന് അപ്പുറം ഒന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?

ഉത്തരം സിമ്പിൾ ആണ്. കേരളത്തിന്‌ പുറത്ത് ഒരുമാതിരിപ്പെട്ട എല്ലാവർക്കും ജോലിയുണ്ട്. അവർ അവരുടെ ജോലി ചെയ്ത് രാഷ്ട്ര പുരോഗതിക്കായി പ്രയത്നിക്കുന്നു. ഇവിടെ 65 ലക്ഷം പേർ ജോലിയില്ലാതെ നടക്കുന്നു. അതിൽ കുറെ ആളുകൾക്ക് സ്വർണക്കടത്ത് പോലുള്ള സാമാന്തര സംവിധാനത്തിലൂടെ പണം ഉണ്ടാക്കാൻ കഴിയുന്നു. ബാക്കി ഉള്ളവരിൽ കുറെ ആളുകൾക്ക് ഗൾഫ് പണം കിട്ടുന്നു. പിന്നെ ബാക്കി സൗജന്യ കിറ്റും!
മറ്റു സംസ്ഥാനങ്ങൾ വ്യവസായങ്ങൾക്ക് മുൻഗണന നൽകുന്നത് അത് കൂടുതൽ ആളുകൾക്ക് തൊഴിൽ ലഭ്യമാക്കും എന്നത് കൊണ്ടും, അടിസ്ഥാന സൗകര്യ വികസനവും, നികുതി വർധനയും ഉണ്ടാകും എന്നത് കൊണ്ടുമാണ്.

കേരളത്തിൽ വ്യവസായങ്ങളുടെ ആവശ്യം ഇല്ലല്ലോ.
ഇവിടെ വ്യവസായങ്ങൾ വന്നാൽ എല്ലാവർക്കും തൊഴിൽ കിട്ടില്ലേ. അങ്ങനെ വന്നാൽ ആര് ഷേവ് ഗാഷ മുദ്രാവാക്യം വിളിക്കും, മതതീവ്രവാദികൾക്ക് വേണ്ടി ആര് ഓശാന പാടും, ആര് തേഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസ് ഉപരോധിക്കും? ജനങ്ങൾ സൗജന്യ ഭക്ഷ്യവസ്തുക്കൾക്കായി ക്യൂ നിൽക്കുന്നുന്നത് വലിയ കുറച്ചിലായി ആണ് ലോകത്തിലെ എല്ലാ ഭരണകൂടവും കണുന്നത്. കാരണം അത് തന്നെ ഭരണ പരാജയത്തിന്റ ഏറ്റവും വലിയ തെളിവാണ്.

പക്ഷെ ഇവിടെ ഓരോ മാസവും കൂടുതൽ സൗജന്യ കിറ്റ് കൊടുക്കാൻ മത്സരമാണ്. കൂടുതൽ സൗജന്യ കിറ്റ് മികച്ച ഭരണത്തിന്റെ തെളിവാണത്രെ!
അറബികളും – ജൂതരും തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെട്ട് ബഹളം ഉണ്ടാക്കാൻ ഇന്ത്യക്കാർക്ക് (അതായത് മലയാളിക്ക് ) എന്തിന്റെ വിഷമം ആണ് എന്ന് അറബികൾ പോലും ചോദിക്കാൻ തുടങ്ങി. കശ്മീരികൾക്ക് പോലും ഇല്ലാത്ത കശ്മീരി പ്രേമമാണ് ഇവിടെ.

അമേരിക്കക്കെതിരെ പ്രമേയം പാസ്സാക്കുക, പോസ്റ്റ്‌ ഓഫീസ് ഉപരോധിച്ച് കോര്പറേറ്റുകൾക്കെതിരെ ആഞ്ഞടിക്കുക, ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ വിഷയങ്ങൾ ഉയർത്തി കേരളത്തിൽ ഹർത്താൽ ആചരിക്കുക, ആഗോള നിക്ഷേപ സൗഹൃദ സമ്മേളനം വിളിച്ചിട്ട് അന്നേ ദിവസം ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയുടെ തലക്കടിച്ചു പരിക്കേൽപ്പിക്കുക തുടങ്ങിയ കലാപരിപാടികൾ ആണ് ഇവിടെ..
ക്യാപിറ്റലിസത്തിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ച് വിദേശങ്ങളിലും, അന്യസംസ്ഥാനങ്ങളിലും കഴിയുന്ന NRI അന്തങ്ങളാണ് മറ്റൊരു കോമഡി !

പക്ഷെ കേരളത്തിൽ പിഞ്ചു കുഞ്ഞുങ്ങളെ ഭരണകൂട പാർട്ടിക്കാർ വർഷങ്ങളോളം പീഡിപ്പിച്ചു കൊലപ്പെടുത്തുമ്പോഴും, വിശപ്പ് സഹിക്കാൻ വയ്യാതെ ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് ആദിവാസിയെ സംഘം ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്തുമ്പോഴും ഒന്നും അത് വാർത്തയാകാതിരിക്കാൻ വലിയ ജാഗ്രത കാണിക്കും. ഏതെങ്കിലും ദേശീയ മാധ്യമത്തിൽ അത് വാർത്തയായാൽ ഉടൻ കേരളത്തെ അപമാനിക്കുന്നു എന്ന ക്‌ളീഷേ ഇറക്കി എല്ലാവരും കൂടി നന്മയുള്ള ലോഹമേ പാട്ടും പാടും!

ഉത്തർ പ്രദേശിൽ ജനസംഖ്യ നിയന്ത്രണം കൊണ്ടുവരുന്നത് മുസ്ലിങ്ങളെ ഉഉദ്ദേശിച്ചാണ് എന്ന ചർച്ച ആയിരിക്കും മിക്കവാറും ഇനിയുള്ള ദിവസങ്ങളിൽ. മനോരമ ഇളകി കഴിഞ്ഞു. കേരളത്തിന്‌ പുറത്തുള്ളവർക്ക് മുദ്രാവാക്യം വിളിക്കാനും, സ്ഥാപനങ്ങൾ പൂട്ടിക്കാനും, ഹർത്താൽ നടത്താനും ഒന്നും സമയമില്ല. കേരളത്തിൽ ആകട്ടെ വേലയും കൂലിയും ഇല്ലാത്ത ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. മുദ്രാവാക്യം വിളിക്കാൻ പോയാൽ വല്ല എല്ലിൻ കഷ്ണങ്ങളും കിട്ടിയേക്കും.

സ്വർണ്ണക്കടത്ത് പോലുള്ള കുടിൽ വ്യവസായങ്ങൾ ഉള്ളത് കൊണ്ടും സാമാന്തര സമ്പത് വ്യവസ്ഥയും തഴച്ചു വളർന്നിട്ടുമുണ്ട്. ഉത്തർ പ്രദേശിലെ ഗ്രാമങ്ങളിലെ അതിർത്തി തർക്കത്തിൽ പോലും ഇടപെടാനും, അതിനെ കുറിച്ച് ഒരാഴ്ച്ച ചർച്ചചെയ്യാനും മലയാളിക്കേ കഴിയൂ, കാരണം അവിടെ ഉള്ളവർക്ക് എല്ലാം ജോലിക്ക് പോകണമല്ലോ.. സൗജന്യ കിറ്റ് അവർക്ക് വേണ്ടത്രെ. അധ്വാനിച്ചു ജീവിക്കുന്നതാണ് സുഖകരം പോലും.. സാമ്രാജ്യത്വ ചിന്ത അല്ലാതെന്താ..

shortlink

Related Articles

Post Your Comments

Related Articles


Back to top button