KeralaNattuvarthaLatest NewsNews

അമ്പതിൻ്റെ നിറവിൽ ആലപ്പുഴ ആകാശവാണി

കഴിഞ്ഞ പ്രളയ കാലത്ത് ദുരന്ത മേഖലയിൽ അറിയിപ്പുകൾ നൽകുന്നതിലും ആകാശവാണി വഹിച്ച പങ്ക് ചെറുതല്ല

ആലപ്പുഴ: മലയാളികൾക്ക് ഗൃഹാതുരത്വത്തിൻ്റെ തൂവൽ സ്പർശം ഉണർത്തുപാട്ടിലൂടെ പകർന്നു തന്ന ആലപ്പുഴയിലെ ആകാശവാണി നിലയത്തിന് അമ്പത് വയസ്സ്. കാലാവസ്ഥ തിരിച്ചറിയാൻ ട്രാൻസിസ്റ്റർ റേഡിയോയുമായി കടലിൽ തുഴയെറിയാൻ പോയവർ, ചലച്ചിത്ര ഗാനങ്ങൾക്കും രഞ്ജിനിക്കുമായി ഉച്ച നേരങ്ങളിൽ കാതു കൂർപ്പിച്ചവർ, വയലും വീടും റേഡിയോ നാടകങ്ങളും കേൾക്കാൻ പാടത്തു നിന്നും ഓടി എത്തുന്ന കർഷകർ, രാമയാണ മാസത്തിൽ ശ്രീരാമ ചന്ദ്ര ജയ എന്ന രാമയണ പാരായണം കേൾക്കാൻ മുത്തശ്ശിക്കൊപ്പം വിളക്ക് വെച്ച് ഉറക്കം ഉണർന്ന ഉണ്ണികൾ ഉൾപ്പടെ നിരവധി പേരാണ് ആകാശവാണിയുടെ ഉപഭോക്താക്കളായി കേരം തിങ്ങും കേരള നാട്ടിൽ ഒരു കാലത്ത് ഉണ്ടായിരുന്നത്.

ആലപ്പുഴ പാതിരപ്പള്ളിയിൽ 1971 ജൂലൈ 19നായിരുന്നു ആകാശവാണി നിലയം പ്രക്ഷേപണം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ റിലേ സ്റ്റേഷനായി 200 കിലോ വാട്ടിൻ്റെ മീഡിയം വേവ് നിലയം ഇവിടെ തുടങ്ങുകയായിരുന്നു. 70 കിലോമീറ്റർ പരിധിയിൽ കേരളത്തിലെ മധ്യ ജില്ലകളിൽ പ്രക്ഷേപണം എത്തിക്കുന്ന നിലയത്തിൻ്റെ ട്രാൻസ്മിറ്റർ സ്റ്റേഷൻ 13 ഏക്കറുകളിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയേറിയ പ്രക്ഷേപണ നിലയമാണ് ആലപ്പുഴയിലേത്.

ആലപ്പുഴ ആകാശവാണി നിലയത്തിൽ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിക്കാൻ കഴിഞ്ഞ നവംബർ 7 ന് പ്രസാദ് ഭാരതി തീരുമാനം എടുത്തെങ്കിലും പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുകയായിരുന്നു. എം.എ ആരിഫ് എം.പി അടക്കമുള്ളവരുടെ ശക്തമായ ജനവികാരം അണ പൊട്ടിയതോടെയായിരുന്നു പിൻമാറ്റം. കഴിഞ്ഞ പ്രളയ കാലത്ത് ദുരന്ത മേഖലയിൽ അറിയിപ്പുകൾ നൽകുന്നതിലും ആകാശവാണി വഹിച്ച പങ്ക് ചെറുതല്ല. വിദൂര ഭാഷിണിയായ ഈ ആകാശ ഗോപുരത്തിന് ഇനിയും കാതങ്ങൾ താണ്ടാനാവട്ടെയെന്ന് ആശംസകൾ നേരുകയാണ് മലയാളി മനസ്സുകൾ.

shortlink

Related Articles

Post Your Comments


Back to top button