KeralaLatest NewsNews

സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ പിങ്ക് പ്രൊട്ടക്ഷന്‍: പദ്ധതിയ്ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീസുരക്ഷ ശക്തമാക്കുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്‍കിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 10 കാറുകള്‍, ബുള്ളറ്റ് ഉള്‍പ്പെടെ 40 ഇരുചക്രവാഹനങ്ങള്‍, 20 സൈക്കിളുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്.

Also Read: പ്രതിപക്ഷത്തിന് സ്ത്രീവിരുദ്ധ മനോഭാവം, സത്യപ്രതിജ്ഞ ചെയ്തവരില്‍ ഒ.ബി.സി വിഭാഗവും, കര്‍ഷകരുടെ മക്കളും: നരേന്ദ്ര മോദി

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് രൂപം നല്‍കിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോള്‍ സംവിധാനം സജീവമാക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഗാര്‍ഹിക പീഡനങ്ങള്‍ പലപ്പോഴും പോലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു. വീടുകള്‍തോറും സഞ്ചരിച്ച് ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ മേല്‍നടപടികള്‍ക്കായി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറും.

പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍, കോളേജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്‌റ്റോപ്പുകളിലും ഇനി മുതല്‍ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമായി. ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും നിലവില്‍വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button