KeralaLatest NewsNews

കെഎസ്‌യുവിനെ ‘തൊട്ടാല്‍’ ചെറുക്കും: എസ്‌എഫ്‌ഐയ്ക്ക് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കെഎസ് യു നേതാക്കള്‍ക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികള്‍ക്ക് കയ്യുംകെട്ടി നോക്കി നില്ക്കാനാവില്ല

കൊച്ചി: മഹാരാജാസ് കോളജില്‍ കെഎസ് യു പ്രവര്‍ത്തകനായ നിയാസിനെ ഹോസ്റ്റലിലെത്തിയ ഒരുസംഘം മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ എസ്‌എഫ്‌ഐയ്ക്ക് എതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ എസ്‌എഫ്‌ഐ അധികാരത്തിന്റെ തണലില്‍ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സുധാകരന്‍ ആരോപിച്ചു. സിപിഎമ്മിനു വേണ്ടി ഭാവിയിലേക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ്‌എഫ്‌ഐ മാറിയെന്നും സുധാകരൻ വിമർശിച്ചു.

കെഎസ് യു നേതാക്കള്‍ക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികള്‍ക്ക് കയ്യുംകെട്ടി നോക്കി നില്ക്കാനാവില്ല. എസ് എഫ്‌ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി സംഘനയ്ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു പറഞ്ഞാല്‍ അതു വിലപ്പോകില്ല. അക്രമം അഴിച്ചുവിട്ട് കെഎസ്‌യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി ചെറുക്കേണ്ടി വരും.- സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

read also: കർണാടകയിലെ പാർട്ടി നേതൃത്വത്തിൽ പ്രതിസന്ധിയില്ല: യെദ്യൂരപ്പയുടേത് മികച്ച പ്രവർത്തനമെന്ന് ജെ പി നദ്ദ

‘അവര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒറ്റപ്പെട്ടു. ആശയങ്ങള്‍ക്കു പകരം കൊടുവാളുമായിട്ടാണ് അവര്‍ കാമ്ബസില്‍ പ്രവര്‍ത്തിക്കുന്നത്. സിപിഎം കണ്ണൂരില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഫാസിസമാണ് ഇപ്പോള്‍ എസ്‌എഫ്‌ഐ കാമ്ബസുകളില്‍ നടപ്പാക്കുന്നത്. കയ്യൂക്കുകൊണ്ടു കലാലയങ്ങള്‍ ഭരിക്കാം എന്ന എസ്‌എഫ്‌ഐയുടെ അജന്‍ഡയ്ക്ക് താങ്ങും തണലും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമാണ്. കലാലയങ്ങളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന എസ്‌എഫ്‌ഐ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഓര്‍ക്കണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമായ ഇടിമുറികള്‍ എസ്‌എഫ്‌ഐ നിയന്ത്രണത്തിലുള്ള മിക്ക കോളജുകളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യാപകമായ പരാതിയുണ്ട്. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ പോലും കോളജ് അധികൃതര്‍ തയ്യാറാകില്ല. ഇടതു അധ്യാപക സംഘടനയിലെ ചിലര്‍ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നു.

സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ കൊല്ലം ടി കെ എം കോളജിലെ വിദ്യാര്‍ഥികളെ മൃഗീയമായിട്ടാണ് പൊലീസ് മര്‍ദിച്ചത്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം എന്നും കാമ്ബസുകളില്‍ നിന്നാണ് ആദ്യം ഉണ്ടാകുന്നത്. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ചെറിയ പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. നരേന്ദ്ര മോദിയും ബിജെപിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാര്‍ത്ഥി സമരങ്ങളെ കൈകാര്യം ചെയ്യുന്നത്. പക്ഷേ ഇതു കേരളമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം’- സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button