Latest NewsKerala

പള്ളിയില്‍ നിന്നുള്ള അനുഗ്രഹമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ മന്ത്രവാദം: പൂജക്ക് ആർത്തവരക്തം മുതൽ ഓന്തിന്റെ തലവരെ

യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല.

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവതിയുടെ നേതൃത്വത്തില്‍ വീട് കേന്ദ്രീകരിച്ച്‌ ദുര്‍മന്ത്രവാദ തട്ടിപ്പ് നടക്കുന്നതായി ആരോപണം. മന്ത്രവാദത്തിനായി ലക്ഷങ്ങളാണ് ഇരകളില്‍ നിന്ന് തട്ടിയെടുക്കുന്നത്. അതേസമയം, യുവതിക്കൊപ്പമുള്ള ഗുണ്ടാസംഘത്തെ ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല. പൂജകള്‍ക്കായി രണ്ട് ലക്ഷത്തോളം രൂപയാണ് ഫീസിനത്തില്‍ വാങ്ങുന്നത്. പൂജാസാമഗ്രികള്‍ അടങ്ങിയ ‘കിറ്റ്’ ഇവര്‍ തന്നെ ലഭ്യമാക്കും. തിരുവനന്തപുരത്തെ പ്രശസ്തമായ മുസ്ലിം പള്ളിയില്‍ നിന്നുള്ള അനുഗ്രഹമാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.

സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ ചൂഷണം ചെയ്താണ് പുത്തന്‍തെരുവിന് സമീപത്തെ വീട് കേന്ദ്രീകരിച്ച്‌ 43 വയസുള്ള യുവതിയുടെ നേതൃത്വത്തില്‍ ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും നടത്തുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ 36 വയസുള്ള യുവാവിനൊപ്പമാണ് വീട്ടില്‍ കഴിയുന്നത്. അര്‍ദ്ധരാത്രയോടെയാണ് മന്ത്രവിദ്യകള്‍. അട്ടഹാസവും ഭീതിയുണര്‍ത്തുന്ന ശബ്ദങ്ങളും പുറപ്പെടുവിച്ച്‌ ഇരകളുടെ കണ്ണില്‍ പൊടിയിടുന്ന കലാപരിപാടിയാണ് നടക്കുന്നതെന്ന് തട്ടിപ്പിലകപ്പെട്ട കുടുംബത്തിലെ യുവാവ് പറയുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നും നിരവധി പേര്‍ ഇപ്പോഴും ഇവിടെയെത്തുന്നുണ്ട്. മക്കളുടെ ജാതകദോഷം മുതല്‍ കുട്ടികളുണ്ടാകാനും ശത്രുവിന്റെ നാശം കാണാനുമെല്ലാം മന്ത്രവാദത്തിനെത്തുന്നവരാണ് ഏറെ. കോഴി, തവള, ഓന്ത്, പല്ലി, പൂച്ച എന്നിവയുടെ അറുത്തെടുത്ത തല, എരിക്ക്, ആട്ടിന്‍രോമം, എണ്ണ, ആര്‍ത്തവ രക്തം, തിപ്പലി, ചമതകള്‍, നീല ഉമ്മം, കടലാടി തുടങ്ങിയവയാണ് പൂജ സാമഗ്രികൾ.

സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് 20,000 മുതല്‍ 30,000 രൂപ വരെയുള്ള പൂജാ കിറ്റുകള്‍ നൽകുന്നു. വെള്ളിയാഴ്ചയും അമാവാസിയിലും മന്ത്രവാദങ്ങളുടെ എണ്ണം കൂടും. ധനലാഭം, രോഗശാന്തി, ആഗ്രഹ സാഫല്യം, മനസമാധാനം തുടങ്ങിയവയ്ക്കും പൂജകള്‍ നടത്തും. യജ്ഞം, പൂജ, ബാധയൊഴിപ്പിക്കല്‍, ജിന്നുസേവ, അറബിമാന്ത്രികം, ഇസ്മിന്റെ പണി എന്നിങ്ങനെ പല പേരുകളിലാണ് ഇവരുടെ മന്ത്രവാദം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button