KeralaLatest News

‘മാര്‍ഗതടസമുണ്ടാക്കി, ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളി’: ഓട്ടോ ഡ്രൈവർ റഫീഖിനെ വിടാതെ പൊലീസ്

പ്രകോപിതനായ ഇയാള്‍ എസ്‌ഐയോടൊപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളിയെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

ഇടുക്കി : വണ്ടിപ്പെരിയാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ റഫീഖിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. ഐപിസി 332,353 എന്നിവയ്ക്ക് പുറമെ കെപി ആക്ട് (കേരള പൊലീസ് ആക്ട്)117 ഇ വകുപ്പുകളാണ് റഫീഖിനെതിരെ ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് എട്ടുവരെ റിമാന്റില്‍ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ചാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസമുണ്ടാക്കുന്ന രീതിയില്‍ റോഡിന് നടുവില്‍ ഓട്ടോ നിര്‍ത്തിയിട്ട് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാര്‍ഗ തടസമുണ്ടാക്കുകയായിരുന്നു റഫീഖ്. ഇത് ചോദ്യം ചെയ്യാനെത്തിയ എസ്‌ഐ വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ സഹകരിച്ചില്ല. തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ എസ്‌ഐയോടൊപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളിയെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയാണെങ്കില്‍ ഇയാള്‍ തുടര്‍ന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്നുമാണ് വണ്ടിപ്പെരിയാര്‍ എസ്‌ഐ ജെഫി ജോര്‍ജ് പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിക്ക് മുന്നില്‍ ഹാജരാക്കിയ അപേക്ഷയില്‍ പറയുന്നത്.

അതേസമയം, യൂണിഫോം ധരിക്കാത്തതിനാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പത്തോളം പൊലീസുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റഫീഖിനെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

shortlink

Post Your Comments


Back to top button