KeralaLatest NewsNews

താലിബാന്‍ ഭീകരതയെ അനുകൂലിക്കുന്നവരെ എന്ത് പറയാന്‍, തീവ്രവാദം മനുഷ്യരുടെ സ്വസ്ഥത ഇല്ലാതാക്കും : ബഷീര്‍ വള്ളിക്കുന്ന്

തിരുവനന്തപുരം: ബാബരി മസ്ജിദ് പൊളിച്ചു മാറ്റിയവരും ബാമിയാനിലെ പ്രതിമകള്‍ തകര്‍ത്ത താലിബാന്‍ ഭീകരരും സംസാരിക്കുന്നത് ഒരേ വൈകാരികതയോടെയാണെന്ന് സാമൂഹിക നിരീക്ഷകനും ബ്ലോഗറുമായ ബഷീര്‍ വളളിക്കുന്ന്. അത്തരം വൈകാരികതകളെ വളരാന്‍ അനുവദിക്കരുത്, അവയ്ക്ക് വെള്ളവും വളവും നല്‍കരുത്. നല്‍കിയാല്‍ അത് ആ രാജ്യത്തെ ജനതയുടെ സ്വസ്ഥതയും ജീവശ്വാസവും ഇല്ലാതാക്കിയിട്ടേ അവസാനിക്കൂ. അഫ്ഗാനിസ്ഥാനില്‍ നിന്ന് പഠിക്കേണ്ട ആദ്യ പാഠം അതാണെന്നും ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : കാബൂളില്‍ നിന്നും വരുന്ന വാര്‍ത്തകളില്‍ ലോകത്തിന് ആശങ്ക

ബാമിയാനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്തപ്പോള്‍ അതിനെ ന്യായീകരിച്ചവരും താത്വിക മാനം നല്‍കിയവരേയും ഇവിടെ കണ്ടിരുന്നു. നാസര്‍ മുഹമ്മദിനെ കൊന്നതിന് കാല്‍പ്പനിക മാനം നല്‍കുന്നവരും കണ്ടേക്കും. തത്ക്കാലം നാട്ടുകാരെ പേടിച്ച് പുറത്ത് പറയാത്തതാവാം. ബഷീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

‘അഫ്ഗാനിസ്ഥാന്‍ പൂര്‍ണ്ണമായും താലിബാന്റെ പിടിയിലേക്ക് വീഴുകയാണ്. കാബൂളടക്കം അവശേഷിക്കുന്ന ഏതാനും ഇടങ്ങള്‍ കൂടി അവരുടെ കയ്യിലെത്താന്‍ ഇനിയെത്ര ദിവസം ബാക്കിയുണ്ട് എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു ജനത സമ്പൂര്‍ണ്ണമായി മത തീവ്രവാദികളുടെ ആയുധക്കരുത്തിന് മുന്നില്‍ ഒരു നിവൃത്തിയുമില്ലാതെ കീഴടങ്ങാന്‍ പോകുന്ന ദുരന്തമാണ് നാം കാണാന്‍ പോകുന്നത്’.

‘ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ദാനിഷ് സിദ്ദിഖിയുടെ കൊല നാം കണ്ടു. ഹാസ്യ താരം നസര്‍ മുഹമ്മദ് കൊല്ലപ്പെട്ടത് നാം കണ്ടു. മൃഗീയമായ കൊലകള്‍. മതത്തിന്റെ പേരിലാണ്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് ചെയ്യുന്ന പണിയാണ്. അധിനിവേശ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചക്കൊപ്പം, സംഗീതവും സിനിമയും ഫോട്ടോയുമൊക്കെ നിഷിദ്ധമാക്കി മതത്തെ വിചാരശൂന്യതയുടെ ഒരു നേര്‍രേഖയിലേക്ക് വലിച്ചു കൊണ്ട് വരുന്നതിന്റെ ബാക്കിപത്രം കൂടിയാണിത്. ബുദ്ധിയും ചിന്തയും ലവലേശമില്ലാത്ത ഏതാനും വികാരജീവികളുടെ കയ്യിലെ ആയുധമായി മതം മാറുമ്പോള്‍ ഇതും ഇതിലധികവും സംഭവിക്കും. ഇത്തരം ചിന്താധാരകള്‍ പൊട്ടിമുളക്കുന്ന വേളയിലും അവ പതിയെ പടരുന്ന സമയത്തും ഒട്ടും പ്രതിരോധിക്കാതെ നോക്കി നിന്നാല്‍ ഇതുപോലുള്ള ദുരന്തങ്ങളില്‍ അത് പര്യവസാനിക്കും. അവ മണ്ണില്‍ കൂടുതല്‍ വേരുകളാഴ്ത്തി സമ്പൂര്‍ണ്ണമായി പിടിമുറുക്കി കഴിഞ്ഞാല്‍ പിന്നെ പ്രതിരോധമില്ല, അനുഭവിക്കുക തന്നെ’.

‘ബാമിയാനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്തപ്പോള്‍ അതിനെ ന്യായീകരിച്ചവരും താത്വിക മാനം നല്കിയവരേയും ഇവിടെ കണ്ടിരുന്നു. നാസര്‍ മുഹമ്മദിനെ കൊന്നതിന് കാല്‍പ്പനിക മാനം നല്‍കുന്നവരും കണ്ടേക്കും. തത്ക്കാലം നാട്ടുകാരെ പേടിച്ച് പുറത്ത് പറയാത്തതാവാം’.

‘തീവ്രവാദം അതേത് മതത്തിന്റെ പേരിലായാലും മനുഷ്യരുടെ സ്വസ്ഥത ഇല്ലാതാക്കിയേ അവസാനിക്കൂ. അത്തരം വൈകാരികതകളെ വളരാന്‍ അനുവദിക്കരുത്, അവയ്ക്ക് വെള്ളവും വളവും നല്‍കരുത്. നല്‍കിയാല്‍ അത് ആ രാജ്യത്തെ ജനതയുടെ സ്വസ്ഥതയും ജീവശ്വാസവും ഇല്ലാതാക്കിയിട്ടേ അവസാനിക്കൂ. അഫ്ഗാനിസ്ഥാനില്‍ നിന്ന് പഠിക്കേണ്ട ആദ്യ പാഠം അതാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button