Latest NewsKeralaNews

‘പഴയ തോക്ക് കിട്ടുമോ’: മാനസ കേസിൽ പ്രതികളെ പിടികൂടിയത് സിനിമാസ്റ്റൈലിൽ

മനീഷിനെ പട്നയിൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി. ഇരുവരെയും കോവിഡ് പരിശോധന നടത്തി വിമാനമാർഗം കേരളത്തിലേക്ക് കൊണ്ടു പോകാൻ അനുമതി വാങ്ങിയ ശേഷം കേരള പൊലീസ് സംഘം കൊച്ചിയിൽ എത്തിച്ചു.

പട്ന : ഹൗസ് സർജൻ വിദ്യാർത്ഥിനി പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത രഖിലിനു കള്ളത്തോക്കു വിറ്റവരെ പിടികൂടിയത് കേരള – ബിഹാർ പൊലീസ് സംയുക്ത ഓപ്പറേഷനിൽ. അധോലോക സംഘങ്ങളുടെ കേന്ദ്രമായ മുൻഗറിൽ ലോക്കൽ പൊലീസിനെ അറിയിക്കാതെ അതീവരഹസ്യമായാണ് സിനിമാ സ്റ്റൈൽ ഓപ്പറേഷൻ നടത്തിയത്. ബിഹാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടു മാത്രമാണ് ഓപ്പറേഷൻ വിവരങ്ങൾ കേരള പൊലീസ് കൈമാറിയത്.

ആലുവയിൽ കേരള പൊലീസ് സൈബർ ടീമാണ് പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് ബിഹാറിലെത്തിയ കേരള പൊലീസ് സംഘത്തിന് അപ്പപ്പോൾ വിവരങ്ങൾ കൈമാറിയത്. കേരള പൊലീസിനെ സഹായിക്കാൻ മുൻഗർ എസ്പി ജഗന്നാഥ റെഡ്ഡി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ‘പഴയ തോക്ക് കിട്ടുമോ’ എന്നു ചോദിച്ചാണ് കേരളത്തിൽനിന്നുള്ള പൊലീസ് സംഘം സോനുകുമാറിനെ ബന്ധപ്പെട്ടത്.

Read Also: കടകൾ തുറക്കാൻ അനുവാദം നൽകണം: ഹൈക്കോടതിയിൽ ഹർജി നൽകി വ്യാപാരികൾ

മുൻഗർ ജില്ലയിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്താൻ സോനുകുമാർ അറിയിച്ചു. സാധാരണ വേഷത്തിലാണ് പൊലീസ് സംഘം എത്തിയതെങ്കിലും സോനുവിന്റെ സംഘത്തിലെ ചിലർക്ക് ബിഹാർ പൊലീസിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയാനായി. ഇവർ പ്രത്യാക്രമണത്തിനു മുതിർന്നെങ്കിലും ബിഹാർ പൊലീസ് തുടർച്ചയായി വെടിയുതിർത്തു പിടികൂടുകയായിരുന്നു. സോനുവിനെ മുൻഗർ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി കേരളത്തിലേക്കു കൊണ്ടുപോകാൻ ട്രാൻസിറ്റ് വാറന്റ് വാങ്ങിയ ശേഷം പട്നയിൽ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാക്കി.

കൂട്ടുപ്രതിയായ മനീഷ് കുമാറിനെ കൂടി പിടികൂടാനായിരുന്നു അടുത്ത ശ്രമം. ടാക്സി ഡ്രൈവറായ മനീഷിന്റെ ലൊക്കേഷൻ മനസിലാക്കിയ ശേഷം പട്നയിലെ പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണു പിടികൂടിയത്. മനീഷിനെ പട്നയിൽ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി. ഇരുവരെയും കോവിഡ് പരിശോധന നടത്തി വിമാനമാർഗം കേരളത്തിലേക്ക് കൊണ്ടു പോകാൻ അനുമതി വാങ്ങിയ ശേഷം കേരള പൊലീസ് സംഘം കൊച്ചിയിൽ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button