Kallanum Bhagavathiyum
Onam 2021Onam NewsOnam HistoryArticleNewsSpecials

ഇന്ന് അത്തം അഞ്ച്: ഓണത്തിന്റെ ചരിത്ര പശ്ചാത്തലത്തിലൂടെ

കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിന്റെ ചരിത്രം തികയുന്നത് ഏറെ കൗതുകകരമായ ഒരു കാര്യമാണ്. മഹാബലി എന്ന ഒരു രാജാവിനെ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് കേരളചരിത്രത്തില്‍ കാണാന്‍ കഴിയില്ല. സംഘകാല സാഹിത്യകൃതികളില്‍ ഒന്നായ ‘പതിറ്റുപ്പത്തി’ലെ ചേരമൂപ്പന്മാരുടെ കൂട്ടത്തില്‍ മഹാബലി ഇല്ല. ഏ.ഡി. 800 മുതല്‍ 1124 വരെ കേരളം ഭരിച്ച കുലശേഖരചേരന്മാരുടെ കൂട്ടത്തിലും മഹാബലി ഇല്ല. മധ്യകാലകേരളത്തിലെ സ്വരൂപങ്ങളിലും സങ്കേതങ്ങളിലുമൊന്നും മഹാബലിയെ കാണാന്‍ കഴിയില്ല.

ഓണത്തിന്റെ യഥാര്‍തമായ ഉത്ഭവം അസ്സീറിയയില്‍ നിന്നാണെന്ന് എന്‍.വി. കൃഷ്ണവാര്യരെപ്പോലുള്ള പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അസ്സീറിയയിലെ ‘നിനോവ’യില്‍ നടന്ന ഉദ്ഖനനങ്ങളില്‍നിന്ന് അസ്സീറിയ ഭരിച്ച ‘ബെലെ’ രാജാക്കന്മാരുടെ സമത്വാധിഷ്ഠിതമായ ഭരണവ്യവസ്ഥയെക്കുറിച്ചുള്ള അനേകം ചരിത്രപരമായ തെളിവുകള്‍ ലഭിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അസ്സീറിയ വാണ ‘അസുര്‍ ബനിപാല്‍’ രാജാവാണ് ഓണക്കഥ സൂചിപ്പിക്കുന്ന മഹാബലി എന്നു എന്‍.വി വിവരിക്കുന്നു. അവിടുത്തെ സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നതെന്നും എന്‍.വി തെളിവായി സൂചിപ്പിക്കുന്നുണ്ട്. അസ്സീറിയയില്‍നിന്നു ലോകത്തിന്റെ കുടിയേറിയ ജനവിഭാഗങ്ങള്‍ അവരുടെ പ്രാക്തനസ്മൃതികളോടൊപ്പം സമത്വം നിലനിന്നിരുന്ന പുരാതനവ്യവസ്ഥയുടെ കഥകളും വ്യക്തമാക്കുന്നു. പക്ഷെ ഈ വാദത്തിന് അധികം പ്രചാരം കേരളത്തിൽ ലഭിച്ചില്ല.

തമിഴകത്ത് സംഘകാലത്ത് ഓണം വിപുലമായി ആഘോഷിച്ചിരുന്നതായി പത്തുപാട്ടിലെ ഒരു കൃതിയായ ‘മധുരൈ കാഞ്ചി’ സൂചന നല്‍കുന്നു. തിരുവോണം നക്ഷത്രരാശിയും പരുന്തുമായുള്ള സാദൃശ്യം നിമിത്തം ആവണി മാസത്തിലെ തിരുവോണം നാള്‍ ഗരുഡവാഹനന്‍ വിഷ്ണുവിന്റെ പിറന്നാളായി ആചരിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് പത്തുദിവസത്തെ ആഘോഷം പാണ്ഡ്യരാജധാനിയില്‍ നടന്നിരുന്നു. മധുരയിലെ ഓണാഘോഷത്തിൽ ‘ഓണസദ്യയും’ പ്രധാനമായിരുന്നു. മറ്റൊരു വൈഷ്ണവകൃതിയായ പെരിയാഴ്വാരുടെ തിരുപല്ലണ്ടിലും ഓണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പിന്നീടു വൈഷ്ണവ-ശൈവ ഭക്തിപ്രസ്ഥാനകാലത്ത് നരസിംഹാവതാരദിനമായും പരാമര്‍ശിക്കപ്പെടുന്നു. സംഘകാല കൃതികളിൽ ഓണമാണൊ പില്‍ക്കാലത്ത് കേരളത്തിന്റെ വിളവെടുപ്പുത്സവമായി പരിണമിച്ചത് എന്നു വ്യക്തമല്ല.

മറ്റൊരു വാദം ഓണം നടപ്പാക്കിയത് ഏ.ഡി. നാലാം നൂറ്റാണ്ടില്‍ തൃക്കാക്കര തലസ്ഥാനമാക്കി ഇവിടം ഭരിച്ചിരുന്ന മന്ഥ രാജാവ് ആണ്‌ എന്നതാണ്. അലഹബാദ് സ്തംഭം ലിഖിതങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ഉള്ളതിനാല്‍ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കര ആക്രമിക്കുകയും എന്നാല്‍ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമര്‍ത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തന്‍ സന്ധിക്കപേക്ഷിക്കുകയും തുടര്‍ന്ന് കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ എത്തുകയും ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളില്‍ പറയുന്നു.

കേരളത്തിലേക്കുള്ള വൈദികബ്രാഹ്മണരുടെ കുടിയേറ്റത്തിനു ശേഷമായിരിക്കണം മഹാബലിയുടെ ഐതിഹ്യം രൂപംകൊണ്ടത് എന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. ലഭ്യമായ തെളിവുകളനുസരിച്ച് സംഘകാലത്തിനു ശേഷവും ചേരപെരുമാളന്മാരുടെ കാലത്തിനു മുന്‍പും (ഏ.ഡി. 400-800) കേരളത്തിലേക്കുള്ള തുളുനാട്ടില്‍നിന്നുള്ള ബ്രാഹ്മണ കുടിയേറ്റം ഉണ്ടായത്. ഏ.ഡി. 800 നു ശേഷം രൂപംകൊണ്ട കുലശേഖരചേരന്മാരുടെ രാജ്യം തികച്ചും ബ്രാഹ്മണാധിപത്യത്തിന്‍ കീഴിലായിരുന്നു. ബ്രാഹ്മണാധിപത്യത്തിലുള്ള വര്‍ഗാധിഷ്ഠിതമായ കാര്‍ഷിക സമ്പദ്ഘടന രൂപംകൊള്ളുന്നതിനു മുന്‍പുണ്ടായിരുന്ന ഗോത്രങ്ങളില്‍ പ്രചരിച്ചിരുന്ന മിത്തായിരിക്കണം മഹാബലിക്കഥയായി രൂപാന്തരപ്പെട്ടത്. കേരളത്തിന്റെ ഭൂമിയിന്മേല്‍ ബ്രാഹ്മണാധിപത്യത്തെ സാധൂകരിക്കുന്ന കഥകൂടിയാണ് മഹാബലി ഐതിഹ്യം.

ഓണത്തെക്കുറിച്ചുള്ള കേരളത്തിലെ ആദ്യത്തെ ആധികാരിക രേഖകള്‍ പെരുമാള്‍കാലത്തെ ശാസനങ്ങളാണ്. തിരുവാറ്റുവായ് ശാസനം (ഏ.ഡി. 861), തൃക്കാക്കര ശാസനം (ഏ.ഡി. 1004) , താഴേക്കാട് പള്ളി ശാസനം (ഏ.ഡി. 11-ആം നൂറ്റാണ്ട്), തിരുവല്ല ചേപ്പേടുകള്‍ (ഏ.ഡി. 12-ആം നൂറ്റാണ്ട്) എന്നീ ലിഖിതങ്ങളിലാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. 150 ഓളം വരുന്ന പെരുമാള്‍ ശാസനങ്ങള്‍ ക്ഷേത്രസ്വത്ത് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ചേരശാസങ്ങളിലെ സൂചനകള്‍ പ്രകാരം ക്ഷേത്രകേന്ദ്രീകൃതമായിരുന്നഒരു കാര്‍ഷിക ഉത്സവമായിരുന്നു ഓണം. പെരുമാള്‍കാലത്തിനു ശേഷം ക്ഷേത്രഭൂമി കൈകാര്യം ചെയ്തിരുന്ന കാരാളന്മാരാണ് ഇന്നു കാണുന്ന വിധത്തില്‍ മഹാബലി സങ്കല്പത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള ആഘോഷം തുടങ്ങിയതെന്നു എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെടുന്നു.

മദ്ധ്യകാല സാംസ്കാരിക ഭാവുകത്വത്തിന്റെ സ്ഥാപനവല്‍കൃത രൂപമായിരുന്നു ക്ഷേത്രങ്ങള്‍. ഓണം ഒരു ആഘോഷമായി പല ക്ഷേത്രങ്ങളും കൊണ്ടാടിയിരുന്നു. സ്ഥാണുരവിപ്പെരുമാളുടെ പതിനേഴാം ഭരണവര്‍ഷത്തിലുള്ള (ഏ.ഡി. 861) തിരുവാറ്റുവായ് ചെമ്പട്ടയമാണ് ഓണത്തെക്കുറിച്ച് പരാമര്‍ശമുള്ള ആദ്യ ക്ഷേത്രരേഖ. ഭാസ്കരരവിയുടെ തൃക്കാക്കര ലിഖിതത്തില്‍ (ഏ.ഡി. 1004) പൂരാടം മുതല്‍ തിരുവോണം വരേയുള്ള മൂന്നു ദിവസങ്ങളില്‍ ശാന്തിക്കാരെ ഊട്ടുന്ന ചിലവിലേയ്ക്ക് ഭൂമി ദാനം ചെയ്തതായി കാണുന്നു. ഓണാഘോഷത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദ്യം തിരുവല്ലാ ചെപ്പേടുകളില്‍ കാണാം. തിരുവല്ലാ ക്ഷേത്രത്തിലെ ഓണാഘോഷത്തിനായി ദാനംചെയ്യപ്പെട്ട ഭൂസ്വത്തിന്റെ മേല്‍നോട്ടത്തിനായി ഒരു ട്രസ്റ്റ് ഉണ്ടായിരുന്നതായി രാജന്‍ ഗുരുക്കള്‍ പറയുന്നുണ്ട്. ആതുരശാലകളിലെ അന്തേവാസികള്‍ക്ക് ഓണത്തിന് ഊട്ട് ഏര്‍പ്പെടുത്തിയിരുന്നതായി തിരുവല്ലാചെപ്പേടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചില വിദേശസഞ്ചാരികളുടെ കൃതികളിലും ഓണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബിസഞ്ചാരി അല്‍ബറൂണിയും ഏ.ഡി. 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ഇദ്രീസിയും 1159ല്‍ വന്ന ഫ്രഞ്ച്‌ സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌.

Read Also:- സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം: പ്രീമിയർ ലീഗിൽ സിറ്റിക്ക് തോൽവി

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മുതൽ കർണാടകയിലെ കുന്താപുരം വരെ നീളുളള തുളുനാട്ടിൽ തുലാംമാസത്തിലെ ദീപാവലിദിവസം മഹാബലിയെ വിളക്കും പൂക്കളും വെച്ച് വരവേൽക്കുന്ന ചടങ്ങാണ് പൊലിയന്ത്രം എന്നറിയപ്പെടുന്നത്. ബലീന്ദ്രപൂജ ലോപിച്ചാണ് പൊലിയന്ത്രം എന്ന വാക്കുണ്ടായതെന്ന് കരുതപ്പെടുന്നു. ശാസ്താക്ഷേത്രങ്ങളിലും തെയ്യസ്ഥാനങ്ങളിലും വീടുകളിലും ഇപ്പോഴും ഈ ചടങ്ങ് നടക്കുന്നുണ്ട്. ചരിത്രത്തിന്റെ വിവിധഘട്ടങ്ങളിൽ മനുഷ്യർ അവരുടെ സങ്കൽപങ്ങൾക്കനുസരിച്ച് സൃഷ്ടിച്ച ഐതിഹ്യങ്ങളിൽ മാറ്റം വന്നെങ്കിലും ഓണാഘോഷം ഇന്നും തുടരുന്നു.

shortlink

Related Articles

Post Your Comments


Back to top button