Onam 2023Latest NewsNews

ഓണത്തിന്റെ ചരിത്ര പശ്ചാത്തലത്തിലൂടെ

ഓണത്തെ കുറിച്ച് പല ഐതീഹ്യങ്ങൾ നിലവിലുണ്ട്. ഇത്തവണ നമുക്ക് ഓണത്തിന്റെ ചരിത്രം പരിശോധിക്കാം. കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിന്റെ ചരിത്രം തികയുന്നത് ഏറെ കൗതുകകരമായ ഒരു കാര്യമാണ്. മഹാബലി എന്ന ഒരു രാജാവിനെ ചരിത്രത്തിൽ കാണാൻ കഴിയില്ല. സംഘകാല സാഹിത്യകൃതികളില്‍ ഒന്നായ ‘പതിറ്റുപ്പത്തി’ലെ ചേരമൂപ്പന്മാരുടെ കൂട്ടത്തില്‍ മഹാബലി ഇല്ല. ഏ.ഡി. 800 മുതല്‍ 1124 വരെ കേരളം ഭരിച്ച കുലശേഖരചേരന്മാരുടെ കൂട്ടത്തിലും മഹാബലി ഇല്ല. മധ്യകാലകേരളത്തിലെ സ്വരൂപങ്ങളിലും സങ്കേതങ്ങളിലുമൊന്നും മഹാബലിയെ കാണാന്‍ കഴിയില്ല.

ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. കേരളത്തിൽ പണ്ടു മുതൽക്കേ ഇടവമാസം‍ മുതൽ കർക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല. ഈർപ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകൾക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങൾ. കപ്പലോട്ടവും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാം നിർത്തിവയ്ക്കും. കപ്പലുകൾ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും. എന്നാൽ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്. സാഹസികരായ നാവികർ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത്.

മറ്റൊരു വാദം ഓണം നടപ്പാക്കിയത് ഏ.ഡി. നാലാം നൂറ്റാണ്ടില്‍ തൃക്കാക്കര തലസ്ഥാനമാക്കി ഇവിടം ഭരിച്ചിരുന്ന മന്ഥ രാജാവ് ആണ്‌ എന്നതാണ്. അലഹബാദ് സ്തംഭം ലിഖിതങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ഉള്ളതിനാല്‍ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കര ആക്രമിക്കുകയും എന്നാല്‍ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമര്‍ത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തന്‍ സന്ധിക്കപേക്ഷിക്കുകയും തുടര്‍ന്ന് കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ എത്തുകയും ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളില്‍ പറയുന്നു.

ഓണത്തെക്കുറിച്ചുള്ള കേരളത്തിലെ ആദ്യത്തെ ആധികാരിക രേഖകള്‍ പെരുമാള്‍കാലത്തെ ശാസനങ്ങളാണ്. തിരുവാറ്റുവായ് ശാസനം (ഏ.ഡി. 861), തൃക്കാക്കര ശാസനം (ഏ.ഡി. 1004) , താഴേക്കാട് പള്ളി ശാസനം (ഏ.ഡി. 11-ആം നൂറ്റാണ്ട്), തിരുവല്ല ചേപ്പേടുകള്‍ (ഏ.ഡി. 12-ആം നൂറ്റാണ്ട്) എന്നീ ലിഖിതങ്ങളിലാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മുതൽ കർണാടകയിലെ കുന്താപുരം വരെ നീളുന്ന തുളുനാട്ടിൽ തുലാംമാസത്തിലെ ദീപാവലി ദിവസം മഹാബലിയെ വിളക്കും പൂക്കളും വെച്ച് വരവേൽക്കുന്ന ചടങ്ങാണ് പൊലിയന്ത്രം എന്നറിയപ്പെടുന്നത്. ബലീന്ദ്രപൂജ ലോപിച്ചാണ് പൊലിയന്ത്രം എന്ന വാക്കുണ്ടായതെന്ന് കരുതപ്പെടുന്നു. ശാസ്താക്ഷേത്രങ്ങളിലും തെയ്യസ്ഥാനങ്ങളിലും വീടുകളിലും ഇപ്പോഴും ഈ ചടങ്ങ് നടക്കുന്നുണ്ട്. ചരിത്രത്തിന്റെ വിവിധഘട്ടങ്ങളിൽ മനുഷ്യർ അവരുടെ സങ്കൽപങ്ങൾക്കനുസരിച്ച് സൃഷ്ടിച്ച ഐതീഹ്യങ്ങളിൽ മാറ്റം വന്നെങ്കിലും ഓണാഘോഷം ഇന്നും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button