Latest NewsNewsIndia

നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള മലയാളികളെ താലിബാന്‍ ഭീകരര്‍ വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ട്

ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവതികള്‍ ഉള്‍പ്പെടെ നിരവധി ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ച സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയില്‍. സ്വന്തം നാട്ടിലേയ്ക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചവരായിരുന്നു ഐഎസിലെത്തിയ മലയാളികള്‍. മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇപ്പോള്‍ ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയായിരിക്കും അതിര്‍ത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക. രാജ്യസുരക്ഷ കണക്കിലെടുത്ത് ഐഎസില്‍ ചേരാന്‍ പോയവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന്‍ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ്ഗാന്‍ ജയിലില്‍ നിന്ന് മോചിതരായത്. കഴിഞ്ഞ വര്‍ഷം കാബൂളിലെത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. വിധവകളെ താലിബാന്‍ ഭീകരര്‍ക്ക് വിവാഹം കഴിച്ചു കൊടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ ഇവര്‍ക്ക് അഫ്ഗാന്‍ വിടാന്‍ കഴിയില്ല.

Read Also : ഇന്ത്യ നിര്‍മ്മിച്ച് മോദി ഉദ്ഘാടനം ചെയ്ത അഫ്ഗാന്‍ പാര്‍ലമെന്റില്‍ താലിബാന്റെ വിളയാട്ടം

ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ 2016-ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇന്ത്യ ഇവരെ സ്വീകരിച്ചിരുന്നില്ല. ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചത്.

മകളെയും ചെറുമകള്‍ ഉമ്മു കുല്‍സുവിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമാണ് ബിന്ദുവിന്റെ ആവശ്യം. ഇത് നടക്കില്ലെന്ന സൂചനയാണ് ഈ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. 2016 ല്‍ ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ നിരവധി പേരെയാണ് കാബൂളിലെ രണ്ട് ജയിലുകളില്‍നിന്നു താലിബാന്‍ മോചിപ്പിച്ചിരിക്കുന്നത്.

എന്‍ഐഎ പട്ടികയിലുള്ള, മലയാളികളായ ഒമ്പത് ഐഎസ് അംഗങ്ങളെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. ഏതാണ്ട് 25 ഇന്ത്യക്കാരാണ് കാബൂളിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്നത്.
ഭീകരനായിരുന്ന ബെക്സന്‍ വിന്‍സെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിന്‍ വിന്‍സെന്റിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെര്‍ലിന്‍ ജേക്കബ് പാലത്ത്. ഭര്‍ത്താവ് ബെസ്റ്റിന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരന്‍ അബ്ദുള്‍ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുന്‍ ഭാര്യമാരിലൊരാള്‍ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവര്‍ത്തകന്‍ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയില്‍.

കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ, 2013 സെപ്റ്റംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. പെണ്‍കുട്ടിയെ കാസര്‍കോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലാണ് നിമിഷയുടെ മതപരിവര്‍ത്തനത്തെക്കുറിച്ചും തുടര്‍ന്നുള്ള ഐഎസം ബന്ധത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

അസ്വാഭാവിക സാഹചര്യത്തില്‍ കാണാതായ നിമിഷയുമായി 2016 ജൂണ്‍ 4-ന് ശേഷം വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല. ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും നേരത്തെ വ്യക്തമാക്കിയിരുന്നു. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button