ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിലെ ജനാധിപത്യം തകർത്തത് പാകിസ്ഥാനാണെന്ന് കാബൂളിൽ നിന്ന് രക്ഷപ്പെട്ട പോപ്പ് താരം ആര്യാന സയീദ്. താലിബാന് പണവും സൗകര്യവുമെത്തിക്കുന്നത് പാകിസ്ഥാനാണ്. തന്റെ രാജ്യത്തിന് നേരിട്ട ഈ പ്രതിസന്ധി മറികടക്കാൻ അന്താരാഷ്‌ട്ര സമൂഹം സഹായിക്കണമെന്നും ആര്യാന അഭ്യർത്ഥിച്ചു.
‘അഫ്ഗാനിസ്ഥാനിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം പാകിസ്ഥാനാണ്. താലിബാന് പാകിസ്ഥാൻ ധനസഹായം ചെയ്യുന്നുണ്ടെന്ന് ഇപ്പോൾ ഞങ്ങൾക്കെല്ലാം അറിയാം. താലിബാൻ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നത് പാകിസ്ഥാനിലാണ്. കുറച്ച് ദിവസം കൊണ്ട് അഫ്ഗാൻ മുഴുവൻ താലിബാൻ പിടിച്ചടക്കിയത് വിശ്വസിക്കാനാവുന്നില്ല’- ആര്യാന പറഞ്ഞു.
അതേസമയം, തങ്ങളുടെ രാജ്യത്തിന്റെ ഉറ്റ സുഹൃത്ത് ഇന്ത്യ മാത്രമാണെന്ന് ആര്യാന പറഞ്ഞു.
അഫ്ഗാന് വേണ്ട എല്ലാ സഹായങ്ങളും ഇന്ത്യയാണ് നൽകുന്നത്. സൈനികരുടെ പരിശീലനം, യുവാക്കളുടെ ഉപരിപഠനം, അഫ്ഗാനിലെ നിർമ്മാണ പ്രവർത്തനം എല്ലാം ഇന്ത്യ ഏകോപിപ്പിക്കുകയാണ്. ഇന്ത്യ നൽകുന്ന എല്ലാ സേവനങ്ങളുടേയും വില ഇന്ന് തിരിച്ചറിയുന്നു. ഇന്ത്യൻ ഭരണകൂടത്തിന് എല്ലാ നന്ദിയും അറിയിക്കുകയാണെന്നും ആര്യാന വ്യക്തമാക്കി.
എന്നാൽ, രണ്ട് പതിറ്റാണ്ട് അഫ്ഗാനിൽ തുടർന്ന ശേഷം അമേരിക്ക പെട്ടെന്ന് പിന്മാറിയത് തങ്ങളെ ഞെട്ടിച്ചെന്നും ആര്യാന പറഞ്ഞു. അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും അവർ അർഹിക്കാത്ത പ്രശ്‌നങ്ങളാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
Leave a Comment