Latest NewsKeralaNews

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷം 4,000 കോടി രൂപ ലാഭം: ചർച്ച ചെയ്യാനൊരുങ്ങി സര്‍ക്കാർ

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പെന്‍ഷന്‍ പ്രായമുയത്തുന്നതിന്റെ സാമ്പത്തിക വശമാണ് സര്‍ക്കാരിനെ അകര്‍ഷിക്കുന്ന ഘടകം.

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഎമ്മും ഇടതുമുന്നണിയും. തിടുക്കത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന വര്‍ഷം 4,000 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാനാകും. പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഏറ്റവും പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നത് പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആക്കണമെന്ന ശുപാര്‍ശയാണ്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകള്‍ എതിര്‍പ്പ് വ്യക്തമാക്കി കഴിഞ്ഞു.

ശുപാര്‍ശ നടപ്പിലാക്കുമോ എന്ന ചോദ്യത്തോട് ഇന്നലെ ധനമന്ത്രി കെ.എന്‍. ബാലഗോപാലോ സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനോ നിലപാട് വ്യക്തമാക്കിയില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന് പറയാന്‍ ഇരുവരും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക് പല തവണ വ്യക്തമാക്കിയിരുന്നു. ഇത്തവണ വിഷയം ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണ് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ഉണ്ടാകാത്തത് എന്നാണ് നേതാക്കള്‍ പറയുന്നത്. സിപിഎമ്മും ഇടതുമുന്നണിയും ചര്‍ച്ച ചെയ്ത ശേഷം ശുപാര്‍ശയില്‍ രാഷ്ട്രീയ തീരുമാനമെടുക്കും.

Read Also: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം : രാത്രികാല കര്‍ഫ്യു ഇന്ന് മുതല്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പെന്‍ഷന്‍ പ്രായമുയത്തുന്നതിന്റെ സാമ്പത്തിക വശമാണ് സര്‍ക്കാരിനെ അകര്‍ഷിക്കുന്ന ഘടകം. പ്രതിവര്‍ഷം ഇരുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നു എന്നാണ് കണക്ക്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ആ വര്‍ഷം സര്‍ക്കാരിന് 4,000 കോടി രൂപ ലാഭിക്കാമെന്ന് ശമ്പള പരിഷ്‌കരണ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്. പെന്‍ഷന്‍ പ്രായം സംബന്ധിച്ച് പ്രതിപക്ഷവും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു പെന്‍ഷന്‍ പ്രായം 56 ആക്കിയത്. തിങ്കളാഴ്ച യുഡിഎഫ് വിഷയം ചര്‍ച്ച ചെയ്തതിന് ശേഷമേ പ്രതിപക്ഷ നിലപാട് വ്യക്തമാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button