KeralaLatest NewsNews

കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തിയ അസ്ഥികൂടം രണ്ടുവര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥന്റെ : കൊലപാതകമെന്ന് ബന്ധുക്കള്‍

 

നെടുങ്കണ്ടം: സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുറ്റിച്ചെടികള്‍ക്കിടയില്‍ കണ്ടെത്തിയ അസ്ഥികൂടം രണ്ടുവര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥന്റേതെന്ന് സൂപ്പറിംപൊസിഷന്‍ പരിശോധനയില്‍ തിരിച്ചറിഞ്ഞു. മാവടി പള്ളേന്തില്‍ സുരേഷിന്റെ അസ്ഥികൂടമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മറ്റ് തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ സുരേഷ് ആത്മഹത്യ ചെയ്തതായാണ് പൊലീസ് പറയുന്നത്.

2019 സെപ്റ്റംബര്‍ മൂന്നിനാണ് സുരേഷിനെ കാണാതായത്. 2020 മേയ് അഞ്ചിനാണ് അസ്ഥികൂടം കണ്ടെത്തിയത്. സുരേഷിനെ കാണാതായതില്‍ പൊലീസ് അന്വേഷണം തൃപ്തികരമാവാതെ ഭാര്യ സുനിത ഹൈക്കോടതിയില്‍ ഹേബിയസ്‌കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിക്കുകയും മുഖ്യമന്ത്രിയുടെ ഓഫിസ് പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് എറണാകുളം റേഞ്ച് ഐ.ജിയോട് വിശദ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടുകയും ചെയ്തു. ഇതിനിടെയാണ് മാവടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്വഭാവികമരണത്തിന് കേസെടുത്തെങ്കിലും നെടുങ്കണ്ടം പൊലീസ് ആത്മഹത്യ എന്നുപറഞ്ഞ്് ഫയല്‍ മടക്കുകയായിരുന്നു.

റേഷന്‍കടയില്‍നിന്ന് വാങ്ങിയ ചാക്കും മണ്ണെണ്ണയും ഉപയോഗിച്ച് ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, റേഷന്‍കടയില്‍നിന്ന് വാങ്ങിയ ചാക്ക് വീട്ടിലുണ്ടെന്നായിരുന്നു ഭാര്യ സുനിതയുടെ മൊഴി. മാത്രമല്ല, കത്തിക്കരിഞ്ഞ മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചതായിരുന്നു. കമ്പികൊണ്ട് ചുറ്റിക്കെട്ടിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തുനിന്ന് ഭാഗികമായി കത്തിക്കരിഞ്ഞ ഷര്‍ട്ടും കൈലിയും മൊബൈല്‍ ഫോണ്‍, തീപിടിച്ച വസ്ത്രങ്ങളുടെ ഏതാനും ഭാഗം, ഇന്ധനം എത്തിച്ച കുപ്പിയുടെ ഭാഗം, ചെരിപ്പ് എന്നിവയും കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, മറ്റ് രണ്ട് ചെരിപ്പും കണ്ടെത്തിയിരുന്നു. ആളൊഴിഞ്ഞ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കേടുപാടുകള്‍ സംഭവിക്കാത്ത ഒരു കുടയും സമീപത്തുണ്ടായിരുന്നു. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി നല്‍കിയ വീട്ടമ്മയെ ജീപ്പിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതും ദുരൂഹത ഉയര്‍ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button