KeralaLatest NewsNews

കെഎസ്ആര്‍ടിസി ബസുകളിലെ മത്സ്യവില്‍പ്പന, പദ്ധതി അവസാനഘട്ടത്തില്‍: വിശദാംശങ്ങള്‍ പങ്കുവെച്ച് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ആരും നടപ്പിലാക്കാത്ത പുതിയ പദ്ധതിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. കട്ടപ്പുറത്തായ കെഎസ്ആര്‍ടിസി ബസുകളിലെ മത്സ്യവില്‍പ്പനയാണ് ലക്ഷ്യം. ഈ പദ്ധതി അവസാനഘട്ടത്തിലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനം ഷോപ്സ് ഓണ്‍ വീല്‍സ് മാതൃകയിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also : ഈ ജില്ലയിലെ 60 ഗ്രാമ പഞ്ചായത്തുകളില്‍ ഇനി ‘സാര്‍’ വിളി ഇല്ല: കൂടുതല്‍ ജനകീയമാക്കാൻ ലക്ഷ്യം

കെഎസ്ആര്‍ടിസിയുടെ പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ രൂപരേഖയുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ ഗതാഗതവകുപ്പും ഫിഷറീസും യോജിച്ച് പ്രവര്‍ത്തിക്കും. പദ്ധതിയുടെ ചെലവിനെ സംബന്ധിച്ച് ഇരുവകുപ്പുകളും തമ്മില്‍ ഉടന്‍ ധാരണയില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സ്യവുമായി ബസ് ഓടണമെന്ന ധാരണ തെറ്റാണ്. ഷോപ്സ് ഓണ്‍ വീല്‍സ് മാതൃകയിലായിരിക്കും പദ്ധതിയുടെ പ്രവര്‍ത്തനം. ഫിഷ് ഓണ്‍ വീല്‍സ് എന്ന രീതിയില്‍ പല പോയിന്റുകളിലും മത്സ്യവുമായി ബസുകള്‍ കിടക്കും.

കട്ടപ്പുറത്തുള്ള ബസുകളെ സീറ്റുകള്‍ അഴിച്ചുമാറ്റി പ്രത്യേകമായി മോഡിഫൈ ചെയ്താണ് ഇതിന് ഉപയോഗിക്കുക. കെഎസ്ആര്‍ടിസിയുടെ പല പഴയ ബസുകളും മില്‍മ ബൂത്തുകള്‍ ആയി ഉപയോഗിക്കുന്നുണ്ട്. അതേ മാതൃകയാണ് ഇവിടെ ഫിഷ് ബൂത്തുകളും പിന്തുടരുതെന്നും മന്ത്രി പറഞ്ഞു.
മത്സ്യവില്‍പ്പനയ്ക്കുള്ള പോയിന്റുകള്‍ ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യ വില്‍പ്പനക്കാര്‍ക്ക് മത്സ്യം വിറ്റ് മടങ്ങാം. മഴയും വെയിലും കൊള്ളാതെ വില്‍ക്കാം, വാങ്ങുന്നവര്‍ക്കും ഈ പദ്ധതി ഏറെ സൗകര്യമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button