KottayamLatest NewsKeralaNews

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് ബിജെപിയെ കൂട്ടുപിടിച്ചത് തരം താഴ്ന്ന നടപടിയെന്ന് കെ. സുധാകരന്‍

രാഷ്ട്രീയ പിന്നാമ്പുറത്ത് ബി.ജെ.പിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്

കോട്ടയം: കോട്ടയം നഗരസഭയില്‍ യുഡിഎഫിനെതിരെ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധം ഉയരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് ബിജെപിയെ കൂട്ടുപിടിച്ചത് ലജ്ജയില്ലാത്ത തരം താഴ്ന്ന നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ബി.ജെ.പി സഹായം സ്വീകരിക്കുന്നുവെന്ന അപകടകരമായ രാഷ്ട്രീയ ചാണക്യ തന്ത്രത്തെ കേരളം കാണാതെ പോകരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പിന്നാമ്പുറത്ത് ബി.ജെ.പിയുമായി പിന്തുണ ഉറപ്പിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടു കൂടിയാണോ ബിജെപിയുമായി കൂട്ടുകൂടിയതെന്ന് വ്യക്തമാക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണച്ചിരുന്നു ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു. അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങളാണ് അനുകൂലിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഒരു സിപിഎം സ്വതന്ത്ര്യന്റെ വോട്ട് അസാധുവായി. പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങളാണ് വിട്ടുനിന്നത്.

അതേസമയം ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്ഡിപിഐയുടെ പിന്തുണയോടെയാണ് പാസാക്കിയത്. ഇതോടെ ഇവിടെയും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. 28 അംഗ നഗരസഭയില്‍ യുഡിഎഫിന് 14 അംഗങ്ങളാണുണ്ടായിരുന്നത്. എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളും. പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button