Latest NewsNewsIndia

കോണ്‍ഗ്രസിന്റെ പ്രതാപകാലം തിരികെ വരും: ബിജെപിക്കെതിരെ പോരാടാനുള്ള അവസരം കോണ്‍ഗ്രസിന് ഇപ്പോഴുമുണ്ടെന്ന് കനയ്യ കുമാര്‍

കഴിഞ്ഞ ദിവസമാണ് കനയ്യ കുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പഴയ പ്രതാപകാലം തിരികെ വരണമെന്ന് ലക്ഷക്കണക്കിന് യുവാക്കളെ പോലെ താനും ആഗ്രഹിക്കുന്നുവെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സിപിഐ മുന്‍ നേതാവ് കനയ്യ കുമാര്‍. കോണ്‍ഗ്രസിലൂടെ മാത്രമേ രാജ്യം രക്ഷപ്പെടുകയുള്ളുവെന്നും അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കനയ്യ കുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

‘കോണ്‍ഗ്രസ് ചന്ദ്രനെപ്പോലെയാണ്. അതിന് വളര്‍ന്നു വലുതാകാനാകുമെങ്കിലും, പലപ്പോഴും അത് സംഭവിക്കുന്നില്ല. ബിജെപിക്കെതിരെ ശക്തമായി പോരാടാനുള്ള അവസരം കോണ്‍ഗ്രസിന് ഇപ്പോഴുമുണ്ട്. ഒരു ഭാഗത്ത് ബിജെപി ആണെങ്കില്‍, മറുഭാഗത്ത് കോണ്‍ഗ്രസ് ആയിരിക്കും’ എന്ന് കനയ്യ കുമാര്‍ പറഞ്ഞു. ഒരു കുടുംബത്തിലെ പരാതികളും പരിഭവങ്ങളും പരിഹരിക്കുന്നത് പോലെ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി വളരെ എളുപ്പത്തില്‍ പരിഹരിക്കാനാകുമെന്ന് കനയ്യ വ്യക്തമാക്കി.

2024ലെ ലോക്സഭ തിരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യമെന്ന് കനയ്യ കുമാര്‍ പറഞ്ഞു. ബിജെപിക്കെതിരെ മമത ബാനര്‍ജിയോ രാഹുല്‍ ഗാന്ധിയോ പാര്‍ട്ടിയെ നയിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു വലിയ കപ്പലാണ്. വലിയ കപ്പലിന് രക്ഷപ്പെടാനായില്ലെങ്കില്‍ മറ്റ് ചെറു കപ്പലുകള്‍ക്കും നിലനില്‍പ്പില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ഇപ്പോള്‍ സ്വാതന്ത്ര്യത്തിനു മുമ്പുള്ള അവസ്ഥയിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button