Latest NewsIndia

പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു , ഏറ്റുമുട്ടൽ തുടരുന്നു

പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറിയ ഭീകരർക്കായി നർ ഖാസ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം രണ്ടായി. ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്. നർ ഖാസ് വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. രജൗറി-പൂഞ്ച് ദേശീയപാതയിൽ ഗതാഗതം താത്കാലികമായി നിർത്തി വച്ചു. പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറിയ ഭീകരർക്കായി നർ ഖാസ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥനേയും ജവാനേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കശ്മീരിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. കൊല്ലം ഓടനാവട്ടം സ്വദേശിയായ ജവാൻ എച്ച് വൈശാഖ്, പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ ജസ്വിന്ദർ സിങ്, ജവാൻ മൻദീപ് സിങ്, ജവാൻ ഗജ്ജൻ സിങ്, യുപി സ്വദേശി ജവാൻ സരജ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.

ഇതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച സൈന്യം ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ രണ്ടിടത്തായി 5 ഭീകരരെ വധിച്ചു. കശ്മീർ താഴ്‌വരയിലുടനീളം സേന ഭീകരവിരുദ്ധ നടപടി ശക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് സേനയുടെ സഹായവും ഭീകരർക്ക് ലഭിക്കുന്നുണ്ട്. ഭീകരർക്കായി വനമേഖലയിൽ തിരച്ചിൽ ശക്തമാക്കിയതായും ഉന്നത സൈനിക വൃത്തങ്ങൾ വൃക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button