KeralaLatest NewsNews

കെ.ടി ജലീലിന്റെ പേരിൽ പ്രചരിച്ച പോസ്റ്റിന് പിന്നിൽ സംഘപരിവാർ ആണെന്ന് അബ്‌ദുറബ്ബ്‌

മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിന്റെ പേരില്‍ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടന്നിരുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നായിരുന്നു ജലീൽ പ്രതികരിച്ചത്. ജലീലിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ മുന്‍ വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. നാട് പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോഴും വിദ്വേഷം പ്രചരിപ്പിക്കാനും, വർഗീയ ചേരിതിരിവുണ്ടാക്കാനും ഇറങ്ങിത്തിരിച്ച വ്യാജ പ്രൊഫൈലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാവണം എന്ന് അബ്ദുറബ്ബ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശമായ പാലായിലെ മഴക്കെടുതികള്‍ക്ക് കാരണം മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതാണെന്ന തരത്തില്‍ കെ.ടി ജലീല്‍ അഭിപ്രായപ്രകടനം നടത്തി എന്നായിരുന്നു പ്രചരണം. സംഭവത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ നിരവധി ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി ജലീലും അബ്‌ദുറബ്ബും രംഗത്ത് വന്നത്.

അബ്ദുറബ്ബിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

നാട് പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോഴും വിദ്വേഷം പ്രചരിപ്പിക്കാനും, വർഗീയ ചേരിതിരിവുണ്ടാക്കാനും ഇറങ്ങിത്തിരിച്ച വ്യാജ പ്രൊഫൈലുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. നൂറ്റാണ്ടുകൾ കൊണ്ട് നമ്മളുണ്ടാക്കിയെടുത്ത സൗഹൃദങ്ങളെ ഇല്ലാതാക്കിയാലേ, പതിറ്റാണ്ടുകൾക്കപ്പുറത്തെങ്കിലും കേരള ഭരണം കയ്യിലൊതുക്കാനാകൂ എന്ന സംഘ പരിവാർ അജണ്ടയാണ് ഇത്തരം പിതൃശൂന്യ പ്രചാരണങ്ങൾക്കു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രണ്ടു ചങ്കും പ്രവർത്തനക്ഷമമാണെങ്കിൽ വർഗീയതക്കെതിരെ മുഖ്യമന്ത്രി ഉണർന്നു പ്രവർത്തിക്കണം. സോഷ്യൽ മീഡിയകളിലടക്കം വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകണം. പുര കത്തുമ്പോൾ വാഴവെട്ടുന്ന ഇത്തരം ക്ഷുദ്രശക്തികൾക്കെതിരെ ജനങ്ങളും ജാഗരൂകരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button