KeralaLatest NewsNews

കാശും മേടിച്ച് അവന്മാരൊക്കെ സേഫ് സോണില്‍ അഴിഞ്ഞാടുന്നു, ഇവിടെ മുല്ലപ്പെരിയാര്‍ തകരുമോ എന്ന് ഭയന്ന് കുറേ പാവങ്ങളും

ആഗ്നസ് ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു

 

ഇടുക്കി : ഹൈറേഞ്ചിലെ സാധാരണക്കാരുടെ ആശങ്കകളും ഭയവും തുറന്നു കാണിച്ച് ആഗ്നസ് ജോസഫ് എന്ന യുവതി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ആഗ്നസ്, മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് ആശങ്ക പങ്കുവെച്ചിരിക്കുന്നത് . മുല്ലപ്പെരിയാര്‍ തകരില്ലെന്ന പിണറായി സര്‍ക്കാരിന്റെ വാദം വെറും പൊള്ളയാണെന്ന് ആഗ്നസ് പറയുന്നു.

‘ഭയം വേണ്ട ജാഗ്രതമതീ ‘എന്നൊക്കെ പറയുന്നവര്‍ സേഫ് സോണില്‍ സമാധാനമായി കിടന്നുറങ്ങുന്നവരാണ്. ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് ഇടുക്കിക്കാര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും വേവലാതി ഇല്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

Read Also : കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ സമയോചിതമായ ഇടപെടല്‍,ജാമിയ മിലിയ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ജീവന്‍ തിരിച്ചുകിട്ടി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘ഓര്‍മ്മയുറച്ച ദിവസം തൊട്ട് , കണ്ടും കേട്ടും വളര്‍ന്നതാണ്, മുല്ലപ്പെരിയാര്‍ ഡാമും, അതിനോട് ചുറ്റിപറ്റിയ വിവാദങ്ങളും …എല്ലാ കൊല്ലവുമ മഴ താഴോട്ട് വീഴുമ്പോള്‍ മുല്ലപ്പെരിയാര്‍ വിവാദം മേലോട്ട് പൊന്തും, മഴ തീര്‍ന്ന് വെയിലു കേറുന്നതോടെ മാധ്യമ ശ്രദ്ധ കുറഞ്ഞു കുറഞ്ഞു അവിടെയും ഇവിടെയുമായി ചില തീപൊരികള്‍ ഇട്ടേച്ചു പോകുന്ന ചൂട്ടുകറ്റയാണ് , ഭൂരിഭാഗം മലയാളികള്‍ക്കും മുല്ലപ്പെരിയാര്‍. പക്ഷേങ്കില്‍ ചപ്പാത്തിന്റെ താഴോട്ടുള്ള കുറേപ്പേര്‍ക്ക് ഉറങ്ങാണ്ടിരുന്നു നേരം വെളുപ്പിക്കാനുള്ള രാചൂട് എന്നും മുല്ലപെരിയാര്‍ കൊടുക്കുന്നുണ്ട’്.

‘ഞാന്‍ പള്ളിക്കൂടത്തില്‍ പോണ നാളില്‍ നല്ലൊരു മഴ ചിനച്ചാല്‍, പള്ളിക്കൂടത്തിന് അവധിയാണ്. പെരിയാറ് (വണ്ടി പെരിയാര്‍ ) ഭാഗത്തുള്ള പിള്ളേര്‍ക്ക് വീടെത്താന്‍ കഴിയൂല എന്നതാണ് കാരണം.. വഴി പുഴയായി , യാത്ര തടസപ്പെട്ട്, പെരിയാറിന്റെ തീരത്തുള്ളോരൊക്കെ നനഞ്ഞ തിണ്ണേല്‍ മഴയേം പുഴയേം മാറി മാറി നോക്കി, ഒറ്റ കമ്പിളി പൊതച്ച് കുന്തിച്ചിരുന്ന്, പോരെന്റെ മോളീന്ന്, ചോര്‍ച്ച കിഴുത്തേന്റെ എടേലൂടെ തറ നനയ്ക്കുന്ന വെള്ളം ഗ്ലാസ്സില്‍ വീഴാണ്ട് ഏലക്ക ഇട്ട കട്ടന്‍ ചുണ്ടോട് ചേര്‍ക്കുന്നുണ്ടാവും. എന്റെ സ്‌കൂളീ പോക്ക് കഴിയും വരെ ഞാനിതൊക്കെ കണ്ടിട്ടുണ്ട്. ആണ്ടുകളോളം , ചിലേടത്തൊക്കെ ഇന്നും ഈ കാഴ്ചകളൊക്കെ പുഴയും മഴയും മാത്രം കാണുന്നുണ്ട്. കണ്ടിട്ടും കാണാത്തോരൊക്കെ ജാഗ്രത മതീന്നും പറഞ്ഞു നടപ്പുണ്ട്’.

‘136 അടി എന്നത് ജീവന്റ വാട്ടര്‍ ലെവല്‍ എന്ന് വിചാരിച്ചും വച്ചേക്കുന്ന പിള്ളേരുടെ ചങ്കിനകത്ത് 136 ആകുമ്പോ മുല്ലപ്പെരിയാര്‍ പൊട്ടിയൊലിക്കും. മോന്തക്ക് അമ്മാതിരി വിഷമോം വച്ചു വരുന്ന എത്രയോ കൂട്ടുകാര്‍ എനിക്കുണ്ടായിരുന്നു. അപകട സൈറണ്‍ എപ്പോ മുഴങ്ങും എന്ന് ചിന്തിച്ച് ചിന്തിച്ച് ഉറങ്ങാതെ ഉറങ്ങി കണ്ണ് ചീഞ്ഞ്, ഹോം വര്‍ക്ക് ചെയ്യാണ്ട് വരുന്ന കൂട്ടുകാരുടെ ചങ്കൊക്കെ മഴപോലെ ഇടിക്കുന്നത് ഞാന്‍ കേട്ടിട്ടും കണ്ടിട്ടുമുണ്ട്’.

‘അപായമണിയാണ് എന്ന് കരുതി, ജീപ്പിന്റെ ഹോണ്‍ കേട്ടപ്പോ വീട്ടില്‍ നിന്നിറങ്ങി മഴനഞ്ഞുവീണ് കാലും മേലും കീറി മലമണ്ടക്കോട്ട് ഓടിക്കേറിയ ആളുകളുടെ ജീവനിപ്പോ, ഇടുക്കീന്നു വരുന്ന കറണ്ടിന്റെ ലൈറ്റും വെട്ടത്തിലിരുന്ന്, എല്ലാ പ്രിവിലേജുകളും തിന്നു വീര്‍ത്തുരുണ്ട ആളുകളുടെ, ‘ഭയം വേണ്ട ജാഗ്രതമതീ ‘ ന്നുള്ള നൂലിന്റെ പോലും ബലമില്ലാത്ത പറച്ചിലിന്റെ അറ്റത്ത് കെട്ടിയിട്ടേക്കുന്നുണ്ട്. എല്ലാരും കാണുന്നും കേള്‍ക്കുന്നുമുണ്ടല്ലോ അല്യോ’.

‘നാടിന്റെ പേര്, കേട്ടാല്‍ പെണ്ണു കിട്ടാത്ത, ചെക്കനെ കിട്ടാത്ത അവസ്ഥ… ഡാം വിഷയം വലുതായപ്പോള്‍ ഡാമിലെ വിള്ളല്‍ പോലെ, അകന്ന് അകന്ന് മുടങ്ങിയ കല്യാണങ്ങള്‍, നിസാര വിലയ്ക്ക് അപ്പനും അപ്പാപ്പനും ഉറങ്ങുന്ന പറമ്പിന്റെ അവകാശം തീറെഴുതി ഒരിറ്റു കണ്ണീരുമായി ഏലക്കാടിറങ്ങിയോര്‍. അങ്ങനെ എത്ര എത്ര ദുരിതങ്ങള്‍ പേറിയ ആളുകളുടെ ശ്വാസ നിശ്വാസങ്ങളില്‍ പൊങ്ങി ഡാമും വിവാദങ്ങളും വിരിഞ്ഞു നില്‍ക്കുകയാണ്’.

‘ഡാമിന്റെ പേരില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായപ്പോള്‍ , കുമളി ചെക്ക്‌പോസ്റ്റ് ഒരു മാസത്തിലധികം അടച്ചിട്ടു. തമിഴ്‌നാട്ടില്‍ നിന്ന് ഒരൊറ്റ ലോഡ് പച്ചക്കറി പോലും ഇങ്ങോട്ടേക്കു എത്തിയില്ല. ഗതാഗതമില്ലാതെ എനിയ്ക്കും നഷ്ടമായി ഒരു മാസത്തെ ക്ലാസ്. ആ സെമസ്റ്ററിലെ മാര്‍ക്കും ഡിം. തിരിച്ചു കോളേജില്‍ എത്തിയപ്പോഴോ , കൂടെ കൂടിയ തമിഴ് കൂട്ടുകാര്‍ കീരി പാമ്പിനെ കാണുന്ന പോലെ മലയാളികളെ നോക്കുന്നു. തക്കം പാര്‍ത്തിരുന്ന് ഉപദ്രവിക്കുന്നു . അവരറിഞ്ഞത്, കേരളം തമിഴ്‌നാടിന് വെള്ളം കൊടുക്കില്ല എന്ന് മാത്രമാണ്. കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി എടുക്കുക എന്നത് പണി പിടിച്ച ഒരു കാര്യം തന്നെ ആയിരുന്നു. കാര്യങ്ങളുടെ ഗൗരവം അറിഞ്ഞപ്പോള്‍ അവര്‍ ചോദിക്കയാണ്. അപ്പൊ ഡാം പൊട്ടിയാല്‍ നീങ്ക ഊരും നമ്മ ഊരും നശിച്ചിടും. നീങ്കളുക്ക് ഒരു പുതു ഡാം കെട്ടിക്കൂടെ എന്ന്. അട പാപീങ്കളെ ഒരു പാലം പോലും കെട്ടിയാല്‍ പിറ്റേന്ന് നിലം പൊത്തുന്ന അത്യാധുനിക സാങ്കേതിക വിദ്യ ഉള്ള കേരളം ഒരു പുതു ഡാം പണിയുകയോ. ഇപ്പൊ ഉള്ളതു പൊട്ടിയാല്‍ കേരളം രണ്ടോ മൂന്നോ ആകത്തെ ഉള്ളഡോ. പുതിയത് പൊട്ടിയാല്‍ കേരളം മലയാളം പോലെ 51 ഓ 56 ഓ ആകും’.

‘നമ്മള്‍ വെള്ളം കൊടുക്കുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ മഴ കിട്ടുന്ന പ്രദേശം ആണെന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം. മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം എത്തുന്നതിനാല്‍, മഴ നിറയുന്ന സ്വഭാവികമായ തടാകങ്ങള്‍, നദികള്‍ തമിഴന്‍ മണ്ണിട്ട് നികത്തി വീടും കെട്ടിടോം ഫ്‌ളാറ്റും പണിതെന്ന് ആരും പറയില്ല. പറഞ്ഞാല്‍ ഇടിനാശം വെള്ളപ്പൊക്കം എന്ന് പറയുന്ന പോലെ പറയുന്നോര് എയറില്‍ കേറും’.

‘ഒരിയ്ക്കലുമടച്ചിടാത്ത സമരപ്പന്തലിനൊപ്പം സീസണലായി കൂണുപോലെ പൊങ്ങുന്ന മറ്റു സമരപ്പന്തലുകള്‍… പത്രത്തിന്റെ അവസാന പേജില്‍ നിന്ന് ആദ്യ പേജിലേയ്ക്ക് വാര്‍ത്ത എത്തുന്നത് പോലെ…എത്ര എത്ര വിഭിന്നമായ സമര രീതികള്‍, ഞാനും പോയിട്ടുണ്ട് മനുഷ്യമതില്‍ പണിയാന്‍…
റസ്സല്‍ ജോയി വക്കീല്‍ വര്‍ഷങ്ങളായി കോടതി കയറി ഇറങ്ങി ഫൈറ്റ് ചെയ്യുന്നു. എന്നിട്ടും സംഭരണ ജലത്തിന്റെ അളവ് താഴ്ത്താന്‍ പോലും കേരളത്തിന് സാധിച്ചില്ല എന്നതാണ് വസ്തുത’.

‘അപ്പോള്‍ തന്നെ സ്വാഭാവികമായി തന്നെ മനസിലാകും രാഷ്ട്രീയ ഇടപെടലുകള്‍ എത്രത്തോളം ഉണ്ട് എന്ന്. ഒരുദാഹരണം പറയാം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ കുറിച്ചു പഠിക്കാന്‍ കേരളം ഒരു സമിതിയെ വച്ചു. പ്രസ്തുത സമിതിയില്‍ ഡാമിനെ പറ്റി ഒരു ചുണ്ണാമ്പും അറിയാത്തവരായിരുന്നു എന്നാതാണ് സത്യം. കാട്ടിക്കേറി വെടിയിറച്ചി തിന്നേച്ചും അവരങ്ങ് പോയി. ഈ റിപ്പോര്‍ട്ട് സുപ്രീം കോടതി മുഖ വിലയ്ക്ക് എടുക്കാണ്ട് മാറ്റി വച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു ബസ് കേറ്റിയിടാന്‍ പാകത്തില്‍ വിള്ളല്‍ ഉള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉള്‍വശത്തെ ഫോട്ടോഗ്രാഫ് ഒറ്റ ഒരെണ്ണം കോടതില്‍ എത്തിയില്ല എന്നത് കൃത്യമായ ഇടപെടലുകളുടെ നാണിപ്പിക്കുന്ന രാഷ്ട്രീയമാണ’.

‘കാശും മേടിച്ച് എളീല്‍ തിരുകി അവന്മാരൊക്കെ സേഫ് സോണില്‍ കിടന്നു മറ്റേ ആ ആധുനികതയുടെ എല്ലാ സുഖ ലോലുപതയിലും ഉന്മത്തരായി അഴിഞ്ഞാടുന്നുണ്ട്. UN എത്രയും വേഗത്തില്‍ ഡീകമ്മീഷന്‍ ചെയ്യണം എന്ന് പറയുന്ന ഒരു ഡാമിന്റെ പേരിലാണ് ഈ നാറിയൊക്കെ ചീക്ക പോലെ വീര്‍ക്കാന്‍ കാശു മേടിക്കുന്നത്. കര്‍ത്താവേ എനിക്കു കണ്ട്രോള്‍ തരണേ’ ??

പ്രിയപ്പെട്ടവരേ

‘438 കോടി രൂപയുടെ കറണ്ട് തമിഴ്‌നാട് ഈ വെള്ളം കൊണ്ട് ഉണ്ടാക്കുന്നുണ്ട് . അതില്‍ ഒറ്റ യൂണിറ്റ് പോലും കേരളത്തിന് കിട്ടൂന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നിട്ട് നമ്മള്‍ ഒരുവര്‍ഷം ഏതാണ്ട് 6336 കോടി രൂപയുടെ കറണ്ട് വാങ്ങുകയാണ് ചെയ്യുന്നത്. (കേരളം കറണ്ട് വില്‍ക്കുന്നു എന്നൊക്കെ പറേന്നുണ്ട്, കൃത്യമായ വിവരം അറിയാവുന്നവര്‍ കണക്കു കമന്റ് ബോക്‌സില്‍ ഇടണം ). ഇതോണ്ടാണ് ഹേ ജനങ്ങടെ ജീവന്റെ വെലയെക്കാളും വെലയാണ് മുല്ലപ്പെരിയാറിനുള്ളതെന്ന് കേരളം ഭരിക്കുന്ന മറ്റേ കൊക്കസ്, അവര്‍ക്കെടേല് തന്നെ പറഞ്ഞു നടക്കുന്നത്’.

‘അളേന്ന് ഇരപ്പിടിക്കാന്‍ തല പൊക്കുന്ന പാമ്പിനെ പോലെ മുല്ലപ്പെരിയാര്‍ മാധ്യമങ്ങള്‍ പൊക്കി പൊക്കി കൊണ്ടുവരുമ്പോള്‍ , സത്യത്തില് മനസ് ചത്ത അവസ്ഥയാണ്… പ്രതീക്ഷ അറ്റ അവസ്ഥ… കിലുക്കത്തില് ഇന്നസെന്റ് ലോട്ടറിയെ കുറിച്ച് പറയും പോലെ… കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്ന അവസ്ഥ…പൊട്ടും വരെ പൊട്ടും എന്ന് ഓര്‍മ്മപ്പെടുത്താന്‍ കുറച്ച് പേര്‍, സീസണലായി കുറേ പേര്‍,
പൊട്ടും വരെ (മരിയ്ക്കും വരെ), ജീവിത രീതിയ്ക്ക് ഒരു മാറ്റവും ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ് തലയിണയ്ക്കരുകില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങുന്ന ഒരു പ്രതീക്ഷ പൊതിയുമായി, പാതി മാത്രം ഉറങ്ങി ജീവിയ്ക്കുന്ന നിസഹായരായ, അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനസമൂഹം’.

‘ഡാം ഒരിക്കലും പൊട്ടില്ലെന്ന് പറയുന്നോരോട് ഒന്നേ പറയാനുള്ളൂ. മനുഷ്യ നിര്‍മ്മിതമായ ഏല്ലാം കലഹരപ്പെട്ടു ഇല്ലാണ്ടാവുമെടെ ഊളകളെ. ഇന്ത്യയില്‍ ഏതാണ്ട് 36 ഡാം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട് 37 ആമത്തെ അവാണ്ടിരിക്കട്ടെ മുല്ലപ്പെരിയാര്‍’.
പതിവു കാഴ്ച്ചകള്‍…
പതിവു വേദനകള്‍…
ശീലമാവുന്ന പോലെ…
ശീലമായ ചിന്തകള്‍…??

 

 

shortlink

Related Articles

Post Your Comments


Back to top button