Latest NewsIndiaInternational

ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: അന്താരാഷ്ട്ര യാത്രയ്ക്കുളള തടസം നീങ്ങും

ചൈനയുടെ തദ്ദേശീയ വാക്സീന് പോലും അംഗീകാരം നൽകിയിട്ടും കോവാക്സിന് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു.

ന്യൂഡൽഹി: ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ‘ആത്മനിർഭർ വാക്സീന്’ ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്സീൻ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സീന്‍ ഉപയോഗിക്കാനാണ് അനുമതി. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് കോവാക്സിന്റെ എമര്‍ജന്‍സി യൂസേജ് ലിസ്റ്റിങ് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്.

യുഎസ് വാക്സീനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്സീനുകൾക്കു മാത്രമാണ് നിലവിൽ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്. ചൈനയുടെ തദ്ദേശീയ വാക്സീന് പോലും അംഗീകാരം നൽകിയിട്ടും കോവാക്സിന് അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഏപ്രിൽ 19 നാണ് അനുമതിയ്ക്കായി ഭാരത ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമർപ്പിച്ചത്.

വാക്സീൻ പരീക്ഷണ ഫലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതിനുസരിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ സമർപ്പിച്ചിരുന്നു. ഇന്ന് ചേർന്ന സംഘടനയുടെ ഉപദേശക സമിതി യോഗത്തിലാണ് ഇന്ത്യ ഏറെ നാൾ കാത്തിരുന്ന നിർണായക തീരുമാനം എത്തിയത്. ഡബ്ല്യുഎച്ച്ഒ അംഗീകാരം ലഭിക്കുന്നത് വാക്‌സീന്‍ എടുത്ത ശേഷം വിദേശയാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്കു ഗുണകരമാകും.

ഇന്ത്യയ്ക്കു പുറമേ, ഇറാൻ, ഗയാന, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, പരാഗ്വേ, ഫിലിപ്പൈൻസ്, സിംബാബ്‍വെ എന്നീ രാജ്യങ്ങളാണ് കോവാക്സിന് നേരത്തെ അടിയന്തര ഉപയോഗാനുമതി നൽകിയത്. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ഒമാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവാക്സീന് അംഗീകാരമില്ലാതിരുന്നത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button