ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

ചിറയിന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: ആറ്റിങ്ങല്‍ ഡിവൈഎസ്പി കേസ് അന്വേഷിക്കും, പ്രതി ഒളിവില്‍

പ്രതിയെ പിടികൂടാന്‍ ചിറയിന്‍കീഴ് പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്

തിരുവനന്തപുരം: പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ ഭാര്യ സഹോദരന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. മര്‍ദ്ദനമേറ്റ മിഥുന്‍, ഭാര്യ ദീപ്തി എന്നിവരുടെ മൊഴി പൊലീസ് രോഖപ്പെടുത്തി. തമിഴ്‌നാട്ടിലേക്ക് കടന്ന ദീപ്തിയുടെ സഹോദരന്‍ ഡോ. ഡാനിഷിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കാണിച്ച് എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദീപ്തി പരാതി നല്‍കിയിരുന്നു.

Read Also : ശബരിമല പ്രത്യേക സുരക്ഷാമേഖലയായി തുടരും

സംഭവം ദിവസം പൊലീസ് പ്രതിയുടെ വീട്ടിലെത്തിയിരുന്നുവെങ്കിലും കസ്റ്റഡിയില്‍ എടുത്തിയിരുന്നില്ല. പരാതി ലഭിക്കാത്തത് കൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ചിറയിന്‍കീഴ് പൊലീസിന്റെ വിശദീകരണം. ദീപ്തി ചിറയിന്‍കീഴ് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ടെന്നറിഞ്ഞാണ് ഡാനിഷ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്. പ്രതിയെ പിടികൂടാന്‍ ചിറയിന്‍കീഴ് പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്.

ഒക്ടോബര്‍ 31ന് ചിറയിന്‍കീഴ് ബീച്ച് റോഡില്‍ വച്ചായിരുന്നു ബാണക്കാട് സ്വദേശിയായ മിഥുന് (29) മര്‍ദ്ദനമേറ്റത്. ഇരുമത വിഭാഗങ്ങളില്‍പ്പെട്ട ഇരുപത്തിനാലുകാരിയായ ദീപ്തിയും ഡിടിപി ഓപ്പറേറ്ററായ മിഥുനും തമ്മില്‍ പ്രണയത്തിലയിരുന്നു. ദീപ്തി ലാറ്റിന്‍ ക്രിസ്ത്യനും മിഥുന്‍ ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനുമായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം പോകുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 29ന് ഇരുവരും വിവാഹിതരായി. ദീപ്തിയുടെ സഹോദരനും ഡോക്ടറുമായ ഡാനിഷ് പള്ളിയില്‍ വച്ച് വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴിലേയ്ക്ക് വിളിച്ചുവരുത്തിയത്.

മിഥുന്‍ മതം മാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷ് മിഥുനെ ക്രൂരമായി മര്‍ദ്ദിച്ചത്. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button