Latest NewsCricketNewsSports

ഐപിഎല്ലിനേക്കാൾ രാജ്യത്തിന് വേണ്ടി കളിക്കുന്നതിൽ മുന്‍ഗണന നൽകണം: കപില്‍ ദേവ്

മുംബൈ: ടി20 ലോകകപ്പിന്റെ സെമി കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് താരങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഒരിക്കലും ഐപിഎല്ലിന് ദേശീയ ടീമിനെക്കാള്‍ പ്രാധാന്യം നല്‍കരുതെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു.

ഈ ലോകകപ്പില്‍ പറ്റിയ തെറ്റുകള്‍ മനസ്സിലാക്കി ഇക്കാര്യത്തില്‍ മെച്ചപ്പെട്ട തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐ ആണെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിനായി കളിക്കുകയും നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യുന്നതിലാണ് അഭിമാനംകൊള്ളേണ്ടത്. താരങ്ങളുടെ സാമ്പത്തിക സ്ഥിതി എന്താണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയില്ലെന്നും എ.ബി.പി ന്യൂസിനോട് സംസാരിക്കവെ കപില്‍ ദേവ് പറഞ്ഞു.

ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഐപിഎല്‍ ആണെന്ന് അദ്ദേഹം പറഞ്ഞില്ല. എന്നാല്‍ ടൂര്‍ണമെന്റ് സമാപിച്ചതിന് തൊട്ട് പിന്നാലെ ലോകകപ്പ് കളിക്കേണ്ടി വന്നത് തീര്‍ച്ചയായും ബാധിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഐപിഎല്‍ ഒരു മോശം ടൂര്‍ണമെന്റ് ആണെന്നോ അതില്‍ കളിക്കരുതെന്ന് താരങ്ങളോട് പറയുകയോ ചെയ്യില്ല. പക്ഷേ മത്സരക്രമങ്ങള്‍ നിശ്ചയിക്കുമ്പോള്‍ ബി.സി.സി.ഐ കുറച്ചുകൂടി ശ്രദ്ധിക്കണം. ടി20 ലോകകപ്പില്‍ സംഭവിച്ച തെറ്റുകളാണ് നമുക്ക് കിട്ടിയ ഏറ്റവും വലിയ പാഠമെന്നും ഇനിയും അത് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കപില്‍ ദേവ് വ്യക്തമാക്കി.

മാസങ്ങളായി ബയോ ബബിളില്‍ കഴിയുന്നത് ബാധിച്ചുവെന്ന് ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവരും അഭിപ്രായപ്പെട്ടിരുന്നു. ഏപ്രിലില്‍ ഐപിഎല്‍ ആരംഭിച്ച് മുതല്‍ ഇന്ത്യന്‍ താരങ്ങള്‍ ബയോ ബബിളില്‍ ആണ്. ഇതിന് ശേഷം ഇംഗ്ലണ്ട് പര്യടനവും പിന്നീട് ഐപിഎല്‍ രണ്ടാം ഘട്ടവും കളിക്കേണ്ടി വന്നു.

Read Also:- ഇയര്‍ഫോണ്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

ഐപിഎല്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ലോകകപ്പ് കളിക്കാനിറങ്ങേണ്ടി വരികയും ചെയ്തു ഇന്ത്യന്‍ താരങ്ങള്‍ക്ക്. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. താരങ്ങള്‍ ദേശീയ ടീമിനേക്കാള്‍ പ്രാധാന്യം ഐപിഎല്ലിന് നല്‍കുന്നുവെന്നാണ് പൊതുവായ വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button