KeralaLatest NewsNews

ഇപ്പോൾ തുപ്പൽ കാര്‍ട്ടൂണ്‍ വരക്കാന്‍ ഇയാളെ ബന്ധപ്പെടാം എന്നാണ് പ്രചാരണം: ഇനിയും ശരികൾ വരയ്ക്കും- അനൂപ് രാധാകൃഷ്ണൻ

'നൂറുകോടി വാക്‌സിന്‍ വിതരണം ചെയ്ത സാഹചര്യത്തിലല്ല കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെയാണ് വാളെടുത്തിരിക്കുന്നത്'

തിരുവനന്തപുരം: അവാര്‍ഡിന് പിന്നാലെ താന്‍ നേരിടുന്നത് അതിഭീകര സൈബര്‍ ആക്രമണമാണെന്ന് ഈ വര്‍ഷത്തെ വിവാദ കാർട്ടൂണിന് ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍. താന്‍ രാജ്യദ്രോഹകുറ്റം ചെയ്തുവെന്നാണ് ബിജെപി പ്രചാരണം, എന്നാല്‍ ഇതെല്ലാം വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് അനൂപ് ഒരു ചാനലിനോട് പ്രതികരിച്ചു. 2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വര.

വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കുമെന്നും അനൂപ് നിലപാട് വ്യക്തമാക്കി. പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നു, എന്നാല്‍ അവരൊന്നും ഇത്തരത്തില്‍ ആക്രമണം അഴിച്ചുവിടാറില്ലെന്നും അനൂപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി അതിഭീകരമായ സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു കാര്‍ട്ടൂണ്‍ വരച്ചു, അതിന് അംഗീകാരം കിട്ടി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്.

ഞാന്‍ വരച്ചത് രാജ്യദ്രോഹകരമായ കാര്‍ട്ടുണാണെന്നാണ് ബിജെപി പ്രചാരണം. തെറികളും മോശം സന്ദേശങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. തന്റെ നമ്പര്‍ നല്‍കികൊണ്ട് തുപ്പല്‍ കാര്‍ട്ടൂണ്‍ വരക്കാന്‍ ഇയാളെ ബന്ധപ്പെടാം എന്നാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. ഇതെല്ലാം കൃത്യമായ അജണ്ഡയുടെ ഭാഗമാണ്. ഏത് വിഷയമാണെങ്കിലും വരക്കേണ്ടതെല്ലാം വരച്ചിട്ടുണ്ട്. അതിന് പാര്‍ട്ടി വ്യത്യാസമില്ല. അപ്പോഴും വിമര്‍ശനം ഉയരാറുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവരൊന്നും ആക്രമിക്കാറില്ല.

വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കും. അക്കാലഘട്ടത്തില്‍ നടന്ന കാര്യങ്ങളാണ് കാര്‍ട്ടുണിലുള്ളത്. ലളിതകലാ അക്കാദമി 2019-20 കാലഘട്ടത്തില്‍ വരച്ച കാര്‍ട്ടൂണുകള്‍ക്കുള്ള അവാര്‍ഡിനായിരുന്നു ക്ഷണിച്ചത്. കൊവിഡ് കാരണമാണ് ഫലപ്രഖ്യാപനം നീണ്ടത്. ഇന്ന് നൂറുകോടി വാക്‌സിന്‍ വിതരണം ചെയ്ത സാഹചര്യത്തിലല്ല കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെയാണ് വാളെടുത്തിരിക്കുന്നത് എന്നും അനൂപ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button