KeralaLatest News

മരിക്കാനായി കരകവിഞ്ഞൊഴുകിയ ആറ്റിലേക്ക് ചാടിയ യുവതി ഭയന്ന് മരത്തിൽ തൂങ്ങി : ഒന്നരമണിക്കൂറിനു ശേഷം നടന്നത്

രാജേഷ് കൈലിമുണ്ട് അഴിച്ചെടുത്ത് കുടുക്കുണ്ടാക്കുകയും ചന്ദ്രബോസ് ആറ്റിലിറങ്ങി യുവതിയെ കൈലിയുടെ കുടുക്കിട്ട് മുറുക്കി കെട്ടുകയും നാലുപേരും കൂടി വലിച്ച്‌ കരയ്ക്ക് കയറ്റുകയായിരുന്നു.

ഓയൂര്‍: ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയായ യുവതി മരച്ചില്ലയില്‍ തൂങ്ങിക്കിടന്ന് നിലവിളിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികളായ യുവാക്കള്‍ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറിലധികം മരച്ചില്ലയില്‍ തൂങ്ങിക്കിടന്ന യുവതിയുടെ കൈകാലുകള്‍ തണുത്ത് കോച്ചിമരവിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കാളവയല്‍ സ്വദേശിയായ 23 കാരിയാണ് ശനി വൈകിട്ട് ഇത്തിക്കരയാറ്റില്‍ വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രത്തിന് താഴെ ഈഴത്തറ കടവില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

കരകവിഞ്ഞൊഴുകിയ ആറ്റില്‍ കുത്തൊഴുക്കില്‍ ചാടിയ ഇവര്‍ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നതിനിടെ വെപ്രാളപ്പെട്ട്, ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിന്റെ കൊമ്പില്‍പിടിച്ച്‌ തൂങ്ങിക്കിടക്കുകയായിരുന്നു. നിലവിളിച്ചെങ്കിലും ആരും ആദ്യം ഗൗനിച്ചില്ല. മൃഗങ്ങളുടെയും മറ്റും കരച്ചില്‍ കേള്‍ക്കുന്ന ഭാഗമാണിത്. രാത്രി 7.30 കഴിഞ്ഞിട്ടും കരച്ചില്‍ നിലയ്ക്കാത്തതിനെത്തുടര്‍ന്ന് പരിസരവാസിയായ മഹേഷ് സുഹൃത്തുക്കളായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു, മനീഷ് എന്നിവരെ വിളിച്ചുവരുത്തി ശബ്ദം കേട്ട ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് തേരക മരത്തിന്റെ ചില്ലയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയെ കണ്ടെത്തിയത്.

രാജേഷ് കൈലിമുണ്ട് അഴിച്ചെടുത്ത് കുടുക്കുണ്ടാക്കുകയും ചന്ദ്രബോസ് ആറ്റിലിറങ്ങി യുവതിയെ കൈലിയുടെ കുടുക്കിട്ട് മുറുക്കി കെട്ടുകയും നാലുപേരും കൂടി വലിച്ച്‌ കരയ്ക്ക് കയറ്റുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയുടെ മെഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം അയച്ചു. വിവാഹിതയും എട്ടു വയസുള്ള കുഞ്ഞിന്റെ അമ്മയുമായ യുവതി കടബാദ്ധ്യതയെത്തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസിനു മൊഴി നല്‍കി. പൂയപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button