ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഞങ്ങളെവിടെപ്പോകും?’, തിരുവനന്തപുരത്തെ ഈ ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങളോട് സർക്കാർ മറുപടി പറഞ്ഞേ മതിയാകൂ

ഇരുട്ട് വീഴാൻ കാത്തു നിന്ന് ഭയപ്പെട്ടു കുളിക്കേണ്ടി വരുന്ന പെൺകുട്ടികൾ, തണുത്ത് വിറച്ച് ശരീരം നിശ്ചലമായിപ്പോയ അമ്മമാർ

തിരുവനന്തപുരം: ഓരോ പ്രകൃതി ദുരന്തങ്ങൾ അവസാനിക്കുമ്പോഴും അതിന്റെ അടയാളങ്ങൾ മാത്രമായി പിൽകാലത്ത് അവശേഷിക്കുന്ന ഒരു കൂട്ടം മനുഷ്യർ നമുക്കിടയിലുണ്ട്. അവരെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും, അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ചെറുത്തു നിൽപ്പിന്റെ ശബ്ദങ്ങളും തന്റെ ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുകയാണ് മാധ്യമപ്രവർത്തകയായ സീന സണ്ണി.

Also Read:ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം കൊച്ചുതോപ്പ് സെൻറ്. റോക്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ ഇതുവരേയ്ക്കും അവസാനിക്കാത്ത ദുരന്ത ജീവിതത്തേക്കുറിച്ചാണ് ഈ ഡോക്യുമെന്ററി സംസാരിക്കുന്നത്. പ്രകൃതിക്ഷോഭം കൊണ്ടും കടൽ കയറിയും വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ കൊണ്ട് പോകുന്ന സർക്കാർ പരിസരത്തുള്ള സ്ഥാപനങ്ങളിൽ സജ്ജമാക്കുന്ന ദുരിതാശ്വാസ ക്യാംപുകളുടെ യഥാർത്ഥ അവസ്ഥയാണ് സീന സണ്ണി ഫേസ്ബുക്കിൽ പങ്കുവച്ച ഈ ഡോക്യുമെന്ററിയിൽ വ്യക്തമാകുന്നത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഏറെ പ്രാധാന്യമുള്ള ഒരു വിഷയവുമായി ബന്ധപ്പെട്ട വീഡിയോ സ്റ്റോറിയുടെ പ്രസക്ത ഭാഗം ഞാനിവിടെ നിങ്ങളുമായി പങ്കു വയ്ക്കുകയാണ്. ചില കാരണങ്ങൾ കൊണ്ട് ഇത് പബ്ലിഷ് ചെയ്യാൻ കഴിഞ്ഞില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ കാണാവുന്ന ന്യൂനതകളെ മാറ്റിനിർത്തി എൻ്റെ സുഹൃത്തുക്കൾ ഈ വീഡിയോ കാണണം. കാരണം ന്യൂനതകൾ തിരുത്തി അവതരിപ്പിക്കാൻ എനിക്കാവശ്യമായ സമയം ലഭിച്ചിരുന്നില്ല. ഒരുപാട് പട്ടുസാരി പ്രസംഗങ്ങളും ഉപരിവർഗ്ഗ ജീവിതങ്ങളുടെ മാത്രം തിളക്കവും കണ്ട് പരിചയിച്ച പൊതുബോധത്തിന് 44 മിനിറ്റ് നീളമുള്ള അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതം പറയുന്ന ഈ വീഡിയോ വിരസമായി തോന്നിയേക്കാം. എങ്കിലും ഒരു മാധ്യമപ്രവർത്തക എന്ന നിലയിൽ എന്നെ വിശ്വസിച്ച് അവർ കണ്ണീരോടെ പറഞ്ഞ ജീവിതം പ്രസിദ്ധീകൃതമാകണമെന്ന് നിർബന്ധമുള്ളതിനാൽ ഇവിടെ അപ്ലോഡ് ചെയ്യുകയാണ്.

തിരുവനന്തപുരം കൊച്ചുതോപ്പ് സെൻറ്. റോക്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേയ്ക്ക് നവംബർ 4 നാണ് പോകുന്നത്. പ്രകൃതിക്ഷോഭം കൊണ്ടും കടൽ കയറിയും വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ സർക്കാർ പരിസരത്തുള്ള സ്ഥാപനങ്ങളിൽ സജ്ജമാക്കുന്ന ദുരിതാശ്വാസ ക്യാംപുകളിലേയ്ക്കാണ് കൊണ്ടു പോവുക. എന്നാൽ ഇവിടങ്ങളിലെ യഥാർത്ഥ അവസ്ഥയെന്താണെന്ന് നേരിൽ കണ്ടു തന്നെയറിയണം.

സ്കൂൾ തുറന്നതോടെ കൊച്ചുതോപ്പിലെ ക്യാംപിൽ നിന്ന് ഇറങ്ങിക്കൊടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് ക്യാംപ് നിവാസികൾ. മറ്റൊരു ക്യാംപിലേയ്ക്ക് മാറുകയെന്നാൽ നിലവിലെ ദുരിതങ്ങൾ മറ്റൊരിടത്തേയ്ക്ക് പറിച്ചു നടുകയെന്നത് മാത്രമാകയാൽ പ്രതീക്ഷ നഷ്ടപ്പെട്ട് സർക്കാരിൻ്റെ കാരുണ്യം തേടി കാത്തിരിക്കുകയാണീ ജനങ്ങൾ.

നിരവധി ക്ഷേമപദ്ധതികളും പുനരധിവാസ പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നുണ്ടെങ്കിലും പരിഹരിക്കപ്പെടാതെ പോകുന്ന ഗൗരവതരമായ വിഷയങ്ങൾ ഇനിയും ബാക്കിയുണ്ട് നമ്മുടെ നാട്ടിൽ എന്നൊരോർമ്മപ്പെടുത്തലാണിത്. അധികാര കേന്ദ്രങ്ങളിൽ നിന്നും നമ്മളിൽ നിന്നുമൊക്കെ അധികം അകലെയല്ലാതെ തന്നെ തെളിഞ്ഞു നിൽക്കുകയാണ് ഈ അരികുജീവിതങ്ങളും..

‘ഞങ്ങളെവിടെപ്പോകും’ എന്ന ഇവരുടെ ചോദ്യം ഇവിടുത്തെ സർക്കാരിനോടും സമൂഹത്തോടുമാണ്. ഇതേ ചോദ്യം ഞങ്ങൾ സ്ഥലം എം എൽ എയോടും ചോദിക്കാനാഗ്രഹിച്ചു. എന്നാൽ മന്ത്രി കൂടിയായ ആന്റണി രാജുവിനെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല. അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയോട് സംസാരിച്ചപ്പോൾ ഈ വിഷയത്തിലൊന്നും പറയാനും ചെയ്യാനുമില്ലയെന്ന മട്ടിലായിരുന്നു പ്രതികരണം. വലിയതുറ കൗൺസിലർ പറയുന്നത് പുനരധിവാസത്തിനായി സർക്കാർ വാഗ്ദാനം ചെയ്ത തുക പോരാതെ വന്നാൽ ബാക്കി ചെലവ് ഇടവക വഹിക്കാമെന്നാണ്. എന്നാൽ ഇത്തരത്തിലൊരു വാഗ്ദാനവും തങ്ങൾ നൽകിയിട്ടില്ലെന്ന് ഇടവകാധികാരികളും പറയുന്നു. താമസിക്കാനിടമുണ്ടായിട്ടും സർക്കാരിനെ ബുദ്ധിമുട്ടിക്കാൻ വന്നു കിടക്കുകയാണ് എന്ന ഭാഷ്യമാണ് അധികാര വർഗത്തിന്റേത്. ക്ഷേമപ്രവർത്തനങ്ങൾ തീർത്തുമില്ലെന്നല്ല, ദുരിതത്തിലാണ്ടുപോയ ഏറ്റവും ദുർബലരായവരിലേയ്ക്ക് വരെ അതെത്തേണ്ടതുണ്ട്.

രണ്ടു പ്രശ്നങ്ങളാണ് ഇവിടെ നിലനിൽക്കുന്നത്. ഒന്ന് കൊച്ചുതോപ്പ് ക്യാമ്പിലെ മനുഷ്യർക്ക് സുരക്ഷിതമായൊരിടമില്ല, രണ്ട് ക്യാമ്പ് പ്രവർത്തിക്കുന്നത് മൂലം സ്കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുന്നു. രണ്ടും തുല്യ പ്രാധാന്യമുള്ള വിഷയങ്ങളായിരിക്കെ, ക്യാമ്പ് നിവാസികൾ സ്കൂൾ കയ്യേറിയെന്ന പ്രചരണവും അവർ ഇറങ്ങിപ്പോകണമെന്ന ആവശ്യവും തെറ്റാണ്. അവർക്കു പോകാൻ കൃത്യമായ സംവിധാനങ്ങളില്ല എന്നതാണ് സത്യം. ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി ഒരു മാസം കൃത്യമായി പ്രൊവിഷൻസ് എത്തിയിരുന്നു. അതിനു ശേഷം ഒരാള് പോലും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല.

ഈയൊരു ക്യാമ്പിന് മാത്രമാണ് ഈയവസ്ഥ, ഒറ്റപ്പെട്ട സംഭവം എന്നൊക്കെ പറയാൻ വരട്ടെ, 2017 ലുണ്ടായ ഓഖി ചുഴലിക്കാറ്റിൽ വീട് തകർന്നവരടക്കം പരിസരപ്രദേശങ്ങളിൽ പുഴുക്കൾക്ക് സമാനമായ ജീവിതം നയിക്കുന്നുണ്ട്. അനീതി തീർച്ചയായും സംഭവിക്കുന്നുണ്ട്. ചൂണ്ടിക്കാട്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതതയാണ് പ്രതികരിക്കാൻ താല്പര്യമില്ല എന്ന മറുപടികളിലേക്കെത്തിക്കുന്നത്, 100 വട്ടം വിളിച്ചാലും ഫോൺ എടുക്കേണ്ട എന്ന തീരുമാനങ്ങളിലേക്കെത്തിക്കുന്നത്. അധികാരവർഗ്ഗമെന്നും ചെയ്ത കണക്കുകളുമായി വരിക പതിവാണ്. എന്നാൽ യാഥാർഥ്യം നിങ്ങളുടെ മുന്പിലുണ്ട്,അതിനെ നിഷേധിക്കാനാവില്ല. അലിവിനായി കൈനീട്ടുന്നവരെ കയ്യേറ്റക്കാരാക്കാനും അവർക്കു നേരെ കണ്ണടക്കാനും വളരെ എളുപ്പമാണ്.

ഒരു മറ പോലുമില്ലാതെ, ഇരുട്ട് വീഴാൻ കാത്തു നിന്ന് ഭയപ്പെട്ടു കുളിക്കുന്ന പെൺകുട്ടികളെ അധികാരികൾ അറിയില്ല, തണുത്ത് വിറച്ച് ശരീരം നിശ്ചലമായിപ്പോയ അമ്മമാരെ ജനപ്രതിനിധികൾ കണ്ടിട്ടില്ല. ഈ നാട്ടിലെ പ്രശ്നങ്ങൾ തീർക്കാതെ നിങ്ങളെന്തു ന്യായം പറയുകയാണ്? തല ചായ്ക്കാനൊരിടം സർക്കാർ തരാതെ ഇവിടുന്നിറങ്ങില്ല എന്ന് ഇവരെക്കൊണ്ട് പറയിപ്പിക്കുന്നത് മുൻകാല അനുഭവങ്ങളാണ്. വാഗ്ദാനങ്ങൾ വെറും വാഗ്ദാനങ്ങൾ മാത്രമാണെന്ന് ഇവർ തിരിച്ചറിഞ്ഞുകഴിഞ്ഞു.

വികസനത്തിന്റെ പേരിൽ കുടിയൊഴുപ്പിക്കുന്നവർ, പ്രകൃതിക്ഷോഭത്തിനു ഇരയാകുന്നവർ ഇവരുടെയൊക്കെ ക്ഷേമവും പുനരധിവാസവും ഉറപ്പു വരുത്തേണ്ടത് ഏതൊരു ജനാധിപത്യ ഭരണകൂടത്തിന്റെയും ആധുനിക സമൂഹത്തിന്റെയും മാലികമായ കടമയാണ്. ‘നിങ്ങൾ കണ്ടില്ലെങ്കിൽ ഞങ്ങളെ ആര് കാണാനാണ്’ എന്ന വിലാപം നിങ്ങൾക്ക് മുന്നിലേയ്ക്ക് വയ്ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button