ThiruvananthapuramKeralaLatest NewsNews

വൈദ്യുതി നിരക്കും ബസ് ചാര്‍ജും വര്‍ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: പ്രതിപക്ഷ നേതാവ്

ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മഹാമാരിയില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജനം നട്ടം തിരിയുമ്പോള്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെയാണ് അവരെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : ദത്ത് വിവാദം: കുഞ്ഞിന്റെ കാര്യം അറിയിക്കുന്നില്ല, ചിലര്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അനുപമ

ബസ് വ്യവസായത്തിന് ഇന്ധന വില വര്‍ധനവും കൊവിഡ് മഹാമാരിയും വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ലെന്നും അവര്‍ക്ക് മുന്നോട്ടു പോകാന്‍ പിന്തുണ ആവശ്യവുമാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ജനങ്ങളുടെ മേല്‍ അധികഭാരം കെട്ടിവച്ചല്ല പ്രതിസന്ധി മറികടക്കേണ്ടതെന്ന് അദ്ദേഹം കുറിച്ചു. ഓട്ടോറിക്ഷകള്‍ക്കും ടാക്‌സികള്‍ക്കും ബസ് വ്യവസായത്തിനും ഡീസലിന് സബ്‌സിഡി നല്‍കണമെന്ന് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം വാദിച്ചത് ഈ പ്രതിസന്ധി മുന്നില്‍ കണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കിട്ടിയ വരുമാനത്തിന്റെ പത്തു ഇരട്ടിയോളം, ഏകദേശം അയ്യായിരം കോടി രൂപ അധികമായി ഇന്ധന നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടിയെന്ന് അദ്ദേഹം പറയുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള ധനകാര്യ മിസ്മാനേജ്‌മെന്റാണ് ഈ പ്രതിസന്ധി ഉണ്ടാക്കിയതെന്നും കൊവിഡ് പ്രതിസന്ധി അതിന്റെ ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയ പ്രതിസന്ധികാലത്ത് സില്‍വര്‍ ലൈനിനെ കുറിച്ച് പറയാന്‍ എങ്ങനെയാണ് ഈ സര്‍ക്കാരിന് സാധിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചു. ബസ് ചാര്‍ജും വൈദ്യുതി ചാര്‍ജും വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button