Latest NewsNewsInternational

ഒമിക്രോണിനെ പിടിച്ചുകെട്ടാന്‍ പുതുവഴികള്‍ തേടി ആരോഗ്യവിദഗ്ദ്ധര്‍

 

ന്യൂഡല്‍ഹി : കൊവിഡിന്റെ പുതിയ വകഭേദവും അതിതീവ്ര വ്യാപനശേഷിയുമുള്ള ഒമിക്രോണ്‍ വിഭാഗത്തെ ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും കണ്ടെത്തിയതോടെ ലോകരാജ്യങ്ങള്‍ ഭീതിയിലാണ്. കൊറോണ വാക്‌സിനെ കൊണ്ട് ഇതിനെ പ്രതിരോധിക്കാനാകില്ല എന്ന് ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചതോടെ അടച്ചുപൂട്ടലും, യാത്രാനിരോധനവും ഏര്‍പ്പെടുത്തിയിരിക്കുകയാണ് വിവിധ രാജ്യങ്ങള്‍.

എന്നാല്‍ ഒരിക്കല്‍ പരാജയപ്പെട്ട ഈ ആയുധങ്ങള്‍ തന്നെ വാക്‌സിന്‍ വികസിപ്പിച്ച ശേഷവും ലോകരാജ്യങ്ങള്‍ പിന്തുടരുന്നത് എന്ത്കൊണ്ടാണെന്ന് ആശ്ചര്യപ്പെടുകയാണ് ഒരു സംഘം വിദഗ്ദ്ധര്‍. കൊവിഡ് കാലത്തിനൊപ്പം ജീവിക്കേണ്ടി വരും എന്ന സത്യം നാം മനസിലാക്കേണ്ടതുണ്ടെന്നും വിവിധ പഠനങ്ങളിലൂടെ വിദഗ്ദ്ധര്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ യാത്രാ നിരോധനം ഇതിന് പ്രതിവിധിയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കാന്‍ ഇന്ത്യ നയപരമായ തീരുമാനങ്ങള്‍ എടുക്കണമെന്ന് ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവേ ഡോ സൗമിത്ര ദാസ് അഭിപ്രായപ്പെടുന്നു. അതിര്‍ത്തികള്‍ അടയ്ക്കുന്നത് ഒരു പരിഹാരമല്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്‌സിന്റെ ഡയറക്ടര്‍ കൂടിയായ ഡോക്ടര്‍ വിശദീകരിക്കുന്നു.

വിവേചനപൂര്‍വമായ തീരുമാനങ്ങള്‍ ഒമിക്രോണിന്റെ കാര്യത്തില്‍ രാജ്യങ്ങള്‍ എടുക്കരുത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ പിന്നാക്കം നില്‍ക്കുന്നതാണ് ഇപ്പോഴത്തെ ആശങ്ക വര്‍ദ്ധിപ്പിക്കുവാന്‍ കാരണം. എന്നാല്‍ അന്താരാഷ്ട്ര യാത്രാ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയാലും വൈറസുകള്‍ ലോകം മുഴുവന്‍ വ്യാപിക്കും എന്നത് കഴിഞ്ഞ കാലങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വൈറസ് വ്യാപനത്തിനുള്ള കാലാവധി നീട്ടിവയ്ക്കാന്‍ മാത്രമേ ഇത്തരം നിയന്ത്രണങ്ങളാല്‍ കഴിയുകയുള്ളു. വാക്‌സിനേഷനില്‍ കൂടി രോഗബാധയുടെ ശേഷി കുറയ്ക്കുക എന്നതാണ് ഫലപ്രദമായ മാര്‍ഗം. ഉയര്‍ന്ന അപകട സാദ്ധ്യതയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കണം, വേണ്ടി വന്നാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നു.

പുതിയ കൊവിഡ് വകഭേദം ഭീഷണി ഉയര്‍ത്തുമ്പോള്‍ രാജ്യങ്ങള്‍ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകളെ കുറിച്ചും ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അവയില്‍ പ്രധാനം എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുക എന്നതാണ്. എല്ലാ ഇന്‍ഡോര്‍ സ്പെയ്‌സുകള്‍ക്കും വാക്‌സിന്‍ പാസ്പോര്‍ട്ടുകള്‍ നടപ്പിലാക്കാനും ശ്രദ്ധിക്കണം. അതായത് മതിയായ ഡോസില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണം. ഇതിന് പുറമേ കൊവിഡിനൊപ്പം ജീവിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button