Latest NewsInternational

ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെ വൻപ്രതിഷേധം : നൂറുകണക്കിന് സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങി

ഗ്വദർ: പാകിസ്ഥാനിൽ നടക്കുന്ന ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പരിസരവാസികളുടെ വൻപ്രതിഷേധം. ചൈന-പാകിസ്ഥാൻ സംയുക്ത സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഗ്വദർ തുറമുഖത്തു നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി നൂറുകണക്കിന് സ്ത്രീകളും കുട്ടികളും രംഗത്തിറങ്ങിയിട്ടുണ്ട്. സമരമുഖത്ത് നിന്നുള്ള ചിത്രങ്ങളിൽ ഇക്കാര്യം വ്യക്തമാണ്.

ചൈനയുടെ നിർമ്മാണപ്രവർത്തനങ്ങൾ ഗ്വദർ നിവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതിയുടെ ലഭ്യതക്കുറവ്, അനാവശ്യമായ പോസ്റ്റുകൾ, നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള അനധികൃത മീൻ പിടിക്കൽ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളാണ് തുറമുഖ ജനത നേരിടുന്നത്. ഈയിടെ, ഗ്വദർ തുറമുഖ പരിസരങ്ങളിൽ പ്രാദേശികവാസികൾക്ക് അതിർത്തി കടന്നുള്ള കച്ചവടത്തിന് അനുമതി നിഷേധിച്ചു കൊണ്ട് പാക് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ജനങ്ങൾ പ്രക്ഷോഭം ആരംഭിച്ചത്.

ചൈനയിലെ സിൻജിയാങ് മേഖലയിൽ ആരംഭിച്ച് ഗിൽഗിത് -ബാൾട്ടിസ്ഥാൻ- പഞ്ചാബ് വഴി ഗ്വദർ തുറമുഖം വരെ നീണ്ടു കിടക്കുന്ന ബൃഹദ് പദ്ധതിയാണ് ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി. ചൈനയ്ക്ക് പാശ്ചാത്യ രാഷ്ട്രങ്ങളിലേക്കുള്ള സമുദ്രമാർഗം തുറന്നു കൊടുക്കുന്ന ഈ പദ്ധതി അവരുടെ ദീർഘകാല സ്വപ്നമാണ്.

shortlink

Post Your Comments


Back to top button