KeralaLatest NewsIndia

പോക്‌സോ കേസ് ഇരയായ ആറുവയസുകാരിയെ പ്രതിയെ തന്നെ ഏൽപ്പിച്ച പോലീസിന്റെ ക്രൂരത: അമ്മയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു

മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്ത് എത്തുന്നത്.

തിരുവനന്തപുരം: പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം ആറ് വയസുകാരി മകളെയും അമ്മയെയും എത്തിച്ച് പോലീസിന്റെ ക്രൂരതക്കെതിരെ ഡിജിപിയുടെ ഇടപെടൽ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ റൂറൽ എസ്പിക്ക് ഡിജിപി നിർദേശം നൽകി. കുട്ടിയുടെ അമ്മയുടെ പരാതിയിൽ ആണ് പോലീസ് മേധാവിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

പോക്സോ കേസിലെ പ്രതി കൺമുന്നിലുണ്ടായിട്ടും നടപടികൾ വൈകിപ്പിച്ച പോലീസ്, ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിൻറെ അമ്മയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. 45 ദിവസം ആണ് ഈ അമ്മ ജയിലിൽ കിടന്നത്. ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചു. ഈ കേസിലായിരുന്നു അമ്മയെ അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറ് വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളി യുവതി തിരുവനന്തപുരത്ത് എത്തുന്നത്.

ജൂലൈ 15ന് അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17ന് രാത്രി വീട്ടിൽ തന്‍റെ മകളെ ഭർത്താവ് പീ‍ഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന ശേഷം മൊബൈൽ അടക്കം പിടിച്ചുവാങ്ങി ഒന്നരമാസം വീട്ടുതടങ്കലിൽ ഇട്ടെന്നും യുവതി പറയുന്നു. രണ്ട് തവണ വധശ്രമമുണ്ടായെന്നും പരാതിപ്പെടുന്നു. മകൾ നേരിട്ട പീഡനത്തിൽ പരാതി നൽകാതെ പിന്മാറില്ലെന്ന ഉറച്ച നിലപാട് യുവതി എടുത്തതോടെ പ്രശ്നം വഷളായി. സ്വർണ്ണാഭരണങ്ങൾ കവർന്നെന്നും തന്‍റെ 16വയസുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കാട്ടി വ്യോമസേന ഉദ്യോഗസ്ഥനും ആഗസ്റ്റ് അവസാനം യുവതിക്കെതിരെ പരാതി നൽകി.

ഇതന്വേഷിക്കാൻ മലയിൻകീഴ് പൊലീസ് എത്തിയതോടെയാണ് മകൾ നേരിട്ട പീഡനം പൊലീസിനെ യുവതി അറിയിക്കുന്നത്. ആഗസ്റ്റ് 31ന്. അന്നെ ദിവസം അമ്മയെയും മകളെയും അവിടതന്നെ നിർത്തി പൊലീസ് കടന്നു. സെപ്റ്റംബർ ഒന്നിന് രണ്ടും കൽപിച്ച് യുവതി മകളുമായി പൊലീസ് സ്റ്റേഷനിൽ എത്തി. ആറ് വയസുകാരി മജിസ്ട്രേറ്റിന് മൊഴി നൽകി. മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. മെഡിക്കൽ റിപ്പോർട്ടിൽ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും അന്നേ ദിവസം രാത്രി പൊലീസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിൽ. കണ്‍മുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പൊലീസ് തൊട്ടില്ല.

അന്വേഷിച്ചപ്പോൾ യുവതി പറഞ്ഞിട്ടാണ് വീട്ടിലാക്കിയതെന്ന് മലയൻകീഴ് സിഐ പറയുന്നു. എന്നാൽ യുവതി ഇത് നിഷേധിച്ചു. ആറുവയസുകാരിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റ് വൈകിപ്പിച്ച മലയൻകീഴ് പൊലീസ് പോക്സോ കേസ് പ്രതിക്ക് പരിക്കേറ്റ കേസിൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്തു. പോക്സോ കേസിൽ എയർഫോഴ്സ് ഉദ്യോഗസ്ഥൻ രണ്ടാഴ്ചകൊണ്ട് തന്നെ പുറത്തിറങ്ങി. എന്നാൽ വധശ്രമകേസിൽ നാൽപത്തിയഞ്ച് ദിവസം ജയിൽവാസം നേരിടേണ്ടി വന്ന ദുരവസ്ഥയിലേക്ക് മുംബൈ യുവതിയെ എറിഞ്ഞു കൊടുത്ത പൊലീസ് വീഴ്ചയാണ് കുറ്റകരം.

മാനസിക സംഘർഷം അനുഭവിക്കുന്നതിനിടെ ആറുവയസുകാരിയും ഈ ഒന്നരമാസം അമ്മയിൽ നിന്നും അകറ്റപ്പെട്ടു. പോലീസ് വീട്ടിലെത്തിച്ച അതെ ദിവസമാണ് ഭർത്താവ് ഭാര്യയും തമ്മിൽ തർക്കമുണ്ടാകുന്നതും എയർഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേൽക്കുന്നതും. സ്വയം മുറിവേൽപിച്ച് മിലിട്ടറി ആശുപത്രിയിൽ ചികിത്സ തേടി തന്നെ വധശ്രമക്കേസ് പ്രതിയാക്കിയെന്നാണ് യുവതിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button