AlappuzhaLatest News

സന്ദീപ് വധം: പ്രതിയെ തേടിയെത്തിയ പോലീസ് കണ്ടത് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടത്, ക്വട്ടേഷൻ നൽകിയ ആൾ അറസ്റ്റിൽ

ദേഹമാസകലം മർദനമേറ്റിരുന്ന അരുണിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി

തിരുവല്ല : സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ, munpu കരുവാറ്റയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതികൾ. തട്ടിക്കൊണ്ടുപോകാൻ ഇവർക്കു ക്വട്ടേഷൻ നൽകിയ ആളെ അറസ്റ്റ് ചെയ്തു. കരുവാറ്റ പാലപ്പറമ്പിൽ രതീഷ് (40) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. സന്ദീപിന്റെ കൊലപാതകത്തിനു ശേഷം പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതും രതീഷാണ്.

പ്രതികൾ ഒളിച്ചിരുന്ന കരുവാറ്റയിലെ വീട്ടിൽനിന്നു രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കരുവാറ്റ ചാമപ്പറമ്പിൽ വടക്കതിൽ അരുണിനെ (25) സന്ദീപ് വധക്കേസ് പ്രതികളായ ജിഷ്ണു രഘു (23), പ്രമോദ് (23), നന്ദു അജി (24) എന്നിവർ ചേർന്ന് ബൈക്കിൽ തട്ടിക്കൊണ്ടു പോയത്. അരുണിന്റെ ബൈക്കും ഇവർ എടുത്തിരുന്നു. അരുണിനെ തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജിലെത്തിച്ചു. കട്ടിലിനടിയിൽ കയ്യും കാലും കെട്ടിയിട്ട ശേഷം മുറി പൂട്ടി. അതിനു ശേഷമാണ് സന്ദീപിനെ കൊലപ്പെടുത്താൻ പ്രതികൾ പോയത്.

അരുണും രതീഷും ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നു പൊലീസ് പറഞ്ഞു. 2 മാസം മുൻപ് അരുണിന്റെ നേതൃത്വത്തിൽ രതീഷിന്റെ സ്കൂട്ടർ കത്തിച്ചിരുന്നു. ഇതിനു പകരം അരുണിന്റെ ബൈക്ക് രതീഷിനു നൽകുകയോ വില നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയത്.

സന്ദീപ് വധക്കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഫൈസൽ കുറ്റപ്പുഴയിലെ ലോ‍ഡ്ജിലുണ്ടെന്ന് അറിഞ്ഞ പൊലീസ് അവിടെയെത്തി പരിശോധിച്ചപ്പോഴാണ് കെട്ടിയിട്ട നിലയിൽ അരുണിനെ കണ്ടത്. ദേഹമാസകലം മർദനമേറ്റിരുന്ന അരുണിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സന്ദീപ് വധക്കേസിലെ 2 പ്രതികൾ അരുണിന്റെ ബൈക്കിലാണു സഞ്ചരിച്ചതെന്നു കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button