Latest NewsIndia

ബസ്‌സ്റ്റോപ്പിൽ ചിരിച്ച് മമത, ഗോത്രവർഗ സ്ത്രീകളുമൊത്ത് ഡാൻസ് കളിച്ച് പ്രിയങ്ക: ഗോവപിടിക്കാനായി മുന്നണികളുടെ പോരാട്ടം

വീട്ടിലെ ഗൃഹനാഥയായ സ്ത്രീക്ക് മാസം തോറും 5000 രൂപ ലഭിക്കുന്ന പദ്ധതി വരെയുണ്ട്.

പനജി: അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാൻ കച്ചകെട്ട് ഇറങ്ങിയിരിക്കുകയാണ് മുന്നണികൾ. ഗോവയിലെ മുക്കിലും മൂലയിലും പുതിയ വാഗ്ദാനങ്ങളും പ്രചാരണങ്ങളുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് നിറയുമ്പോൾ മമതയ്ക്കു ബദലായി കോൺഗ്രസ് ഉയർത്തുന്നത് പ്രിയങ്ക ഗാന്ധിയെയാണ്. പ്രിയങ്കയെ മുന്നിൽനിർത്തി ഗോവ പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗോവയിലെത്തിയ പ്രിയങ്ക ഗാന്ധി, സ്ത്രീകളുമായി ആശയവിനിമയം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഗോവയിലെ ഗോത്രവർഗ സ്ത്രീകളുമൊത്ത് പ്രിയങ്ക നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോശം തിരഞ്ഞെടുപ്പ് റെക്കോർഡ് ഉള്ളതിനാൽ തന്നെ തൃണമൂലുമായി ഒരു വാക്‌യുദ്ധത്തിൽ ഏർപ്പെടാൻ കഴിയില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. സ്ത്രീകളുടെ വോട്ടു നോട്ടമിട്ട് ഗോവയുടെ ചുമതലയുള്ള തൃണമൂൽ എംപി മഹുവ മൊയ്ത്രി വൻ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരുന്നു. അതിൽ വീട്ടിലെ ഗൃഹനാഥയായ സ്ത്രീക്ക് മാസം തോറും 5000 രൂപ ലഭിക്കുന്ന പദ്ധതി വരെയുണ്ട്.

ബസ്‌സ്റ്റോപ്പിൽ വരെയാണ് മമതയുടെ കൂറ്റൻ കട്ടൗട്ട് ഉള്ളത്. ബംഗാളിൽ പയറ്റി തെളിഞ്ഞ തന്ത്രവുമായി ഗോവ പിടിക്കാൻ മമത ഇറങ്ങുമ്പോൾ സ്ത്രീ വോട്ടർമാരെ അടക്കം സ്വാധീനിക്കാൻ ഏറ്റവും മികച്ച ആയുധം പ്രിയങ്ക ആണെന്നു തന്നെ കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. കോൺഗ്രസ് ദുർബലമായെന്ന് മമതയുടെ അനന്തരവനും തൃണമൂൽ നേതാവുമായ അഭിഷേക ബാനർജി പറഞ്ഞത് കോൺഗ്രസിന്റെ മനസ്സിലുണ്ട്.

ഇതോടെ മമതയ്ക്കെതിരെ കോൺഗ്രസ് അവരുടെ തുറുപ്പുചീട്ടു തന്നെ രംഗത്തിറക്കി. ഗോവ കൂടാതെ മമത കാലുകുത്താനൊരുങ്ങുന്ന ത്രിപുര, ഹരിയാന, മേഘാലയ, അസം തുടങ്ങി എല്ലായിടങ്ങളിലും പ്രിയങ്കയും രംഗത്തിറങ്ങുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button