
കോട്ടയം: താഴത്തങ്ങാടി അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി മുട്ടത്തെ പാറക്കുളത്തിൽ തിരച്ചിൽ തുടങ്ങി. 2017 ഏപ്രിൽ ആറിന് രാത്രിയാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഹബീബ (37) എന്നിവരെ കാണാതായത്. ഹർത്താൽ ദിനമായ അന്ന് രാത്രി ഒമ്പതോടെ ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് പുതിയ കാറിൽ പുറപ്പെട്ടതായിരുന്നു ഇരുവരും. ഉറക്കമായതിനാൽ രണ്ടു മക്കളെയും കൊണ്ടുപോയില്ല. മടങ്ങിവരാത്തതിനെ തുടർന്ന് പിറ്റേദിവസം ഹാഷിമിന്റെ പിതാവ് അബ്ദുൽ ഖാദർ പൊലീസിൽ പരാതി നൽകി. ക്രൈംബ്രാഞ്ച് ആണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.
വീടിനു സമീപം പലചരക്കു കട നടത്തിവന്ന ഹബീബ് കാണാതാകുന്നതിനു രണ്ടുമാസം മുൻപാണ് ഗ്രേ നിറത്തിലുള്ള പുതിയ വാഗൺ ആർ കാർ വാങ്ങിയത്. കെഎൽ 5 എജെ 7183 എന്ന താൽക്കാലിക റജിസ്ട്രേഷൻ നമ്പറാണ് കാറിൽ പതിച്ചിരുന്നത്. പതിമൂന്നും എട്ടും വയസ്സുള്ള രണ്ടു കുട്ടികളെയും (ഫാത്തിമത്തുൽ ഹുസുന, മുഹമ്മദ് ബിലാൽ) പ്രായമായ പിതാവ് എം.കെ.അബ്ദുൽ ഖാദറിനെയും വീട്ടിലാക്കിയാണു ഭക്ഷണം വാങ്ങാനെന്നു പറഞ്ഞു ഇരുവരും പോയത്. പോകുമ്പോൾ മൊബൈൽ ഫോൺ, പഴ്സ്, എടിഎം, ക്രെഡിറ്റ് കാർഡ് എന്നിവ വീട്ടിൽ തന്നെ വച്ചു. ഹബീബ അണിഞ്ഞിരുന്ന ഏകദേശം പത്തു പവനോളം വരുന്ന ആഭരണങ്ങളാണ് ആകെയുണ്ടായിരുന്നത്.
ഹാഷിമും ഹബീബയും അതുവരെ വീടുവിട്ട് മാറിനിന്നിട്ടില്ല. കുടുംബത്തിൽ സാമ്പത്തികമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും വീടിനു മുന്നിൽ നടത്തുന്ന പലചരക്കു കട നല്ല വിധത്തിലാണ് മുന്നോട്ടു പോകുന്നതെന്നും പിതാവ് അന്ന് വ്യക്തമാക്കിയിരുന്നു. അധികം ദൂരം കാർ ഓടിക്കുന്ന സ്വഭാവവും ഹാഷിമിനില്ലായിരുന്നു. എപ്പോഴും മൊബൈൽ ഫോൺ കയ്യിൽ കരുതുമെങ്കിലും അന്ന് പുറത്തുപോയപ്പോൾ ഹാഷിം ഫോണുകൾ മേശപ്പുറത്തു വച്ചിട്ട് പോയതിൽ ബന്ധുക്കൾക്ക് സംശയമുണ്ട്. പഴ്സ് കൊണ്ടുപോയിട്ടില്ലെങ്കിലും പലചരക്കുകടയിലെ പണം കയ്യിൽ ഉണ്ടായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.
2018 ഫെബ്രുവരിയിൽ, പെരുമ്പാവൂരുള്ള ഒരു മതപണ്ഡിതനെ ഹാഷിം സന്ദർശിക്കാറുണ്ടെന്ന വിവരത്തെ തുടർന്ന്, അദ്ദേഹത്തെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലെ അജ്മേറിൽ പരിശോധന നടത്താൻ തീരുമാനിച്ചു. അജ്മേറിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തോട് ഹബീബയെ അജ്മേർ ദർഗയ്ക്കടുത്ത് എപ്പോഴോ കണ്ടതായി ചില ഹോട്ടലുടമകൾ സംശയം പറഞ്ഞു.
തുടർന്ന് ദർഗയ്ക്കടുത്തുള്ള പൊലീസ് സ്റ്റേഷന്റെയും ക്രൈംബ്രാഞ്ചിന്റെയും സഹായത്തോടെ ദർഗയ്ക്കു സമീപത്തും പരിസരപ്രദേശങ്ങളിലും ദമ്പതികളുടെ ചിത്രങ്ങൾ പതിച്ചു. തൽവർ എന്ന സ്ഥലത്തെ ആരാധനാലയത്തിലും തിരച്ചിൽ നടത്തി. ഈ പ്രദേശത്ത് ഒളിവിൽ താമസിക്കാനും മറ്റും പറ്റിയ സ്ഥലങ്ങളുണ്ടെന്നാണ് അജ്മേർ പൊലീസ് നൽകിയ വിവരം. താമസ സൗകര്യമുള്ള എല്ലാ ഹോട്ടലുകളിലും ലോഡ്ജുകളിലും പൊലീസ് ഇരുവരുടെയും ഫോട്ടോ കാണിച്ചും പരിശോധന നടത്തി. പക്ഷേ നിരാശയായിരുന്നു ഫലം.
നേരത്തേ ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന ആരാധനാലയങ്ങളിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പ്രധാന ആരാധനാലയങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പൊലീസ് ദിവസങ്ങളോളം പരിശോധന നടത്തിയിട്ടും ഒരു തുമ്പും ലഭിച്ചിരുന്നില്ല.
Post Your Comments