Latest NewsInternational

4 വർഷം കൊണ്ട് മൊസാംബിക്കിൽ ഐസിസ് ഭീകരർ കൊന്നു തള്ളിയത് 3500 പേരെ, പാസ്റ്ററുടെ തലവെട്ടി ഭാര്യയുടെ കയ്യിൽ കൊടുത്തു

2017-ല്‍ ഇവര്‍ അക്രമ മാര്‍ഗ്ഗത്തിലേക്ക് കടക്കുകയും അല്‍ ഷബാബ് എന്ന പെരില്‍ അറിയപ്പെടുകയും ചെയ്യാന്‍ തുടങ്ങി.

മാപ്‌ടോ: കഴിഞ്ഞ നാലുവര്‍ഷമായി നടന്നുവരുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം മൊസാംബിക്കില്‍ ഐഎസ് ഭീകരർ കൊന്നു തള്ളിയത് ആയിരക്കണക്കിന് നിരപരാധികളെ. കഴിഞ്ഞ ബുധനാഴ്ച ഐസിസ് ഭീകരര്‍ എന്ന് സംശയിക്കപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ഒരു ക്രിസ്ത്യന്‍ പാസ്റ്ററുടെ തലയറുത്തു. അതുകൊണ്ട് തീര്‍ന്നില്ല അവരുടെ ക്രൂരത. അറുത്തെടുത്ത തല അവര്‍ അയാളുടേ ഭാര്യയ്ക്ക് കൈമാറി അതുകൊണ്ടു പോയി അധികാരികളോട് പരാതിപ്പെടാനും ആവശ്യപ്പെട്ടു.

വീടിനടുത്തുള്ള സ്വന്തം കൃഷിയിടത്തില്‍ നിന്നും പാസ്റ്ററെ തട്ടിക്കൊണ്ടുപോയാണ് തലയറുത്തതെന്ന് അയാളുടെ വിധവ പൊലീസിനോട് പറഞ്ഞു. രാജ്യത്തിലെ ഏറ്റവും അധികം എണ്ണസമ്പത്തുള്ള വടക്കന്‍ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോയില്‍ നടന്ന ഈ സംഭവം പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിന്റെ അറുത്തു മാറ്റിയ ശിരസ്സുമായി പാസ്റ്ററുടെ വിധവ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 മുതല്‍ തന്നെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ഐസിസ് നടത്തിയിട്ടുണ്ട്. ഇതുവരെ ഏകദേശം 3340 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈ വര്‍ഷം ആദ്യം നടന്ന ഒരു ആക്രമണത്തെ തുടര്‍ന്ന് എട്ട് ലക്ഷം പേര്‍ക്കാണ് അവരുടെ വീടുകളില്‍ നിന്നും ഒഴിഞ്ഞുപോകേണ്ടതായി വന്നത്. മാര്‍ച്ച്‌ 24 ന് പാല്‍മ പട്ടണത്തിലായിരുന്നു ഇസ്ലാമിസ്റ്റ് ഭീകരര്‍ അക്രമം അഴിച്ചുവിട്ടത്. അതിനെ തുടര്‍ന്ന് ജൂലായ് മാസം മുതല്‍ 3,100 ആഫ്രിക്കന്‍, യൂറോപ്യന്‍, അമേരിക്കന്‍ സൈനികരെ ഇവിടെ വിന്യസിച്ചിരുന്നു.

ഇപ്പോഴും ഒട്ടുമിക്ക ആഴ്‌ച്ചകളിലും ഗ്രാമീണര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ ഭീകരര്‍ അക്രമം അഴിച്ചുവിടുന്നുണ്ട്. എന്നിട്ടും ഭീകരരെ ഒതുക്കുവാനുള്ള പദ്ധതി ഭാഗിക വിജയമായിരുന്നു എന്നായിരുന്നു പ്രസിഡണ്ട് പാര്‍ലമെന്റില്‍ അവകാശപ്പെട്ടത്. 2020-ല്‍ രാജ്യത്ത് 160 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2021-ല്‍ അത് 52 ആയി കുറഞ്ഞു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുപത് ശതമാനം മുസ്ലിം മത വിശ്വാസികള്‍ മാത്രമുള്ള ഒരു ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമാണ് മൊസാംബിക്.

1998-ല്‍ കെനിയയിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട തീവ്രവാദിയായ പുരോഹിതന്റെ അനുയായികളായ ഒരു കൂട്ടം തീവ്രവാദികള്‍ 2015-ലാണ് അന്‍സര്‍ അല്‍ സുന്ന എന്നപേരില്‍ ഒരു പുതിയ മത പ്രസ്ഥാനം രൂപീകരിക്കുന്നത്. സാവധാനം മോസ്‌കുകളും മത പാഠശാലകളും ഒക്കെ നിര്‍മ്മിച്ച്‌ പ്രാദേശിക വാസികളുമായി കൂടുതല്‍ അടുക്കുവാന്‍ ഈ സംഘടനയ്ക്കായി. എന്നാല്‍, 2017-ല്‍ ഇവര്‍ അക്രമ മാര്‍ഗ്ഗത്തിലേക്ക് കടക്കുകയും അല്‍ ഷബാബ് എന്ന പെരില്‍ അറിയപ്പെടുകയും ചെയ്യാന്‍ തുടങ്ങി.

സാവധാനം ഐസിസ് പതാകയ്ക്ക് മുന്നില്‍ പോസു ചെയ്തുള്ള പൊസ്റ്റുകളും അതുപൊലെ അന്നത്തെ ഐസിസ് തലവനായിരുന്ന അബു ബക്കര്‍ അല്‍ ബാഗ്ദാദിയെ വാഴ്‌ത്തുന്ന പോസ്റ്റുകളും ഒക്കെയായി ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാകാന്‍ തുടങ്ങി.അതിനുശേഷമാണ് ഐസിസിന്റെ മദ്ധ്യ ആഫ്രിക്ക പ്രവിശ്യ വിഭാഗത്തില്‍ മൊസാംബികില്‍ നിന്നുള്ള ജിഹാദികള്‍ ചേര്‍ന്നതായി ഐസിസ് സ്ഥിരീകരിച്ചത്. അതിനുശേഷം മൊസാംബിക്കില്‍ നടന്ന നിരവധി അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. ഇതില്‍ ക്രൂരമായ കൊലപാതകങ്ങളും കൂട്ടക്കൊലകളുമൊക്കെ ഉള്‍പ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ നടന്നതാണ് പാസ്റ്ററുടെ ക്രൂര കൊലപാതകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button