Latest NewsNewsIndia

ഭര്‍ത്താവിനൊപ്പം കഴിയണമെന്നുള്ള കുടുംബ കോടതിയുടെ നിര്‍ദേശം ആദ്യ ഭാര്യക്ക് നിരസിക്കാം: ഹൈക്കോടതി

മുസ്‌ലിം നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുണ്ടെങ്കിലും ഒരിക്കലും അത് പ്രോത്സാഹിപ്പിച്ചിട്ടില്ല, ഇക്കാരണത്താല്‍ ആദ്യ ഭാര്യ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ വിസമ്മതിച്ചേക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗാന്ധിനഗര്‍: കോടതി വിധിയിലൂടെ പോലും ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കാനാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. കുടുംബ കോടതി വിധി റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങണമെന്നും ദാമ്പത്യ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്നുമുള്ള കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ത്രീ സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. 2021 ജൂലൈയിലായിരുന്നു ഗുജറാത്തിലെ ബനസ്‌കന്ത കുടുംബ കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരു കോടതി വിധിയിലൂടെ പോലും ഭര്‍ത്താവുമായി സഹവസിക്കാനും അവനുമായി ദാമ്പത്യ ബന്ധം നിലനിര്‍ത്താനും ഒരു സ്ത്രീയേയും നിര്‍ബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, നിരാല്‍ മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സിവില്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്സായ സ്ത്രീയാണ് ഹർജി നല്‍കിയത്. ഇവരോട് ഓസ്ട്രേലിയയിലേക്ക് കുടിയേറാനും അവിടെ ജോലി ചെയ്യാനും ഭര്‍ത്താവ് നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെയാണ് 2017 ജൂലൈയില്‍ മുതല്‍ തന്റെ മകനോടൊപ്പം ഇവര്‍ ഭര്‍ത്താവില്‍ നിന്ന് അകന്ന് താമസിക്കാന്‍ തുടങ്ങിയത്.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…

മുസ്‌ലിം നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുണ്ടെങ്കിലും ഒരിക്കലും അത് പ്രോത്സാഹിപ്പിച്ചിട്ടില്ല, ഇക്കാരണത്താല്‍ ആദ്യ ഭാര്യ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ വിസമ്മതിച്ചേക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ‘ഇന്ത്യയിലെ മുസ്‌ലിം നിയമം, ബഹുഭാര്യാത്വത്തെ സഹിഷ്ണുതയുള്ള ഒരു കാര്യമായാണ് കണക്കാക്കുന്നത്. പക്ഷേ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. കൂടാതെ ഏത് സാഹചര്യത്തിലും തന്റെ കണ്‍സോര്‍ഷ്യം മറ്റൊരു സ്ത്രീയുമായി പങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിക്കാനുള്ള അവകാശം ഭര്‍ത്താവിന് നല്‍കിയിട്ടില്ല,- കോടതി പറയുന്നു.

സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നത് നിയമപരമായ കാരണങ്ങളൊന്നുമില്ലാതെയാണ് യുവതി വീട് വിട്ട് പോയതെന്നാണ്. യുവതിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. കുടുംബ കോടതിയില്‍ നിന്ന് ഭര്‍ത്താവിന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ആദ്യ ഭാര്യ ഇല്ലാത്ത സമയത്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതില്‍ ഭര്‍ത്താവിന് അനുകൂലമായി ഇത്തരമൊരു വിധിയുണ്ടാകുന്നത് ശരിയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. ജോലി ചെയ്യുന്ന സ്ത്രീയായതിനാല്‍ വീട്ടുജോലികള്‍ നിറവേറ്റാന്‍ അവര്‍ക്ക് കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മുടന്തന്‍ ന്യായം ഭര്‍തൃ വീട്ടുകാര്‍ ആരോപിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

shortlink

Post Your Comments


Back to top button