News

ലോകം വലിച്ചെറിഞ്ഞ ചെമ്പു നാണയമാണ് കമ്മ്യൂണിസം, ‘ചുവന്ന തെരുവുകൾ’ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തടയണമെന്ന് സത്താർ

കമ്മ്യൂണിസത്തെ തള്ളി എസ്.കെ.എസ്.എസ്.എഫ്. അവധി കഴിഞ്ഞ ഓട്ടമുക്കാലാണ് കമ്മ്യൂണിസമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ പരിഹസിക്കുന്നു. ലോകമാകെ വലിച്ചെറിഞ്ഞ ചെമ്പു നാണയമാണ് കമ്മ്യൂണിസമെന്നും സത്താർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുരോഗമന നാട്യം ചമയുന്ന എസ്.എഫ്.ഐ പിള്ളേർക്ക് കമ്യൂണിസവും മാർകിസവും എന്താണെന്ന് അറിയില്ലെന്നും അജണ്ടകൾ നഷ്ടപ്പെട്ടവരുടെ അവസാനത്തെ അഭയമാണ് തെരുവുകൾ ചുവപ്പിച്ചു ചുവപ്പിച്ചു ‘ചുവന്ന തെരുവുകൾ’ ഉണ്ടാക്കാനുള്ള ശ്രമങ്ങളെന്നും ചൂണ്ടിക്കാട്ടിയ സത്താർ മനുഷ്യത്വമുള്ളവർ ഇത്തരം ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

സത്താർ പന്തലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഇത്ര വലതാണോ ഈ ഇടത് … അവധി കഴിഞ്ഞ ഓട്ടമുക്കാലാണ് കമ്യൂണിസം. ലോകമാകെ വലിച്ചെറിഞ്ഞ ചെമ്പു നാണയം. ചൈന പോലുള്ള ചില അപൂർവ്വ രാജ്യങ്ങളിലും കേരളം പോലുള്ള ചില തുരുത്തുകളിലും അധികാര രാഷ്ട്രീയത്തിൻ്റെ ഭാഗമായി അത് നില നിൽക്കുന്നുണ്ട്. പക്ഷേ, അതിനകത്ത് ‘കമ്യൂണിസ’ത്തെ തിരയുന്നവർക്ക് യഥാർത്ഥ കമ്യൂണിസത്തിൻ്റെ പൊടിപോലും കണ്ടെത്താനാകില്ല. അത്രയും വലതാണീ ഇടത്.
പുരോഗമന നാട്യം ചമയുന്ന എസ് എഫ് ഐ പിള്ളേർക്ക് കമ്യൂണിസവും മാർകിസവും എന്താണെന്ന് അറിയില്ല. കമ്യൂണിസം അതിൻ്റെ അക്ഷരാർത്ഥം പോലെ ‘കമ്യൂൺ’ ആണ്. ലിബറലിസമാകട്ടെ അതിൻ്റെ നേരെ എതിരാളിയും. ലിബറലിസത്തിനകത്ത് ‘കമ്യൂൺ’ഇല്ല. വ്യക്തി(Individual) താൽപര്യങ്ങളേ ഉള്ളൂ. വ്യക്തി സ്വാതന്ത്ര്യത്തിനു യാതൊന്നും തടസ്സമാകരുതെന്നാണ് അതിൻ്റെ മുദ്രാവാക്യം. കമ്യൂണിസമാകട്ടെ വ്യക്തിതാൽപര്യങ്ങളെ ഹനിച്ചു സമൂഹ താൽപര്യങ്ങളെ താലോലിക്കണമെന്ന് പറയുന്നു. ഒന്ന് രാവ്. മറ്റൊന്ന് പകൽ.

കമ്പോളാധിപത്യത്തിൻ്റെ പുതിയ ലോകത്ത് എടുക്കാ ചരക്കാണ് കമ്യൂണിസം. സ്വയം നടക്കാൻ സാധിക്കാത്ത മുടന്തൻ. ഇന്നതിനെ എസ് എഫ് ഐയും മറ്റും മറുകര കടത്താൻ ശ്രമിക്കുന്നത് ലിബറലിസത്തിൻ്റെ തോളിൽ കയറിയാണ്. ശത്രുവായ ലിബറലിസത്തിൻ്റെ തോളിൽ കമ്യൂണിസത്തെ കയറ്റിവച്ചു നടക്കുന്നത് ഒന്നാന്തരം തോൽവിയാണ്. എന്നു മുതലാണ് കമ്യൂണിസ്റ്റുകൾക്ക് ലിബറലിസം പ്രിയപ്പെട്ടതായത്? രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ liberalisation മാത്രം എതിർക്കപ്പെടേണ്ടതും സാംസ്കാരിക രംഗത്തേത് അംഗീകരിക്കപ്പെടേണ്ടതുമാണെന്ന പാഠം ആരാണ് ഇവർക്ക് പഠിപ്പിച്ചത്? ദശകങ്ങൾക്കപ്പുറം കാമ്പസുകളിൽ സൈദ്ധാന്തിക കസർത്തുകൾ വാരി വിതറിയ ഇടതു വിദ്യാർത്ഥി സംഘങ്ങൾ ഇപ്പോൾ, കാമ്പസിൽ വരുന്നത് ജെൻഡർ ന്യൂട്രാലിറ്റിയും സദാചാരത്തിൻ്റെ പൊളിച്ചെഴുത്തും ലൈംഗിക സ്വാതന്ത്ര്യവും മുദ്രാവാക്യമാക്കി പൈങ്കിളി വർത്തമാനം പറഞ്ഞു കൊണ്ടാണ്. അരാജകത്വത്തിനു വാതിൽ തുറക്കുന്ന ഇത്തരം ശ്രമങ്ങൾ മനുഷ്യനെ കേവല മൃഗത്തെപ്പോലെ വെറുമൊരു ഭോഗി മാത്രമാക്കുന്ന ശൈലിയാണ്. അജണ്ടകൾ നഷ്ടപ്പെട്ടവരുടെ അവസാനത്തെ അഭയമാണ് തെരുവുകൾ ചുവപ്പിച്ചു ചുവപ്പിച്ചു ‘ചുവന്ന തെരുവുകൾ’ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ. മനുഷ്യത്വമുള്ളവർ അതിനെ ചെറുത്തു തോൽപ്പിച്ചേ പറ്റൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button