ErnakulamKeralaNattuvarthaLatest NewsNews

കെ റെയില്‍ നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാർ മുന്നിട്ടിറങ്ങുമ്പോൾ, കെ ഫോണ്‍ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

കൊച്ചി: കെ റെയില്‍ നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാർ മുന്നിട്ടിറങ്ങുമ്പോൾ, 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എത്തിക്കാനുള്ള വലിയ പദ്ധതിയായി പ്രഖ്യാപിച്ച കെഫോണിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. കേരളത്തിന്‍റെ മുക്കിലും മൂലയിലും അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ ഇഴഞ്ഞ് നീങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 2021 അവസാനത്തോടെ പദ്ധതി പൂര്‍ത്തികരിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. കോവിഡ് വ്യാപനവും, കേബിള്‍ ഇടുന്നതിന് വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി വൈകുന്നതുമാണ് പദ്ധതിക്ക് വില്ലനാകുന്നത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നൽകുന്ന വിശദീകരണം.

പദ്ധതിയിലൂടെ മുപ്പതിനായിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടതടവില്ലാതെ ഇന്‍റര്‍നെറ്റ് സേവനം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. പദ്ധതിക്കായി 35000 കി.മി. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍വ്വേയും , 8 ലക്ഷം കെഎസ്ഇബി പോസ്റ്റുകളുടേയും സര്‍വ്വ പൂര്‍ത്തീകരിച്ചിരുന്നു. കെഎസ്ഇബി പോസ്റ്റുകള്‍ വഴി കേബിള്‍ ഇടുന്നതിനുള്ള വാടകയില്‍ നിന്നും 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം നൽകിയിരുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഘോഷിച്ച് പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയപ്പോള്‍, ആഗസ്റ്റില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2021 ഡിസംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാ മൂലം മറുപടിയും നല്‍കി. എന്നാൽ ലക്ഷ്യമിട്ട 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ 7696 ഓഫീസുകളില്‍ മാത്രമാണ് കെഫോണ്‍ എത്തിയത്. ഇതില്‍ 1549 എണ്ണത്തില്‍ മാത്രമാണ് ഇന്‍റര്‍നെറ്റ് സൌകര്യം ഒരുക്കിയത്. കെ ഫോണിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലെ പദ്ധതി പുരോഗതി റിപ്പോര്‍ട്ടിൽ നിന്നും മനസിലാക്കാം.

26410 കി.മി കേബിള്‍ സ്ഥാപിക്കേണ്ട സ്ഥാനത്ത് 7932 കി.മി. മാത്രമാണ് പൂര്‍ത്തിയായത്. കേബിള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ, വനം വകുപ്പ്, നാഷണല്‍ ഹൈവേ, ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്ന്
റൈറ്റ് ഓഫ് വേ വൈകുന്നതാണ് പദ്ധതിക്ക് തടസമാകുന്നതെന്നാണ് സർക്കാർ പറയുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല. പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതെങ്കിലും ഈ വര്‍ഷം അവസാനത്തോടെയും പദ്ധതി പൂര്‍ത്തികരിക്കുമെന്ന പ്രഖ്യാപനവും നടപ്പിലാവില്ലെന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button