KeralaLatest NewsIndia

ആ ‘കാരണഭൂതൻ’ തയ്യാറാക്കിയത് ആർഎസ്എസുകാരൻ! ആരോപണവുമായി അശോകൻ ചെരുവിൽ, പാർട്ടിക്കുള്ളിലോ എന്ന് സിവിക് ചന്ദ്രൻ

ആർ.എസ്.എസ്.അനുഭാവിയായ ഒരാളെ ആ കലാപരിപാടി ചിട്ടപ്പെടുത്താൻ ഏൽപ്പിച്ചത് എന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടതാണ്.

തിരുവനന്തപുരം: വിവാദമായ പിണറായി സ്തുതി മെഗാ തിരുവാതിരയിലെ ലിറിക്സ് തയാറാക്കിയത് ആർഎസ്എസുകാരനെന്ന ആരോപണവുമായി പുരോഗമന കലാ സാഹിത്യ സംഘം ( പു.ക.സ.) ജനറൽ സെക്രട്ടറി അശോകൻ ചെരുവിൽ രംഗത്ത്. ഇതിനെ പരിഹസിച്ചു സിവിക് ചന്ദ്രനും രംഗത്തെത്തി.

അശോകൻ ചെരുവിലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

തിരുവാതിരക്കളിയും പുരോഗമനപ്രസ്ഥാനങ്ങളും.
സി.പി.ഐ.എമ്മിൻ്റെ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പാറശ്ശാലയിലെ പ്രാദേശിക സംഘാടകസമിതി സംഘടിപ്പിച്ച തിരുവാതിരക്കളി അവതരണം മൂന്ന് കാര്യങ്ങൾ കൊണ്ടാണ് അവിവേകമായത്. ഒന്ന് ഇടുക്കിയിലെ കോളേജിൽ കടന്ന് യൂത്ത് കോൺഗ്രസ്സുകാർ കൊലചെയ്ത സഖാവ് ധീരജിൻ്റെ ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടക്കുന്ന സമയമായിരുന്നു അത്. രണ്ട് കോവിഡ് പടരുന്ന സാഹചര്യത്തിൽ 500 പേരെ പങ്കെടുപ്പിച്ച് നടത്തിയത് ശരിയല്ല. മൂന്ന് അത്യന്തം വികലമായ ഒരു സാഹിത്യമാണ് അതിന് ഉപയോഗിക്കപ്പെട്ടത്. ആർ.എസ്.എസ്.അനുഭാവിയായ ഒരാളെ ആ കലാപരിപാടി ചിട്ടപ്പെടുത്താൻ ഏൽപ്പിച്ചത് എന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടതാണ്.

എന്നാൽ ഫ്യൂഡൽ കാലത്തിൻ്റെ സംഭാവനയാകയാൽ തിരുവാതിര എന്ന കലാരൂപത്തെ പുരോഗമനജനാധിപത്യവേദികളിൽ അവതരിപ്പിച്ചു കൂടാ എന്ന വിമർശനത്തോട് യോജിക്കാനാവില്ല. ക്ലാസിക്കലും നാടോടിയുമായി ലഭിച്ച കലാരൂപങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഒരു സമൂഹത്തിനും മുന്നോട്ടു പോകാനാവില്ല. മോഹിനിയാട്ടവും ഭരതനാട്യവും കർണാടിക് സംഗീതവും ഉപേക്ഷിക്കാനാവുമോ? ഫ്യൂഡൽ അവിശിഷ്ടജീർണ്ണതകളോടുള്ള സമരം പ്രധാനമാണ്. പക്ഷേ അക്കാലത്തും കല നിർമ്മിച്ചത് ജനങ്ങളാണ് എന്നത് ഓർക്കണം. കല്ലുകടുക്കൻ അഴിച്ചെടുത്ത് കാരണവരെ പട്ടടയിൽ വെക്കുക എന്ന നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത്.

തിരുവാതിരക്കളി (കൈകൊട്ടിക്കളി എന്നപോലെ) തികച്ചും ജനകീയമായ കലാരൂപമാണ്. കാര്യമായ പഠനവും പരിശീലനവുമില്ലാതെ ആളുകൾക്ക് പങ്കെടുക്കാം. പണിയെടുക്കുന്ന മനുഷ്യർ വിശ്രമവേളകളിൽ ഒത്തുകൂടി ചുവടുവെച്ച് നടത്തുന്ന ഇത്തരം നൃത്തരൂപങ്ങൾ എല്ലാ സമൂഹത്തിലുമുണ്ട്. കാണുന്നവരേക്കാളേറെ പങ്കെടുക്കുന്നവർക്ക് വലിയ മാനസീകോല്ലാസമാണ് അത് നൽകുന്നത്.

തിരുവാതിരക്കളി സ്ത്രീശരീരത്തിൻ്റെ ആവിഷ്ക്കാരമാണ് എന്നതാണ് മറ്റൊരു വിമർശനം. അതിൽ സംശയമില്ല. ഏതാണ്ട് എല്ലാ നൃത്തരൂപങ്ങളും ശരീരത്തിൻ്റെ ആവിഷ്ക്കാരങ്ങളാണ്. അതിൻ്റെ പേരിലാണ് മതപൗരോഹിത്യങ്ങൾ അവയെ വിലക്കുന്നത്. നൃത്തങ്ങളിലെ സർഗാത്മകമായ ലൈംഗീകത അസഹ്യമായി തോന്നുന്നവർ അതു പോയി കാണാതിരിക്കുക എന്നല്ലാതെ എന്തു പറയാനാണ്.
അശോകൻ ചരുവിൽ
16 101 2022

സിവിക് ചന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആർ എസ് എസ് അനുഭാവിയായ ഒരാളെ ആ കലാപരിപാടി, (പാറശാലയിലെ സി പി എം മഹിളകളുടെ തിരുവാതിരക്കളി മഹാമഹം )
ചിട്ടപ്പെടുത്താൻ ഏല്പിച്ചത് എന്തുകൊണ്ട് എന്ന് പരിശോധിക്കേണ്ടതാണ് -അശോകൻ ചരുവിൽ

ആ ‘കാരണഭൂതൻ’പിണറായിസ്തുതി തയ്യാറാക്കിയത് ആർഎസ്എസുകാരൻ! ( പാർടിക്കകത്തുള്ളയാളോ പുറത്തുള്ളയാളോ ?)
സാംസ്കാരിക രംഗത്തും
‘കമ്മി -സംഘി’ ബാന്ധവമെന്നോ പുരോഗമന കലാ സാഹിത്യസംഘം
സെക്രട്ടറി ഏറ്റുപറയുന്നത് ?

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button